ദേശീയപാത വികസനം: സർവീസ് റോഡുകൾ അടക്കം മണ്ണിൽ കുതിർന്നു; മഴവെള്ളം പാതയോരത്തെ വീടുകളിലേക്ക്
Mail This Article
വളാഞ്ചേരി ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനു അതത് സമയങ്ങളിൽതന്നെ നടപടി വേണമെന്ന ആവശ്യം ശക്തം. മഴ തകർത്തു പെയ്തതോടെ സർവീസ് റോഡുകൾ അടക്കം മണ്ണിൽ കുതിർന്ന സ്ഥിതിയിലാണ്. ഓടനിർമാണം പൂർത്തിയാവാത്തതിനാൽ മഴവെള്ളം പാതയോരത്തെ വീടുകളിലേക്ക് ഒഴുകുന്ന അവസ്ഥയുമുണ്ട്. പല ഭാഗങ്ങളിലും സർവീസ് റോഡിനു വേണ്ടത്ര വീതി ഇല്ലാത്തത് അപകടഭീഷണി ഉയർത്തുന്നു. ചിലഭാഗങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മൂച്ചിക്കൽ–കുറ്റിപ്പുറം റോഡിൽ മുക്കിലപ്പീടികയിൽ അടിപ്പാതയുടെ നിർമാണം സജീവമാണ്.
മുക്കിലപ്പീടിക ജംക്‌ഷനു മുന്നിലാണ് അടിപ്പാത. ഇവിടെ ഒരു ഭാഗം പാലം നിർമാണം പൂർത്തിയായിട്ടുണ്ട്. മറുഭാഗത്ത് പാതയോരം കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന പണി നടക്കുകയാണ്. ഇവിടെ റോഡിനു സമീപം വിള്ളൽ കണ്ടത് കആശങ്കയുണ്ടാക്കിയിരുന്നു. ചരക്കുവാഹനങ്ങൾ കടന്നുപോകുമ്പോൾ അരികിടിയാനും സാധ്യതയുണ്ട്. രാപകൽ വ്യത്യാസമില്ലാതെ ദീർഘദൂര ബസുകളും ഓടുന്നു. പാണ്ടികശാല ഭാഗത്ത് ആദ്യമഴയിൽ തന്നെ പാതയോരത്തെ വീടുകളിലേക്ക് വെള്ളംകയറിയ അനുഭവവുമുണ്ടായി.