കെട്ടിടം നിർമിക്കാൻ ചുങ്കത്തറ പരിഗണനയിൽ: അഗ്നിരക്ഷാനിലയം നിലമ്പൂർ വിട്ടേക്കും
Mail This Article
നിലമ്പൂർ ∙ അഗ്നിരക്ഷാനിലയം നിലമ്പൂരിനു നഷ്ടമായേക്കും. കെട്ടിടം നിർമിക്കാൻ ചുങ്കത്തറയിലെ ഭൂമി പരിഗണനയിൽ. നിലയത്തിന് ആവശ്യമായ ഭൂമി നിലമ്പൂരിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ചുങ്കത്തറ പരിഗണിക്കുന്നത്. ചുങ്കത്തറ - കൈപ്പിനി റോഡിൽ മാർത്തോമ്മാ കോളജിൽ നിന്ന് 200 മീറ്റർ മാറി പൊതുമരാമത്ത് വകുപ്പിന്റെ 2ഏക്കറിൽ ആവശ്യമായ സ്ഥലം വിട്ടു കിട്ടാൻ സാധ്യത തെളിഞ്ഞു.
2006 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആണ് നിലമ്പൂരിൽ അഗ്നിരക്ഷാനിലയം അനുവദിച്ചത്. പഞ്ചായത്ത് വാടകയില്ലാതെ വിട്ടുനൽകിയ സംസ്കാരിക നിലയത്തിലായിരുന്നു പ്രവർത്തനം. 6 വർഷം മുൻപ് നഗരസഭാ കാര്യാലയം കെട്ടിട നിർമാണത്തിന് സാംസ്കാരിക നിലയം പൊളിച്ചു. അഗ്നിരക്ഷാനിലയം സമീപത്തെ ഇടുങ്ങിയ കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ സൗകര്യങ്ങൾ കുറവാണ്.
വഴിക്കടവ് മുതൽ ചോക്കാട് വരെ 9 പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ എന്നിവ നിലമ്പൂർ നിലയത്തിന്റെ പരിധിയിൽ വരും. കെട്ടിടനിർമാണത്തിന് ആവശ്യമായ ഫണ്ട് വകയിരുത്തിയതാണ്. എന്നാൽ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല. ചുങ്കത്തറയിലെ ഭൂമി സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജ് സന്ദർശിച്ചു. ജില്ലാ ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. കൂടുതൽ നൽകാൻ മരാമത്ത് വകുപ്പിന് തടസ്സമില്ല. ജലലഭ്യതയുമുണ്ട്. വഴി ഇടുങ്ങിയതാണെന്നതാണ് ഏക ന്യൂനത. 3 മീറ്റർ വീതിയേയുള്ളൂ.