വീടിനു മുന്നിൽ ഓടയും കൂറ്റൻ ഗർഡറും; വഴിമുടക്കിയ ദേശീയപാത വികസനം ഡോക്ടറുടെ ജീവനെടുത്തു
Mail This Article
കായംകുളം ∙ വീടിനു മുന്നിൽ ഉയർന്ന ഓടയും വഴിമുടക്കിയ കൂറ്റൻ ഗർഡറും ഡോക്ടറുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന് വിലങ്ങുതടിയായി. വൃക്കരോഗിയാണെന്നും ചികിത്സയ്ക്കായി വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും കാണിച്ചു പലതവണ പരാതി നൽകിയ നേത്രരോഗ വിദഗ്ധൻ ചേപ്പാട് പുളിമൂട്ടിൽ ഡോ.ചെറിയാൻ ഫിലിപ്പ് (77) അധികൃതരുടെ അനാസ്ഥയ്ക്കു മുന്നിൽ എന്നേക്കുമായി കണ്ണടച്ചു.
ദേശീയപാത വികസനത്തിന് വീടിന്റെ വഴിക്കു കുറുകെ നിർമിച്ച ഉയരം കൂടിയ ഓടയും അതിനടുത്തുള്ള കൂറ്റൻ ഗർഡറുമാണ് ഹൃദയാഘാതമുണ്ടായ ഡോക്ടറെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ തടസ്സമായത്. പുറത്തിറങ്ങാൻ മാർഗമില്ലെന്നും വീട് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കാണിച്ചു ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും പലതവണ ഡോക്ടർ പരാതി നൽകിയിരുന്നു. പരിഹരിക്കാമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല.
ഡോ. ചെറിയാന് ഏറെ നാളായി ഡയാലിസിസ് നടത്തുന്നുണ്ടായിരുന്നു. ഒരു വർഷമായി ഡോക്ടറുടെ കാർ ബന്ധുവീട്ടിൽ ഇട്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രിയാണു ഡോ.ചെറിയാനു ശാരീരിക അസ്വസ്ഥതയുണ്ടായത്. അദ്ദേഹത്തെ നടത്തി പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ടരയടിയോളം ഉയരത്തിലുള്ള ഓടയ്ക്കു മുകളിലേക്ക് കയറാൻ പറ്റുമായിരുന്നില്ല. തുടർന്നു കസേരയിലിരുത്തി ഓടയുടെ മുകളിലൂടെ റോഡിലെത്തിച്ചു.പക്ഷേ ഓടയോടു ചേർത്തു ഗർഡർ വച്ചിരുന്നതിനാൽ കാറിലേക്കു കയറ്റാൻ കഴിഞ്ഞില്ല.
കസേരയിലിരുത്തി ഓടയ്ക്കു മുകളിലൂടെ കുറേ ദൂരം എടുത്തു കൊണ്ടുപോയാണു ഗർഡറില്ലാത്ത ഭാഗത്തു നിന്നു കാറിൽ കയറ്റിയത്. അപ്പോഴേക്കും അര മണിക്കൂറിലേറെ വൈകിയിരുന്നു. ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടരയടിയോളം പൊക്കത്തിലുള്ള ഓടയുടെ മുകളിലേക്കു കയറുന്നതിനു വീട്ടുകാർ സംവിധാനമുണ്ടാക്കിയിരുന്നു. എന്നാൽ അവിടെനിന്നു റോഡിലേക്കിറങ്ങാൻ ദേശീയപാത കരാറുകാർ സൗകര്യം ഉണ്ടാക്കിയിട്ടില്ല. ഡോ. ചെറിയാന്റെ സംസ്കാരം ചേപ്പാട് വലിയ പള്ളിയിൽ നടത്തി.