ഓഗസ്റ്റ് 23: രാജ്യാന്തര വടാപാവ് ദിനം; രുചിയുടെ തലപ്പാവണിഞ്ഞ് ‘ബഡാപാവ്’
Mail This Article
മുംബൈ ∙ മഹാരാഷ്ട്രക്കാരുടെ പ്രിയരുചിദിനം കടന്നുപോയി. ഓഗസ്റ്റ് 23 ആണ് രാജ്യാന്തര വടാപാവ് ദിനം.മലയാളികൾക്ക് പൊറോട്ട എന്ന പോലെയാണ് ഇവിടെയുള്ളവർക്ക് വടാപാവ്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് മസാല ചേർത്ത് കടലമാവിൽ മുക്കി വടയുണ്ടാക്കി രണ്ടായി മുറിച്ച പാവിൽ ആക്കി, വിവിധയിനം ചട്നി പുരട്ടി കഴിക്കും. പ്രഭാത ഭക്ഷണമെന്നോ ഉച്ച ഭക്ഷണമെന്നോ അത്താഴമെന്നോ ഇല്ലാതെ എല്ലാ സമയത്തും കഴിക്കാനാവുന്നതും ചെറിയ വിലയ്ക്ക് കിട്ടുന്നതുമാണ് വടാപാവ് മുംബൈയുടെ പ്രിയമായത്.
പുത്തൻ പരീക്ഷണങ്ങൾ
വടാപാവ് പ്രസിദ്ധമായതോടെ പുത്തൻ പരീക്ഷണം അവതരിപ്പിച്ചിരിക്കുകയാണ് ചിലർ. ചന്ദ്രക്കലയുടെ രൂപത്തിലുള്ള റൊട്ടിയും (ക്രോസൈന്റ്) വടാപാവിലെ വടയും ചേർത്ത് തയാറാക്കുന്ന ക്രോസൈന്റ് വടാപാവ്, ഗുജറാത്തിൽ നിന്ന് രംഗത്തെത്തിയ ഐസ്ക്രീം വടാപാവ്, ഗോൾഡൻ വടാപാവ് അങ്ങനെ പോകുന്നു ലിസ്റ്റ്.
എവിടെയും പ്രിയം
ലോകത്തെ മികച്ച ഭക്ഷണ ഗൈഡുകളിലൊന്നായ ടേസ്റ്റ് അറ്റ്ലസ് ഈ വർഷത്തെ രുചികരമായ 50 സാൻവിച്ചുകൾ ലിസ്റ്റ് ചെയ്തപ്പോൾ അതിൽ 19ാം സ്ഥാനത്ത് വടാപാവുണ്ട്. 2017 മുതൽ ടേസ്റ്റ് അറ്റ്ലസിന്റെ ലിസ്റ്റിൽ ആദ്യ 20നുള്ളിൽ ഇതുണ്ടെന്നതും ശ്രദ്ധേയം.
സച്ചിന് സമ്മാനം 35 വടാപാവ്
വടാപാവിനോടുള്ള പ്രിയം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുനിൽ ഗവാസ്കറിന്റെ 34 ടെസ്റ്റ് സെഞ്ചുറിയെന്ന റെക്കോർഡ് 2006ൽ സച്ചിൻ മറികടന്നപ്പോൾ കൂട്ടുകാരനായ വിനോദ് കാംബ്ലി സമ്മാനിച്ചത് 35 വടാപാവ്.
ഉത്ഭവം
19–ാം നൂറ്റാണ്ടിന്റെ ആദ്യം മുംബൈയിലെ തുണിമിൽ ജീവനക്കാർക്കുള്ള ഭക്ഷണമായാണ് വടാപാവ് ആരംഭിച്ചതെന്നു ചരിത്രം പറയുന്നു. എന്നാൽ 1960 കാലത്ത് അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനാണ് ദാദറിൽ ഇത് നിർമിച്ചു തുടങ്ങിയത് എന്നും ചിലർ പറയുന്നു. ചരിത്രം എന്തു തന്നെയായാലും മുംൈബയുടെ രുചിയുടെ രസതന്ത്രമാണ് വടാപാവ് മാറ്റിയെഴുതിയത്.