അന്നും ഇന്നും സുപ്രധാന ദൗത്യങ്ങൾ; മുണ്ടേരി ഫാമിലെ ആ ട്രാക്ടറിന് മറ്റൊരു ദൗത്യംകൂടി
Mail This Article
മുണ്ടേരി∙ മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ ഉപയോഗിച്ച മുണ്ടേരി ഫാമിലെ ആ ട്രാക്ടറിന് ഇന്നലെ മറ്റൊരു ദൗത്യംകൂടി. വനത്തിനകത്തെ ബൂത്തായ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിലേക്കുള്ള പോളിങ് ഉദ്യോഗസ്ഥരെയും സാമഗ്രികളെയും ചാലിയാർ പുഴ കടത്തിയത് ഈ ട്രാക്ടറിൽ. ഉരുൾപൊട്ടലുണ്ടായതിനു ശേഷം വനത്തിനകത്തെ തിരച്ചിൽ കേന്ദ്രീകരിച്ചിരുന്ന ഇരുട്ടുകുത്തിക്കടവിലൂടെ ഇന്നലെ ഉച്ചയ്ക്ക് 1.15നാണു പോളിങ് ഉദ്യോഗസ്ഥരും പൊലീസും പുഴ കടന്നത്.
വനത്തിനകത്തു കണ്ടെത്തിയ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചുമന്നും മറ്റും തലപ്പാലിയിലെത്തിച്ച ശേഷം അവ മുണ്ടേരി ഫാമിൽ നിർത്തിയിട്ട ആംബുലൻസുകളിലേക്കു മാറ്റാനാണു കൃഷി വകുപ്പിന്റെ 2 ട്രാക്ടറുകൾ ഉപയോഗിച്ചിരുന്നത്. അതിലൊന്നാണ് ഇന്നലെ പോളിങ് ഉദ്യോഗസ്ഥരെ പുഴ കടക്കാൻ സഹായിച്ചത്. വാണിയമ്പുഴ ഭാഗത്തെ ആദിവാസി വിഭാഗക്കാരുടെ ഏക ആശ്രയമായിരുന്ന പാലം 2019ലെ പ്രളയത്തിൽ തകർന്നതാണ്. ഇതോടെ പുഴ കടക്കാൻ ചങ്ങാടമായിരുന്നു ആശ്രയം. ഇവരുടെ സൗകര്യത്തിനായി കഴിഞ്ഞ തിരഞ്ഞെടുപ്പിനാണു വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ആദ്യമായി പോളിങ് ബൂത്ത് അനുവദിച്ചത്. ഇത്തവണ വീണ്ടും ബൂത്ത് അനുവദിച്ചു.
നിലമ്പൂർ അമൽ കോളജിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽനിന്ന് ഇന്നലെ ആദ്യം പുറപ്പെട്ട വാഹനങ്ങളിലൊന്നു വാണിയമ്പുഴയിലേക്കുള്ളതായിരുന്നു. പൂക്കോട്ടൂർ, മഞ്ചേരി, പട്ടിക്കാട്, മക്കരപ്പറമ്പ് സ്വദേശികളായ ഉദ്യോഗസ്ഥരാണ് ഇവിടേക്കു നിയോഗിക്കപ്പെട്ടത്. ഇവർക്കു പുറമേ പൊലീസുകാരും. ഇവർ ട്രാക്ടറിൽ പുഴ കടന്നെത്തുമ്പോൾ തോക്കുധാരികളായ 2 പൊലീസുകാർ അക്കരെ കാവൽ നിൽക്കുന്നുമുണ്ടായിരുന്നു.
ഇവിടത്തെ വോട്ടർമാരുടെ പ്രധാന ആവശ്യമാണ് ഇരുട്ടുകുത്തിക്കടവിലെ പുതിയ പാലം. അതിന്റെ നിർമാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്. അതിനു സമീപത്തുകൂടിയാണ് ഇന്നലെ ട്രാക്ടർ കടന്നുപോയത്. അടുത്ത തവണ തിരഞ്ഞെടുപ്പാകുമ്പോഴേക്കെങ്കിലും പാലം പൂർത്തിയാകുമോയെന്നതാണു വോട്ടർമാർ ഉറ്റുനോക്കുന്നത്.