ഇവിടെ ജീവിക്കേണ്ടതാണ്, പ്രതികരിക്കാനില്ല; പെൺകുട്ടിക്ക് സുരക്ഷയൊരുക്കിയവർ പറയുന്നു
Mail This Article
ചങ്ങനാശേരി ∙ നഗരമധ്യത്തിൽ ഞായറാഴ്ച രാത്രി മാതാപിതാക്കളോടൊപ്പം നടന്നുപോയ പെൺകുട്ടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. കുറിച്ചി എസ് പുരം കുഞ്ഞൻ കവല ചാലുമാട്ടുതറ വീട്ടിൽ അരുൺ ദാസി (25)നെയാണ് പൊലീസ് കുറിച്ചി ഭാഗത്തെ വീട്ടിൽനിന്നു രാവിലെ പിടികൂടിയത്.പെരുന്ന ഹിദായത്ത് നഗർ നടുതലമുറി പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (24), ഫാത്തിമാപുരം കപ്പിത്താൻപടി തോട്ടുപറമ്പിൽ വീട്ടിൽ അഫ്സൽ സിയാദ് (കുക്കു–22) എന്നിവരെ സംഭവസ്ഥലത്തുനിന്നു പിടികൂടിയിരുന്നു. അരുൺ ദാസിനെതിരെ ചിങ്ങവനം സ്റ്റേഷനിലും ബിലാലിനെതിരെ ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിലും അഫ്സലിനെതിരെ തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനൽ കേസുണ്ടെന്നു പൊലീസ് പറഞ്ഞു.
ചങ്ങനാശേരി എസ്എച്ച്ഒ ബി.വിനോദ് കുമാർ, എസ്ഐമാരായ എം.ജയകൃഷ്ണൻ, പി.എം.അജി, എം.കെ.അനിൽകുമാർ, കെ.എൻ.നൗഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ കുഞ്ചെറിയ, ചാക്കോ, അനിൽകുമാർ, ഡെന്നി ചെറിയാൻ, അനിൽ രാജ്, തോമസ് സ്റ്റാൻലി, അതുൽ മുരളി, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി. നാട്ടുകാരും എംഎൽഎയും ആവർത്തിച്ച് അറിയിച്ചിട്ടും സംഭവസ്ഥലത്തെത്താൻ പൊലീസ് വൈകിയെന്ന് പരാതിയുണ്ട്.
ഇവിടെ ജീവിക്കേണ്ടതാണ്; പ്രതികരിക്കാനില്ല
നഗരമധ്യത്തിൽ രാത്രി അതിക്രമം നേരിട്ട പെൺകുട്ടിക്ക് സുരക്ഷയൊരുക്കിയത് മുനിസിപ്പൽ ആർക്കേഡിലെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരുമാണ്. യുവാക്കൾ മുളകുസ്പ്രേ പ്രയോഗിച്ചെങ്കിലും മനോധൈര്യം വിടാതെ യുവാക്കളെ കായികമായി കീഴ്പ്പെടുത്തി. ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നാണു വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും പറയുന്നത്. പുറത്തിറങ്ങിയാൽ ഒരാളെയും വെറുതെവിടില്ലെന്നു പൊലീസിന്റെയും എംഎൽഎയുടെയും സാന്നിധ്യത്തിലാണു പ്രതികൾ ഭീഷണി മുഴക്കിയത്. പ്രതികൾ ഒട്ടേറെ ക്രിമിനൽ കേസിലും ലഹരിക്കേസിലും പ്രതികളാണ്. ഒന്നും പറയില്ല, പേടിയാണ് – ഒരു വ്യാപാരി പറഞ്ഞു.
പൊലീസ് സ്റ്റേഷന്റെസമീപത്ത്
സംഭവം നടന്ന വാഴൂർ റോഡിലെ മുനിസിപ്പൽ ആർക്കേഡിൽനിന്നു ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ വരെ 700 മീറ്ററാണു ദൂരം. 5 മിനിറ്റിനുള്ളിൽ പൊലീസിനു വാഹനത്തിൽ എത്താമായിരുന്നു. ഞായാറാഴ്ചയായതിനാൽ റോഡിൽ തിരക്കു കുറവ്.എന്നിട്ടും പൊലീസ് എത്തിയത് അരമണിക്കൂർ കഴിഞ്ഞിട്ടെന്നു നാട്ടുകാർ പറയുന്നു.പെൺകുട്ടി തന്നെ കൺട്രോൾ റൂം നമ്പറിലേക്ക് വിളിച്ചതാണ്.നാട്ടുകാരും വിളിച്ചു. എസ്എച്ച്ഒയെ ജോബ് മൈക്കിൾ എംഎൽഎ നേരിട്ട് വിളിച്ചശേഷമാണ് 2 പൊലീസ് വാഹനങ്ങൾ എത്തിയത്. ഇതിനിടെ പ്രധാന പ്രതി അരുൺ കടന്നു.അരുണിനെ രക്ഷപ്പെടുത്താൻ മുളക് സ്പ്രേ പ്രയോഗിച്ച ബിലാൽ കാപ്പാ കേസിൽ നാടുകടത്തപ്പെട്ടശേഷം കഴിഞ്ഞ മാസമാണ് തിരികെ നാട്ടിലെത്തിയത്.ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ തങ്ങൾക്കും നാട്ടുകാർക്കും സ്ഥിരം തലവേദനയാണെന്നു പൊലീസ് തന്നെ പറയുന്നു.
മുളകുസ്പ്രേ ചെയ്ത് ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. പൊലീസ് പറയുന്നത് സംഭവസ്ഥലത്ത് കൃത്യസമയത്ത് എത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. രാത്രി 9.04നാണ് ഫോണിൽ എംഎൽഎ വിവരം അറിയിച്ചത്. 9.07നു തന്നെ 2 വാഹനങ്ങളിൽ പൊലീസ് സ്ഥലത്തെത്തിയെന്ന് എസ്എച്ച്ഒ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഇതു വ്യക്തമാണെന്നും വിശദീകരണം.എംഎൽഎ പറയുന്നത് വിവരം അറിയിച്ചിട്ടും 12 മിനിറ്റ് കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് ജോബ് മൈക്കിൾ എംഎൽഎ. ഇടയ്ക്ക് വിളിക്കുമ്പോഴെല്ലാം ഉടൻ എത്തുമെന്നായിരുന്നു പൊലീസിന്റെ മറുപടി. ഓട്ടോയിൽ കുടുംബത്തെ സ്റ്റേഷനിൽ എത്തിച്ചു. കർശന നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടാണ് മടങ്ങിയതെന്നും എംഎൽഎ പറഞ്ഞു.
സംഭവം ഇങ്ങനെ
മാതാപിതാക്കളോടൊപ്പം 8.45നു വാഴൂർ റോഡിൽ മുനിസിപ്പൽ ആർക്കേഡിനു മുൻപിലൂടെ നടക്കുന്നതിനിടെയാണ് പെൺകുട്ടിക്കു നേരെ അരുണിന്റെ അതിക്രമമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി തന്നെ ആക്രമിച്ചയാളെ തടയുകയും ചൊദ്യം ചെയ്യുകയും ചെയ്തു. സംഭവം കണ്ട വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും അരുണിനെ തടഞ്ഞ് പൊലീസിൽ അറിയിച്ചു. പ്രതിയെ പൊലീസിൽ ഏൽപിക്കണമെന്നു പെൺകുട്ടി പറഞ്ഞു.ഈ സമയം അവിടെയെത്തിയ പ്രതിയുടെ സുഹൃത്തുക്കളായ ബിലാലും അഫ്സലും നാട്ടുകാർക്കും പെൺകുട്ടിക്കും നേരെ മുളകു സ്പ്രേ ചെയ്തു.
ബഹളത്തിനിടെ അരുൺദാസ് കടന്നു.ബിലാലിനെയും അഫ്സലിനെയും നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി.സ്ഥലത്ത് എത്തിയ ജോബ് മൈക്കിൾ എംഎൽഎ പൊലീസിനെ വരുത്തുകയായിരുന്നു. പൊലീസ് എത്തി അക്രമികളെ ജീപ്പിൽ കയറ്റവേ ഇവർ നാട്ടുകാർക്കെതിരെ ഭീഷണി മുഴക്കി.