ADVERTISEMENT

മലപ്പുറം∙ പ്രചാരണച്ചൂടിറങ്ങി വയനാട് ലോക്സഭാ മണ്ഡലം നാളെ പോളിങ് ബൂത്തിലേക്ക്. മണ്ഡലത്തിന്റെ ഭാഗമായ, ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ വി.ആർ.വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവർ പറഞ്ഞു.   പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ മഞ്ചേരി ചുള്ളക്കാട് ജിയുപി സ്കൂൾ (ഏറനാട്), നിലമ്പൂർ അമൽ കോളജ് (നിലമ്പൂർ, വണ്ടൂർ) എന്നിവിടങ്ങളിൽ. 

വോട്ടെണ്ണൽ കേന്ദ്രമായ നിലമ്പൂർ അമൽ കോളജിലാണു സ്‌ട്രോങ് റൂമുകൾ. 23നാണു വോട്ടെണ്ണൽ.   തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ജില്ലയിൽ അനധികൃതമായി സൂക്ഷിച്ച നിലയിൽ പിടിച്ചെടുത്തത് 50,98,300 രൂപയാണ്. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽനിന്ന് ഒരു നാടൻ തോക്കും 12 തിരകളും പിടികൂടിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.ഇതിനു പുറമേ 13.1729 കിലോഗ്രാം കഞ്ചാവ്, 76.25 ഗ്രാം എംഡിഎംഎ, 30 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 719.8 ഗ്രാം സ്വർണം എന്നിവ പിടികൂടി. 

വോട്ടർമാർക്ക് ബസ് ഒരുക്കി യുഡിഎഫ്
ചെന്നൈ, ബെംഗളൂരു, പോണ്ടിച്ചേരി, കോയമ്പത്തൂർ, ടു വയനാട്. വയനാട് ലോക്സഭാ മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ എത്തിക്കാൻ ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം സൗജന്യ ബസ് യാത്രാസൗകര്യമൊരുക്കി യുഡിഎഫ്.   അവിടങ്ങളിൽ ജോലിക്കും പഠനത്തിനുമായി പോയവർക്കു ചെന്നൈ കെഎംസിസിയുടെയും മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരുടെയും സഹായത്തോടെയാണു നാട്ടിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കുന്നത്.   ഇതിനു പുറമേ തിരുവനന്തപുരം, കൊല്ലം, കാസർകോട് എന്നിവിടങ്ങളിൽനിന്നും വയനാട് മണ്ഡലത്തിലേക്കു ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. 

9 വനിതാ ബൂത്ത്, 9 മാതൃകാ ബൂത്ത്
വനിതാ ഓഫിസർമാരുടെ മാത്രം മേൽനോട്ടത്തിൽ 9 പോളിങ് സ്‌റ്റേഷനുകൾ പ്രവർത്തിക്കും. 9 മാതൃകാ പോളിങ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും ഇത്തരത്തിൽ 3 വീതം പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. 

26 പ്രശ്നസാധ്യതാബൂത്തുകൾ
25 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 595 പോളിങ് സ്റ്റേഷനുകളാണു ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്. 16 മേഖലകളിലായി 26 പ്രശ്നസാധ്യതാ ബൂത്തുകളാണുള്ളത്. ഇവിടങ്ങളിൽ അധിക സുരക്ഷ ഒരുക്കും. ഏറനാട്ട് അഞ്ചും നിലമ്പൂരിൽ പതിനേഴും വണ്ടൂരിൽ നാലും പ്രശ്നസാധ്യതാ ബൂത്തുകളാണുള്ളത്. 

ജില്ലയിലെ 3 മണ്ഡലങ്ങളിൽ നാളെ പൊതു അവധി
ഉപതിരഞ്ഞെടുപ്പ് ദിവസമായ നാളെ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. മദ്രസകൾക്കും അവധിയാണ്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്കു ശമ്പളത്തോടു കൂടിയ അവധി നൽകണം. ഇതു കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാൽ മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്നവരുമായ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

English Summary:

The Wayanad Lok Sabha constituency is all set for the by-election tomorrow. District Collector V.R. Vinod and District Police Chief R. Vishwanath have assured the public that all necessary preparations and security measures are in place across the three assembly constituencies within Wayanad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com