ADVERTISEMENT

കുന്നംകുളം ∙ നിത്യരോഗിയായ തന്നെ കബളിപ്പിച്ചു ലോട്ടറി ടിക്കറ്റുകൾ കവർന്ന മോഷ്ടാവിനോട് ആനായ്ക്കൽ‍ ലക്ഷംവീട് കോളനിയിൽ ശാന്തകുമാരിക്കു ഒന്നേ പറയാനുള്ളൂ. കൊണ്ടുപോയ ലോട്ടറിയുടെ ഫലം നോക്കാൻ മറക്കരുത്; ലോട്ടറിയടിച്ചാൽ പണം വാങ്ങാൻ മടിക്കരുത്. 40 രൂപ വിലയുള്ള 51 കാരുണ്യ ടിക്കറ്റുകളാണ് ശാന്തകുമാരിയിൽ നിന്ന് അജ്ഞാതൻ തട്ടിയെടുത്തത്. ഇന്നലെ രാവിലെയാണ് സംഭവം. പട്ടണത്തിൽ നഗരസഭ കാര്യാലയത്തിന് ചേർന്നുള്ള വൺവേയുടെ അരികിൽ കസേരയിട്ട് ഇരുന്നാണ് എഴുപതു വയസ്സുള്ള ശാന്തകുമാരി ലോട്ടറി വിൽക്കുന്നത്. ചികിത്സയ്ക്കും നിത്യവൃത്തിക്കും ലോട്ടറി വിറ്റു കിട്ടുന്ന വരുമാനം ഏക ആശ്രയമായതിനാലാണ് ഇവർ രോഗങ്ങളോടു മല്ലടിച്ചു കച്ചവടത്തിനെത്തുന്നത്. നിൽക്കാനും നടക്കാനും ബുദ്ധിമുട്ടുള്ള ശാന്തകുമാരിയിൽ നിന്ന് ഇവർക്ക് സഹായമാകട്ടെ എന്നു കരുതി ലോട്ടറി വാങ്ങുന്നവരുമുണ്ട്.

ഇന്നലെ ലോട്ടറി വാങ്ങാനെന്ന ഭാവത്തിൽ എത്തിയ ആൾ നമ്പറുകൾ പരിശോധിക്കാൻ ശാന്തകുമാരിയുടെ കയ്യിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ വാങ്ങി. പരിശോധിച്ച് തിരിച്ചു നൽകിയത് കഴിഞ്ഞ ദിവസം നറുക്കെടുപ്പ് കഴിഞ്ഞ ടിക്കറ്റുകൾ . പന്തികേടു തോന്നാത്തത് കാരണം പരിശോധിച്ചില്ല. ‍മറ്റൊരാൾക്ക് ഇത് വിൽക്കാൻ നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കിയത്. രോഗികളായ മകളും മരുമകനും അടങ്ങുന്ന ശാന്തകുമാരിയുടെ കുടംബത്തിന് സുവിധം എന്ന സംഘടനയാണ് മാസങ്ങൾ മുൻപ് വീട് നിർമിച്ചു നൽകിയത്. കള്ളനെ കണ്ടെത്താൻ ശാന്തകുമാരിയെ വാഹനത്തിൽ കയറ്റി പൊലീസ്  പട്ടണം ചുറ്റിയെങ്കിലും ഫലമുണ്ടായില്ല. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കള്ളനെ പിടിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

സഹായവുമായി സുമനസ്സുകൾ
കുന്നംകുളം ∙ ശാന്തകുമാരിക്ക് സഹായവുമായി സുമനസ്സുകൾ.  ശാന്തകുമാരിയുടെ ചികിത്സയ്ക്കു മാസം തോറും ആയിരം രൂപ വീതം നൽകുമെന്ന് ചൈതന്യം ചാരിറ്റബളി‍ൾ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. ലോട്ടറിക്കച്ചവടത്തിനായി ഇവർ ധനസഹായം കൈമാറി. നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകൾക്ക് പകരമായി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി 60 ലോട്ടറി ടിക്കറ്റുകൾ നൽകി. ഏതാനും വ്യക്തികളും സഹായം നൽകാനെത്തി.

English Summary:

Shantakumari says to the lottery thief: Don't you forget to look at the 'result'?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com