ADVERTISEMENT

മുംബൈ∙ വിധിയെഴുതി ജനം. ഫലം മറ്റന്നാൾ അറിയാം. 60 ശതമാനമാണ് പോളിങ്. വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഏറെയും എൻഡിഎക്ക് നേരിയ മുൻതൂക്കം പറയുന്നു. ഏതാനും ഫലങ്ങൾ അഘാഡിക്ക് നേട്ടം പ്രവചിക്കുന്നു. എന്നാൽ, സർവേഫലങ്ങളെയല്ല ജനങ്ങളെയാണ് വിശ്വസിക്കുന്നതെന്നാണ് മഹാ വികാസ് അഘാഡി നേതാക്കളുടെ പ്രതികരണം. ശരദ്– അജിത് പോരാട്ടത്തിൽ ശരദ് പവാർ മേൽക്കൈ നേടുമെന്നും ശിവസേനയിലെ പോരിൽ ഷിൻഡെ പക്ഷം മുന്നേറുമെന്നും  എക്സിറ്റ് പോൾ സൂചിപ്പിക്കുന്നു. ബിജെപി–കോൺഗ്രസ് ബലാബലത്തിൽ ബിജെപി മുന്നിലെത്താനാണ് സാധ്യതയെന്നും പ്രവചനങ്ങൾ പറയുന്നു. മറ്റുള്ളവർ പത്തിനു മുകളിൽ സീറ്റ് നേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. സർക്കാർ രൂപീകരണത്തിൽ ഇത് നിർണായകമാകും. 

മക്കൾക്ക് വോട്ട് ചെയ്ത് താക്കറെമാർ 
ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്രാ നവനിർമാൺ സേനാ (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയും മക്കൾക്ക് വോട്ട് രേഖപ്പെടുത്തി. ഉദ്ധവിന്റെ മകൻ ആദിത്യ മുംബൈയിലെ വർളിയിലും രാജിന്റെ മകൻ അമിത് തൊട്ടടുത്ത് മാഹിമിലുമാണ് മത്സരിക്കുന്നത്. സിറ്റിങ് എംഎൽഎയായ ആദിത്യയുടേത് രണ്ടാമത്തെ മത്സരമാണ്. അമിത്തിന്റേത് കന്നിയങ്കം.

മുഖ്യമന്ത്രി ചട്ടം ലംഘിച്ചു: കോൺഗ്രസ് 
ചാന്ദ്‌വിലിയിൽ വോട്ടെടുപ്പു ദിവസം റോഡ് ഷോ നടത്തിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തിരഞ്ഞെടുപ്പു പെരുമാറ്റമാറ്റച്ചട്ടം ലംഘിച്ചെന്ന് കോൺഗ്രസ് സ്ഥാനാർഥി നസീം ഖാൻ ആരോപിച്ചു. ഷിൻഡെക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. 

മുംബൈ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ എന്നിവർ തിരഞ്ഞെടുപ്പിനു വേണ്ടി 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബിജെപി. വോട്ടിന് പണം നൽകിയെന്ന കേസിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തതിനു പിന്നാലെയാണിത്. സുപ്രിയയുടെയും പഠോളെയുടെയും എന്ന പേരിൽ ഓഡിയോ ക്ലിപ്പുകളും  പുറത്തുവിട്ടു. 

2018ൽ സുപ്രിയ സുളെയും പഠോളെയും തിരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്താനായി ബിറ്റ്കോയിനുകൾ ദുരുപയോഗം ചെയ്തെന്നും ഓഡിറ്ററായിരുന്ന ഗൗരവ് മേത്ത ഇതിന് സാക്ഷിയായിരുന്നെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്രനാഥ് പാട്ടീൽ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ദേശീയ വക്താവായ സുദാൻശു ത്രിവേദി വിവാദ ഓഡിയോ ക്ലിപ്പുകൾ പുറത്തുവിട്ടത്. നാനാ പഠോളെ–പൊലീസ് കമ്മിഷണറായ അമിതാഭ് ഗുപ്ത, സുപ്രിയ സുളെ– ഗൗരവ് മേഹ്ത, ഗൗരവ് മേഹ്ത–അമിതാഭ് ഗുപ്ത എന്നിവർ തമ്മിൽ സംസാരിക്കുന്നതാണ് ക്ലിപ്പുകൾ എന്നാണ് ബിജെപിയുടെ ആരോപണം.

തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി ബിറ്റ്കോയിന് പകരം പണം വേണമെന്നും പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും സുപ്രിയ ഇടനിലക്കാരനായ ഗൗരവ് മേഹ്തയോട് പറയുന്നതാണ് ഒരു ഓഡിയോ ക്ലിപ്പിലുള്ളത്. മറ്റൊന്നിൽ ‘കഴിഞ്ഞ ദിവസം ചോദിച്ച പണം കിട്ടിയില്ലല്ലോ എന്ന് പഠോളെ അമിതാഭ് ഗുപ്തയോട് ചോദിക്കുന്നതും കേൾക്കാം. പുറത്തുവന്ന ഓഡിയോ ക്ലിപ് തന്റെ സഹോദരിയായ സുപ്രിയയുടെയും പഠോളെയുടേതുമാണെന്ന് ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാർ പ്രതികരിച്ചു.

എന്നാൽ, സുപ്രിയയും പഠോളെയും ആരോപണം നിഷേധിച്ചു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജ ശബ്ദരേഖയാണ് അതെന്ന് ആരോപിച്ച സുപ്രിയ സുളെ സൈബർ സെല്ലിനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകി. അതിനിടെ, ഓഡിറ്റിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ ഗൗരവ് മേത്തയുടെ റായ്പുരിലെ വീട്ടിലും ഓഫിസിലും ഇ.ഡി. പരിശോധന നടത്തി. നേരത്തേ, ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ‘പോൺസി’ കുംഭകോണവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു.

ഓഡിയോ ക്ലിപ് വ്യാജമെന്ന് സ്വകാര്യ മാധ്യമം
ബിജെപി പുറത്തുവിട്ട മുഴുവൻ ഓഡിയോ ക്ലിപ്പുകളും വ്യാജമാണെന്ന് സ്വകാര്യ മാധ്യമം കണ്ടെത്തി. നിർമിതബുദ്ധി ടൂളുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

ബീഡിൽ സംഘർഷം; 6 ബൂത്തുകൾ തകർത്തു
ബീഡ്∙ മറാഠ്‌വാഡയിലെ ബീഡ് ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ആറ് പോളിങ് ബൂത്തുകൾ അടിച്ചുതകർത്തത് വോട്ടെടുപ്പിനെ ബാധിച്ചു. നാസിക്കിൽ ശിവസേനാ ഷിൻഡെ പക്ഷത്തിന്റെയും സ്വതന്ത്ര സ്ഥാനാർഥിയായ സമീർ ഭുജ്ബലിന്റെയും അണികൾ ഏറ്റുമുട്ടി. ഇതൊഴികെ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. എൻസിപിയിലെ ശരദ്–അജിത് പക്ഷങ്ങൾ തമ്മിൽ വീറുറ്റ മത്സരം നടക്കുന്ന ബാരാമതിയാണ് ഏറ്റവും ശ്രദ്ധേയമായ മണ്ഡലം.

എൻസിപി വിമത നേതാവായ അജിത്തിനെതിരെ അദ്ദേഹത്തിന്റെ സഹോദരന്റെ മകനായ യുഗേന്ദ്രയാണ് ശരദ്പക്ഷ സ്ഥാനാർഥി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ, മഹാരാഷ്ട്രാ പിസിസി അധ്യക്ഷൻ നാനാ പഠോളെ, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവരെല്ലാം കുടുംബസമ്മേതം എത്തിയാണ് വോട്ട് ചെയ്തത്. വ്യവസായി മുകേഷ് അംബാനി,

ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ആർബിഐ ഗവർണർ ശക്തികാന്താ ദാസ്, ബോളിവുഡ് താരങ്ങളായി ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ്കുമാർ, ഹേമമാലിനി, മാധുരി ദീക്ഷിത്, കരീന കപൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ എന്നിവർ മുംബൈയിൽ വോട്ട് രേഖപ്പെടുത്തിയ പ്രമുഖരിൽ ഉൾപ്പെടും. 

English Summary:

Anticipation is high as the election results are expected the day after tomorrow. A 60% voter turnout suggests strong public engagement. While some exit polls favor NDA, others predict a win for Maha Vikas Aghadi. Both sides remain optimistic, urging trust in the people's verdict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com