ADVERTISEMENT

തേഞ്ഞിപ്പലം ∙ കുത്തനെ നിരനിരയായി നിശ്ചിത അകലങ്ങളിൽ പൈപ്പുകൾ സ്ഥാപിച്ച് വെള്ളച്ചാട്ടം തടഞ്ഞപ്പോൾ‌ പുതിയ ‘കെണിയായി’ ജലപ്രവാഹം. എൻഎച്ച് 66ൽ സർവീസ് റോഡുകൾ വഴി പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ക്ലേശം സൃഷ്ടിച്ചാണ് മഴവെള്ളത്തിന്റെ കുത്തൊഴുക്ക്. മഴയത്ത് മാത്രമാണ് പ്രശ്നം. മഴ തോർന്ന് വെള്ളമൊഴിഞ്ഞാൽ പിന്നെ അടുത്ത മഴ വരെ കുഴപ്പമില്ല. സർവീസ് റോഡിന് അരികെ ഓട നിർമിക്കാത്ത ഭാഗങ്ങളിൽ മഴ കഴിഞ്ഞും ചെളി കാരണം പ്രശ്നം തുടരുകയാണ്. 

6 വരിയിൽ ഉയരപ്പാത നി‍ർമിച്ച സ്ഥലങ്ങളിലാണ് പ്രശ്നം. ഉയരപ്പാതയിൽനിന്ന് നേരത്തേ മഴവെള്ളം സർവീസ് റോഡിലേക്ക് ചാടിയത് വാഹനങ്ങളുടെ ചില്ലുകൾ പൊട്ടാൻ വരെ ഇടയാക്കിയിരുന്നു. സർവീസ് റോഡ് വഴിയുള്ള ബൈക്ക് യാത്രക്കാരും മറ്റും ഉയരെ നിന്ന് ചാടുന്ന വെള്ളത്തി‍ൽ കുളിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിലുമായിരുന്നു. ഇത് പരാതിയായതോടെയാണ് ഉയരപ്പാതയിൽനിന്ന് അടിപ്പാതയായുള്ള സർവീസ് റോഡിലേക്ക് മഴവെള്ളം ഒഴുക്കുന്ന വിധത്തിൽ പൈപ്പുകൾ സ്ഥാപിച്ചത്. പല പൈപ്പുകൾ വഴിയുള്ള വെള്ളം സർവീസ് റോഡിലെത്തി ഒന്നിച്ച് പ്രവഹിക്കുന്നത് ശക്തമായ ഒഴുക്കാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ ഒഴുക്കിൽ നിയന്ത്രണം വിടുന്ന സ്ഥിതിയുണ്ട്. കാൽനട യാത്രക്കാരും മുട്ടോളം വെള്ളത്തിൽ വേണം നടക്കാൻ. 

ഇടിമുഴിക്കൽ മുതൽ പാണമ്പ്ര വരെ ഉയരപ്പാതയുള്ള മിക്ക സ്ഥലങ്ങളിലും പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെയൊക്കെ മഴയത്ത് സർവീസ് റോഡുകളിൽ‌ വെള്ളപ്രശ്നവുമുണ്ട്. മഴവെള്ളം സർവീസ് റോഡിലേക്ക് ഒഴുക്കാതെ മറ്റെവിടെയെങ്കിലും എത്തിച്ച് ജലസ്രോതസ്സുകളിലേക്ക് തിരിച്ചുവിടണമെന്ന ആവശ്യം ശക്തമാണ്.   സർവീസ് റോഡിനടുത്ത ഓടയിലേക്ക് ഉയരപ്പാതയിലെ മഴവെള്ളം എത്തിക്കാൻ മണ്ണിനടിയിലൂടെ പൈപ്പ് സ്ഥാപിച്ചശേഷം സർവീസ് റോഡ് നിർമിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന പ്രശ്നമാണിത്.

English Summary:

NH 66 Faces Major Water Logging Issue in Thenipalam During Rains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com