പെരിന്തൽമണ്ണ ട്രാഫിക് ജംക്‌ഷൻ വിപുലീകരണം: 57.78 കോടിയുടെ കിഫ്‌ബി പദ്ധതി
Mail This Article
പെരിന്തൽമണ്ണ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയും പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയും കൂടിച്ചേരുന്ന പെരിന്തൽമണ്ണ ട്രാഫിക് ജംക്‌ഷൻ നവീകരണത്തിന് കിഫ്‌ബി 57.78 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നൽകി. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുകയെന്ന ലക്ഷ്യത്തോടെ നിലവിലെ ജംക്‌ഷൻ വീതി കൂട്ടി നാലു ഭാഗത്തു നിന്നും വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സുഗമമായി കടന്നു പോകാവുന്ന വിധത്തിലുള്ള നവീകരണമാണ് നടത്തുക. സ്ഥലമെടുപ്പ് നടപടികൾക്കായാണു ഫണ്ട് അനുവദിച്ചത്.സംസ്ഥാനത്തെ 20 പ്രധാന ജംക്‌ഷനുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണു പെരിന്തൽമണ്ണ ജംക്‌ഷനും നവീകരിക്കുന്നത്. പദ്ധതിക്കു കഴിഞ്ഞ വർഷം കിഫ്‌ബി അനുമതി ലഭിച്ചതാണ്. നജീബ് കാന്തപുരം എംഎൽഎയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഒക്ടോബറിൽ കിഫ്‌ബി ഉന്നത ഉദ്യോഗസ്ഥരും പൊതുമരാമത്ത്, കേരള റോഡ് ഫണ്ട് ബോർഡ്(കെആർഎഫ്‌ബി) ഉദ്യോഗസ്ഥരും ചേർന്നു പ്രാരംഭ പരിശോധന നടത്തിയിരുന്നു. പദ്ധതിയുടെ കരട് രൂപരേഖയുടെ അടിസ്ഥാനത്തിലായിരുന്നു പ്രാരംഭ പരിശോധന. ഇതിന്റെ തുടർച്ചയായാണു ഫണ്ടനുവദിച്ചത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗര ആസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശമനമാകും.