ADVERTISEMENT

നിലമ്പൂർ ∙ തെളിവെടുപ്പിനെത്തിച്ചപ്പോൾ മനോവിഭ്രാന്തി പ്രകടിപ്പിച്ച് നിഷാമോൾ വധക്കേസിലെ പ്രതി ചെറുവള്ളിപ്പാറ ഷാജി. ജീപ്പിൽനിന്ന് ഇറക്കിയപ്പോൾ ഉച്ചത്തിൽ നിലവിളിക്കുകയും തളർച്ച പ്രകടിപ്പിക്കുകയും ചെയ്ത ഇയാൾ, കുറ്റകൃത്യം നടത്തിയ അടുക്കളയിലും കരച്ചിൽ ആവർത്തിച്ചു. പൊലീസ് ശാസിച്ചതോടെ ശാന്തനായി. സംഭവത്തിനു ദൃക്സാക്ഷിയായതിന്റെ നടുക്കം വിട്ടുമാറാത്ത മുഖവുമായി ഷാജിയുടെയും നിഷാമോളുടെയും മൂത്ത മകൻ ഷാൻ (14) ബന്ധുക്കൾക്കൊപ്പം തെളിവെടുപ്പിനു മുൻപു ക്വാർട്ടേഴ്സ് പരിസരത്തെത്തിയിരുന്നു. ഇടയ്ക്ക് അകത്തേക്കു വിളിച്ച് ഷാനിനോട് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്ഥലത്തു നാട്ടുകാരും തടിച്ചുകൂടിയിരുന്നു.

വലിയപീടിയേക്കൽ മുഹമ്മദ് നിസാമിന്റേതാണു കൊലപാതകം നടന്ന വാടക ക്വാർട്ടേഴ്സ്. നിഷാമോളുടെ മാതാവ് ഷിബയ്ക്കു ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ പണി നടക്കുന്നതിനാൽ, വാടകയില്ലാതെ ഒരു മാസത്തേക്കു താമസിക്കാൻ ക്വാർട്ടേഴ്സ് വിട്ടുനൽകിയതാണെന്നു നിസാം പറഞ്ഞു.ഇൻസ്പെക്ടർ എ.എൻ.ഷാജു, എസ്ഐമാരായ സി.ഗിരീഷ് കുമാർ, തോമസുകുട്ടി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയിലാണു പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്.

ഭാര്യയെ വെട്ടിക്കൊന്ന സംഭവം; തെളിവെടുപ്പ് നടത്തി
നിലമ്പൂർ ∙ മമ്പാട് പുള്ളിപ്പാടത്തു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജിയുടെ (43) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുറ്റകൃത്യം നടത്തിയ ശേഷം നിലമ്പൂർ സ്റ്റേഷനിൽ ഹാജരായ പ്രതിയെ ഇൻസ്പെക്ടർ എ.എൻ.ഷാജുവിന്റെ നേതൃത്വത്തിൽ ഇന്നലെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു.



നിഷാമോളുടെ കൊലപാതകം നടന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പു നടത്തുന്നതറിഞ്ഞ് എത്തിയ ആൾക്കൂട്ടം.
നിഷാമോളുടെ കൊലപാതകം നടന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പു നടത്തുന്നതറിഞ്ഞ് എത്തിയ ആൾക്കൂട്ടം.

പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടിൽ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകളായ നിഷാമോൾ (32), 26നു വൈകിട്ട് 6.30ന് പുള്ളിപ്പാടം അങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ അടുക്കളയിൽ മക്കളുടെ കൺമുൻപിലാണു കൊല്ലപ്പെട്ടത്. അഞ്ചേകാലോടെ കോഴിയിറച്ചി വാങ്ങി ക്വാർട്ടേഴ്സിലെത്തിയ ഷാജിയും പാചകം ചെയ്യുകയായിരുന്ന നിഷാമോളുമായി വാക്കേറ്റമുണ്ടായി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ വെട്ടുകത്തിയെടുത്തു നാലു തവണ വെട്ടുകയായിരുന്നെന്നു പ്രതി വിശദീകരിച്ചു.നിഷാമോൾ നിലത്തു വീണതോടെ പുറത്തുകടന്ന് ബൈക്കിൽ സ്റ്റേഷനിലെത്തി കീഴടങ്ങി. അതേസമയം, വൈരുധ്യങ്ങൾ ഉള്ളതിനാൽ മൊഴി പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല.

സംഭവം നടക്കുമ്പോൾ മക്കളായ ഷാൻ, ഹെനൻ എന്നിവർ മുറ്റത്തു കളിക്കുകയായിരുന്നു. വീട്ടിനുള്ളിൽ നിന്ന് ഇളയവരായ നേഹ, ഹെന്ന എന്നിവരുടെ കരച്ചിൽ കേട്ട് അടുക്കളയിൽ ഓടിച്ചെന്നപ്പോൾ അമ്മ നിലത്തു കിടക്കുന്നതാണു കണ്ടതെന്നു ഷാൻ മാെഴി നൽകി. വെള്ളം കൊടുത്തപ്പോൾ ചോര വരുന്നതു കണ്ടു. ഓടി തൊട്ടടുത്തു താമസിക്കുന്ന വീട്ടുടമയെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ കാറിൽ നിഷാമോളുടെ സഹോദരൻ സിജോ, നാട്ടുകാരായ വി.പി.അഷ്റഫ്, കാട്ടത്തറയിൽ സിദ്ദീഖ് എന്നിവർ ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. വെട്ടേറ്റതല്ല, തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനമെന്ന് അറിയുന്നു. വെട്ടാനുപയോഗിച്ചതെന്നു പ്രതി പറയുന്ന കത്തി അടുക്കളയിൽ നിന്ന് കിട്ടി. പ്രതിയുടെയും നിഷാമാളുടെയും മൊബൈൽ ഫോണുകളും പ്രതിയുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ശാസ്ത്രീയ കുറ്റാന്വേഷണ, വിരലടയാള വിദഗ്ധർ എത്തി തെളിവെടുത്തു.

നിഷാമോളുടെ മൃതദേഹം മുപ്പിനി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  ഡിവൈഎസ്പി ടി.എം.വർഗീസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിച്ച് ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ ഉത്തരവിട്ടു. തുടരന്വേഷണത്തിനു പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com