ADVERTISEMENT

പാലക്കാട് ∙ ‘എലിയെ പേടിച്ച് ഇല്ലം ചുടുക’ എന്നു കേട്ടിട്ടില്ലേ, അതുപോലെ വണ്ടിനെ പേടിച്ചു വീടുവിട്ടുപോയ സംഭവം ഉണ്ടായിട്ടുണ്ട്. വെറും വണ്ടല്ല, മുപ്ലി വണ്ട് എന്ന കോട്ടെരുമ. കാണാൻ കുഞ്ഞാണെങ്കിലും ഇവന്റെ കൂട്ടമെത്തുന്ന സ്ഥലത്തെ ആളുകൾക്കു പിന്നെ ഉറക്കമില്ലാ നാളുകളാണ്. വേനൽക്കാലത്താണ് ഇവ കൂടുതലായും എത്തുന്നത്. മഴപെയ്യുന്ന ദിവസങ്ങളിൽ പൊതുവേ ശല്യം കുറവായിരിക്കും. എന്നാൽ ഒരു ദിവസം മഴ പെയ്ത് പിറ്റേ ദിവസം മഴയില്ലെങ്കിൽ ലൈറ്റിടാൻ പറ്റാത്ത അവസ്ഥയാണെന്നു പ്രദേശവാസികൾ പറയുന്നു. 

രാത്രിയിൽ വീടിനു വെളിയിൽ ലൈറ്റ് ഇട്ടുകഴിഞ്ഞാൽ ഭിത്തി കാണാനാകാത്ത രീതിയിൽ അവ നിറയും. വീടിന്റെ അകത്തുകയറി കഴിഞ്ഞാൽ ഭക്ഷണം ഉൾപ്പെടെ എല്ലാം നാശമാക്കും. ഇതിന്റെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ആസിഡ്  ശരീരത്തു പറ്റിയാൽ ചുവന്ന പാടുകളും കുരുക്കളും ഉണ്ടാകുന്നതു വഴി അലർജിക്കും കാരണമാകുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അലനല്ലൂർ എസ്റ്റേറ്റ്പടിയിലെ പാങ്ങയിൽ മൊയ്തീൻകുട്ടിയുടെ മൂന്നംഗ കുടുംബം വീടുവിട്ടുപോയതും കോട്ടെരുമയുടെ ശല്യം സഹിക്കവയ്യാതെയാണ്. ആനക്കര, കപ്പൂർ മേഖലയിലും മുപ്ലിവണ്ട് പ്രശ്നം ചെറിയതോതിലുണ്ട്. ശ്രീകൃഷ്ണപുരത്തും പരിസര പ്രദേശങ്ങളിലും മഴ പെയ്തതിനാൽ ശല്യം കുറവുണ്ടെന്നു പ്രദേശവാസികൾ  പറയുന്നു.

കോട്ടെരുമയെ  ഒരുപരിധിവരെ തുരത്താൻ ഉപയോഗിക്കാവുന്ന  ചില മാർഗങ്ങൾ:
∙ വീട്ടിനുള്ളിൽ കുന്തിരിക്കവും കർപ്പൂരവും പുകയ്‌ക്കുക.
∙ വണ്ടുകൾ കൂട്ടമായെത്തിയാൽ മണ്ണെണ്ണ സ്‌പ്രേ ചെയ്യുക.
∙ പുൽത്തൈലം ചകിരിയിൽ പുരട്ടി പുകയ്‌ക്കുന്നതും നല്ലതാണ്.
∙ ‘വേപ്പെണ്ണ എമൽഷൻ’ – ഒരു ലീറ്റർ ചെറു ചൂടുവെള്ളത്തിൽ ഒരു ചെറിയ കഷണം ബാർ സോപ്പ് അലിയിച്ച് അതിലേക്കു 200 മില്ലിലീറ്റർ വേപ്പെണ്ണ ചേർത്ത് ആവശ്യമായ ഇടങ്ങളിൽ തളിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com