ADVERTISEMENT

നിലമ്പൂർ ∙ തിരുനാവായ കൊടയ്ക്കൽ സിഎസ്ഐ ആശുപത്രിയിൽ നിന്ന് 2014ൽ വിദഗ്ധ ചികിത്സയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ച റാണി സരളാദേവിയും മകൻ അസറിയ ആൻസലമും എവിടെ? അന്തരിച്ച റവ. എ.സെൽവനോസിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദ്യത്തിന് ഉത്തരം തേടാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. സിഎസ്ഐ സഭാ വൈദികനായിരുന്ന റവ.സെൽവനോസിന്റെ ഭാര്യയാണ് റാണി സരളാദേവി.

മാനസിക വെല്ലുവിളി നേരിടുന്ന മകൻ അസറിയ ആൻസലം ഏകമകനും. തിരുവനന്തപുരം നെയ്യാറ്റിൻകര പളുക സ്വദേശിയായ റവ.സെൽവനാേസ് മണിമൂളി പാലാട്, മാനന്തവാടി, ചക്കിട്ടപാറ, ഇരിട്ടി, അറബി, ഷാെർണൂർ ഇടവകകളിൽ സേവനം ചെയ്തിട്ടുണ്ട്. മകൾ അനിഷ പ്രിയ 14-ാം വയസ്സിൽ ഹൃദ്രോഗ ബാധിതയായി മരിച്ചതോടെ റവ.സെൽവനോസിന് വിഷാദ രോഗം പിടിപെട്ടു. പിന്നീട് രോഗം മൂർഛിച്ച് നാട് നീളെ അലയാൻ തുടങ്ങി. 2014ൽ റാണി സരളാദേവിയുടെ കാലൊടിഞ്ഞിരുന്നു.

റവ.സെൽവാനോസ് ഭാര്യയെ കൊടയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ ഒപ്പമാക്കി പോയി. ഇടയ്ക്കിടെ ആശുപത്രിയിൽ ചെന്നിരുന്ന റവ.സെൽവനോസ് കുറെ ദിവസം എത്തിയില്ല. ഇതിനിടെ ആശുപത്രി അധികൃതർ ഒരു ദിവസം റാണി സരളാദേവിയെ തൃശൂരിലേക്ക് റഫർ ചെയ്തു. മകനെയും കൂട്ടി ഓട്ടോയിലാണ് വിട്ടത്. നാളുകൾക്ക് ശേഷം ആശുപത്രിയിലെത്തിയ റവ.സെൽവനോസ് ഭാര്യയെയും മകനെയും കാണാതെ കൂടുതൽ അസ്വസ്ഥനായി. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ലോട്ടറി ടിക്കറ്റ് വിറ്റും, പഴയ സാധനങ്ങൾ പെറുക്കിയും അലഞ്ഞു.

ചുങ്കത്തറയിലെ ജീവകാരുണ്യ പ്രവർത്തകനായ പ്രിയങ്ക ജോസ് സുഹൃത്തുക്കളുടെ സഹായത്തോടെ 2021 അവസാനം റവ.സെൽവനോസിനെ കാളികാവ് ഹിമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഹിമയുടെ പരിചരണത്തിൽ മാനസിക നില മെച്ചപ്പെട്ടു. ഭാര്യയെയും മകനെയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതിനിടെ ജോസ് പാറശാലയിലെത്തി റവ.സെൽവനോസിന്റെ ബന്ധുക്കളെ തേടിപ്പിടിച്ചു. അദ്ദേഹത്തെ കാണാൻ അവരിൽ ചിലരെത്തുകയും ചെയ്തു. എല്ലാവരും ചേർന്ന് റാണി സരളാദേവി, അസറിയ എന്നിവർക്കായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ജോസ് സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിൽ കാെടയ്ക്കലിൽ നിന്ന് ഇരുവരെയും തൃശൂരിലേക്കു കൊണ്ടുപോയ ഓട്ടോ ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചു. ഡ്രൈവർ മരിച്ചതിനാൽ അവിടെയും വഴിമുട്ടി. 2022 ഡിസംബർ 15ന് 74-ാം വയസ്സിൽ റവ.സെൽവനോസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇപ്പോൾ റാണി സരളാദേവിക്ക് 65 ഉം മകന് 42 ഉം വയസ്സ് പ്രായം കാണും. ഇരുവരും ഏതോ ശരണാലയത്തിൽ കഴിയുന്നുണ്ടെന്നാണ് ജോസും ബന്ധുക്കളും വിശ്വസിക്കുന്നത്. റവ. സെൽവനോസിന് നാട്ടിലും ഷൊർണൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലും സ്വത്തുക്കളുള്ളപ്പോഴാണ് അനാഥരെപ്പോലെ കഴിയുന്നത്.

English Summary:

Where are Rani Saraladevi and her son Azaria Ansalam who were sent to Thrissur Medical College Hospital?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com