ADVERTISEMENT

തിരൂർ ∙ നേത്രാവതിയിലെ യാത്രാത്തിരക്കു പരിഹരിക്കാൻ റെയിൽവേ അധികൃതരുടെ നേത്രങ്ങൾ ഇനിയെന്നു തുറക്കും? ശ്വാസംമുട്ടിപ്പോകുന്ന യാത്രയാണു നേത്രാവതി അടക്കമുള്ള വൈകിട്ടത്തെ മിക്ക ട്രെയിനുകളും യാത്രക്കാർക്കു നൽകുന്നത്. ആഴ്ചയിൽ 4 ദിവസം മാത്രം ഒരു സ്പെഷൽ ട്രെയിൻ ഓടിച്ചു വൈകിട്ടുള്ള എല്ലാ യാത്രാപ്രശ്നവും പരിഹരിച്ചെന്ന മട്ടിലാണു റെയിൽവേ. വൈകിട്ടു കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകളിലാണു വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് 2.57ന് പരശുറാം എക്സ്പ്രസ് തിരൂർ വിട്ടാൽ പിന്നെ കോഴിക്കോട് ഭാഗത്തേക്കു 4.20നാണ് നേത്രാവതി എക്സ്പ്രസ് എത്തുന്നത്. ഈ വണ്ടിയിൽ മുന്നിലും പിന്നിലും ഓരോ ജനറൽ കംപാർട്മെന്റുകൾ മാത്രമാണുള്ളത്.

എറണാകുളം ജംക‍്ഷൻ എത്തുമ്പോഴേ ഈ കംപാർട്മെന്റുകളിൽ പൂരത്തിരക്കാകും. ആലുവയും തൃശൂരും ഷൊർണൂരും കഴിയുന്നതോടെ പിന്നെ കാലുകുത്താനിടമുണ്ടാവില്ല. വൈകിട്ടു ജോലി കഴിഞ്ഞെത്തുന്നവരും മറ്റും കുറ്റിപ്പുറത്തുനിന്നും തിരൂരിൽനിന്നും കയറിയാൽ തൂങ്ങിനിൽക്കേണ്ടി വരും. പരപ്പനങ്ങാടിയിൽനിന്നുകൂടി ആളുകൾ കയറിയാൽപിന്നെ ശ്വാസംമുട്ടുന്ന യാത്രയാണ്. ഈ തിരക്ക് വലിയ പരാതി ആയതോടെയാണു ഷൊർണൂർ – കണ്ണൂർ അൺ റിസർവ്ഡ് സ്പെഷൽ അനുവദിച്ചത്.

എന്നാൽ ഈ വണ്ടി ആഴ്ചയിൽ 4 ദിവസം മാത്രമാണ് ഓടുന്നത്. അടുത്ത വണ്ടി 5.20നുള്ള കണ്ണൂർ എക്സ്പ്രസാണ്. ഇതോടെ തൂങ്ങിയാലും ശ്വാസംമുട്ടിയാലും കുഴപ്പമില്ല, വീട്ടിലെത്തിയാൽ മതിയെന്ന ചിന്തയിൽ നേത്രാവതിയിലേക്ക് ആളുകൾ ഇടിച്ചുകയറുകയാണ്. തിരൂരിൽ ഒന്നാം പ്ലാറ്റ്ഫോമിൽനിന്നു മാത്രമല്ല, മറുവശത്തു പാളത്തിൽനിന്നും ആളുകൾ കുത്തിത്തിരക്കിക്കയറാൻ ശ്രമിക്കുന്നുണ്ട്. ഇതു വലിയ അപകടങ്ങൾക്കും കാരണമായേക്കാം. 5.20നുള്ള വണ്ടി കഴിഞ്ഞാൽ പിന്നെ കോഴിക്കോട്ടേക്ക് രാത്രി 8.37നുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസാണുള്ളത്.വന്ദേഭാരതിനു വേണ്ടി ഈ വണ്ടി പിടിച്ചിടാറുമുണ്ട്.

നേത്രാവതിയിലെ തിരക്കു സ്ഥിരമായി കുറയ്ക്കാൻ ഷൊർണൂർ – കണ്ണൂർ അൺ റിസർവ്ഡ് സ്പെഷൽ ആഴ്ചയിൽ എല്ലാ ദിവസവും ഓടിക്കണമെന്നാണു യാത്രക്കാർ പറയുന്നത്. കൂടാതെ കോറിഡോർ മെയിന്റനൻസിന്റെ പേരിൽ നിർത്തിയ ഷൊർണൂർ – കോഴിക്കോട്, തൃശൂർ – കോഴിക്കോട് പാസഞ്ചറുകൾ പുനരാരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

English Summary:

Netravati Express Overcrowding: Passengers Demand Action from Railway Authorities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com