20 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ
Mail This Article
മഞ്ചേരി∙മഞ്ചേരി നഗരസഭാംഗം തലാപ്പിൽ അബ്ദുൽ ജലീൽ (കുഞ്ഞാൻ) കൊലക്കേസിൽ ജാമ്യം റദ്ദാക്കിയ പ്രതിയുൾപ്പെടെ 2 പേർ 20 ഗ്രാം എംഡിഎംഎയുമായി നാട്ടുകൽ പൊലീസിന്റെ പിടിയിലായി. പാണ്ടിക്കാട് വള്ളുവങ്ങാട് കറുത്തേടത്ത് ഷംസീർ (34), കരുവാരകുണ്ട് തരിശ് പറമ്പത്ത് ആഷിഖുദ്ദീൻ(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകൽ പൊലീസ്, മലപ്പുറം, പാലക്കാട് ആന്റി നർകോട്ടിക് സ്ക്വാഡ് എന്നിവർ നടത്തിയ പരിശോധനയിലാണ് അലനല്ലൂർ ടൗണിലെ ലോഡ്ജിൽ വച്ചു പിടിയിലായത്.
നേരത്തേ മഞ്ചേരിയിൽ 30 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ഷംസീർ ഒരുമാസം മുൻപാണു ജാമ്യത്തിലിറങ്ങിയത്. ഈ കേസിൽ പ്രതിയായതോടെ നഗരസഭാംഗത്തിന്റെ കൊലപാതക കേസിൽ ഷംസീറിന് അനുവദിച്ചിരുന്ന ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മലപ്പുറം, പാലക്കാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു ലഹരി വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ ഹബീബുല്ലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.