ഓഗസ്‌റ്റ് 19 മുതൽ പ്രാബല്യത്തിൽ വന്ന ബാഗേജ് പരിഷ്കരണം: യാത്രക്കാരെ ബാധിക്കില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്
Mail This Article
കൊണ്ടോട്ടി ∙ യുഎഇയിൽനിന്നു യാത്ര ചെയ്യുന്നവർക്കുള്ള സൗജന്യ ബാഗേജ് അലവൻസിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വ്യക്തമാക്കി. ഓഗസ്‌റ്റ് 19 മുതൽ ബാഗേജുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കരണം കോർപറേറ്റ് ബുക്കിങ്ങുകളായ കോർപറേറ്റ് വാല്യു, കോർപറേറ്റ് ഫ്ലെക്‌സ് എന്നിവയ്‌ക്കു മാത്രമാണു ബാധകം. സാധാരണ യാത്രക്കാരെ ബാധിക്കില്ല. എയർ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു ബുക്കിങ് ചാനലുകൾ എന്നിവ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്ന റീട്ടെയ്ൽ കസ്റ്റമർമാർക്ക് ഈ മാറ്റം ബാധകമല്ല.
യുഎഇ ഒഴികെ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവർക്കുള്ള സൗജന്യ ബാഗേജ് അലവൻസ് 30 കിലോഗ്രാം ആയും ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ളത് 20 കിലോഗ്രാം ആയും തുടരും. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ബാഗേജ് അലവൻസ് 20 കിലോഗ്രാം ആയും തുടരും. പ്രത്യേക പ്രമോഷൻ ക്യാംപെയ്നുകളുടെ ഭാഗമായി 70% വരെ ഇളവോടെ ബാഗേജ് അലവൻസുകളും എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ ലഭിക്കും. നിലവിൽ യുഎഇയിൽനിന്നു പുറപ്പെടുന്ന വിമാനങ്ങളിൽ പ്രത്യേക നിരക്കായ 50 ദിർഹത്തിന് 5 കിലോഗ്രാം ബാഗേജും 75 ദിർഹത്തിനു 10 കിലോഗ്രാം ബാഗേജും അധികമായി കൊണ്ടുവരാമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം; സൗജന്യ ലഗേജ് പരിധി കുറച്ചത് കൂടുതൽ ബാധിക്കുന്നതു കോഴിക്കോട് വിമാനത്താവളംവഴി യാത്രചെയ്യുന്നവരെ
കൊണ്ടോട്ടി ∙ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി കുറച്ചതു സംബന്ധിച്ചു പ്രതിഷേധമുയർന്നു. കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്ന പരിഷ്കരണം കോർപറേറ്റ് ബുക്കിങ്ങുകളായ കോർപറേറ്റ് വാല്യു, കോർപറേറ്റ് ഫ്ലെക്‌സ് എന്നിവയ്‌ക്കു മാത്രമാണു ബാധകമെന്നും സാധാരണ യാത്രക്കാരെ ബാധിക്കില്ലെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ വിശദീകരണം. എന്നാൽ, ലോകത്തിലെ പ്രധാന വാണിജ്യ ഹബ് ആയ യുഎഇയിലെ 5 വിമാനത്താവളങ്ങളിൽനിന്നും സർവീസ് നടത്തുന്ന വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്.
ഈ 5 വിമാനത്താവളങ്ങളിലേക്കും നേരിട്ടു സർവീസ് ഉള്ള രാജ്യത്തെ ഏക വിമാനത്താവളമാകട്ടെ കോഴിക്കാടാണ്. അതിനാൽ, സൗജന്യ ലഗേജ് ഭാരം കുറച്ചത് കൂടുതൽ ബാധിക്കുക കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരെയാണെന്നു പ്രവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. 30 കിലോഗ്രാം എന്നതു 2 മാസം മുൻപ് 20 കിലോഗ്രാം ആക്കി കുറച്ചിരുന്നുവെന്നു ട്രാവൽ ഏജൻസികൾ പറയുന്നു. എന്നാൽ, കൂടുതൽ നിരക്ക് ഈടാക്കുന്ന കോർപറേറ്റ് ടിക്കറ്റ് ബുക്കിങ്ങിൽ 30 കിലോഗ്രാം നിലനിർത്തി. അതുകൂടി നിർത്തലാക്കുകയാണു ചെയ്തതെന്നും ഇത് ഒട്ടേറെപ്പേരെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മന്ത്രാലയം ഇടപെടണം: എം.കെ.രാഘവൻ എംപി
ബാഗേജ് പരിധി 30ൽനിന്ന് 20 ആക്കി കുറച്ചതിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വെല്ലുവിളിക്കുകയാണെന്ന് എംപി ആരോപിച്ചു. നിരന്തരമുള്ള പ്രവാസി വിരുദ്ധ സമീപനങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കിഞ്ചരാപ്പു റാം മോഹൻ നായിഡുവിനോട് എംപി ആവശ്യപ്പെട്ടു. ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, ഫൈവ് സ്റ്റാർ എയർലൈനുകളെക്കാൾ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. നിരക്ക് ഉയർത്തുകയും സേവന സൗകര്യങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതു യാത്രക്കാരോടുള്ള നീതി നിഷേധമാണ്. ബാഗേജ് അലവൻസ് പുനഃസ്ഥാപിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ ക്യാംപ്‌വെൽ വിൽസൺ, സിഇഒ അലോക് സിങ് എന്നിവരോടും എംപി ആവശ്യപ്പെട്ടു. കൂടുതൽ സർവീസുകൾ നടത്തുന്നതു കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണെന്നും ബാഗേജ് വെട്ടിക്കുറച്ച നടപടി ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തുക കോഴിക്കോട്ടുനിന്നുള്ള യാത്രക്കാരെയാണെന്നും എംപി ചൂണ്ടിക്കാട്ടി.