ADVERTISEMENT

തേഞ്ഞിപ്പലം ∙ പരിസരത്തെ വീട്ടുകാരെ ഉയരപ്പറമ്പുകളിലാക്കി കോഹിനൂരിനടുത്ത് ആഴപ്പാതയായി സർവീസ് റോഡ്. പാണമ്പ്രയ്ക്കും കോഹിനൂരിനും ഇടയിൽ അര കിലോമീറ്ററിൽ പുതുതായി സർവീസ് റോഡ് നിർമിച്ചത് 5 മീറ്റർ താഴ്ചയിൽ മണ്ണെടുത്തു സ്ഥലമൊരുക്കിയ ശേഷമാണ്. മുൻപ് റോഡും പരിസരത്തെ വീടുകളും ഏതാണ്ട് ഒരേ ഭൂനിരപ്പിലായിരുന്നു. സർവീസ് റോഡ് നിർമിച്ചതോടെ വീട്ടുകാർക്കു റോഡിലിറങ്ങൽ ക്ലേശമായി.

പാണമ്പ്രയിൽ വളവ് ഒഴിവാക്കി ദേശീയപാത നിർമിച്ചതിനെ തുടർന്ന് ബാക്കിയായ സ്ഥലം മണ്ണെടുത്ത് താഴ്‌ത്തുന്നു.
പാണമ്പ്രയിൽ വളവ് ഒഴിവാക്കി ദേശീയപാത നിർമിച്ചതിനെ തുടർന്ന് ബാക്കിയായ സ്ഥലം മണ്ണെടുത്ത് താഴ്‌ത്തുന്നു.

പലർക്കും വീട്ടിലേക്ക് ചെങ്കുത്തായ വഴി ഒരുക്കിയിട്ടുണ്ട്. അതുവഴി വാഹനം എത്തിക്കലും വയോധികർക്ക് നടന്നുകയറലും ബുദ്ധിമുട്ട്. മിക്കയിടത്തും സർവീസ് റോഡ് നിലവിലുള്ള ഭൂനിരപ്പിൽ തന്നെയാണ് നിർമിച്ചത്. കോഹിനൂർ ചർച്ച് പരിസരം മുതൽ പാണമ്പ്ര ഭാഗത്തേക്കും സർവീസ് റോഡ് നിർമാണം തുടങ്ങിയിട്ടുണ്ട്. അതും ആഴപ്പാതയാണ്. ആ മേഖലയിലെ ഗ്രാമീണ റോഡുകളെ ആശ്രയിക്കുന്നവർക്ക് ആഴപ്പാത കെണിയാകും. 

കേസ് ഇന്ന് പരിഗണിക്കും 
∙കോഹിനൂരിൽ അടിപ്പാത വേണമെന്ന ആവശ്യം എൻഎച്ച് അതോറിറ്റി തള്ളിയതിന് എതിരായ കേസ് ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരികയാണ്. പലരും കേസിൽ കക്ഷിചേരാനും തീരുമാനിച്ചിട്ടുണ്ട്. കേസിൽ കക്ഷി ചേരാൻ തേഞ്ഞിപ്പലം പ‍ഞ്ചായത്ത് അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി സ്ഥിരസമിതി അധ്യക്ഷൻ എം.സുലൈമാൻ പറഞ്ഞു.  

അടിപ്പാത വിഷയത്തിൽ എൻഎച്ച് അതോറിറ്റിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഇല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ പഞ്ചായത്ത് ഭരണസമിതി നേരത്തേ തന്നെ തീരുമാനം എടുത്തതായും അദ്ദേഹം അറിയിച്ചു. അതിനിടെ സർവീസ് റോഡും ആഴപ്പാതയായത് ഇരുട്ടടിയായി. ആറുവരിപ്പാത പൂർത്തിയാകുന്നതോടെ കോഹിനൂർ രണ്ടായി മുറിയും. ചെറിയ അങ്ങാടികളിൽ പോലും മേൽപാലമോ, അടിപ്പാതയോ നിർമിച്ച എൻഎച്ച് അതോറിറ്റി കോഹിനൂരിനെ അവഗണിക്കില്ലെന്ന് ധരിച്ച പൊതുജനങ്ങളിൽ പലരും എല്ലാം കൈവിട്ട ശേഷമാണ് ‘ആപത്ത്’ തിരിച്ചറിഞ്ഞത്. 

കാലി സ്ഥലത്തും മണ്ണെടുപ്പ്
∙പാണമ്പ്രയിൽ വളവ് ഒഴിവാക്കിയപ്പോൾ കിഴക്കുവശത്തെ ഭൂമി ബാക്കിയായി. 
പക്ഷേ, ആ കാലി സ്ഥലത്തെ മണ്ണ് മറ്റുസ്ഥലങ്ങളിൽ എൻഎച്ച് നിർമാണത്തിന് ഉപയോഗിക്കുകയാണ്. അതോടെ പാണമ്പ്രയിൽ വീണ്ടും പാതയോരത്ത് കൊക്കയായി. സർവീസ് റോഡിൽ അപകടം സംഭവിച്ചാൽ വാഹനങ്ങൾ താഴ്ചയിൽ വീഴാനുള്ള സാധ്യതയുമേറി. മുൻപ് പാണമ്പ്ര വളവിൽ വാഹനാപകടങ്ങളിൽ പലപ്പോഴായി 52 പേരാണ് മരിച്ചത്. അതിൽ‍ 40 പേരും മരിച്ചത് വളവിൽ കൊക്കയിലേക്ക് വാഹനങ്ങൾ മറി‍‍ഞ്ഞാണ്.

English Summary:

National Highway 66 construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com