താലി വിഭവങ്ങൾ രുചിച്ച്; പുഷ്പ വിഹാറിലെ ശാസ്താവിനെ തൊഴുത് മഹാബലിത്തമ്പുരാൻ
Mail This Article
വന്നിറങ്ങിയ ദിവസം വിശ്രമം. രണ്ടാം ദിവസം കുത്തബ് മിനാറിലും മെഹ്റോളിയുടെ പരിസരത്തുമുള്ള ചില സ്മാരകങ്ങൾ കണ്ടു. മൂന്നാം ദിവസം തരക്കേടില്ലാത്ത മഴയോടെയാണ് പകലിന്റെ തുടക്കം. ഉച്ചവരെ കാത്തുനിന്നാണ് മഴയൊഴിഞ്ഞത്.മാവേലി ഒരുങ്ങിയിറങ്ങി. ഒരു വെറൈറ്റിക്ക് ഉച്ചയൂണിന് തമിഴ്നാട് ഹൗസിലേക്കു തിരിച്ചു. അയൽരാജ്യ പ്രജകളുടെ തലസ്ഥാനത്തെ ശാപ്പാടിന്റെ രുചിയും ഒന്നറിഞ്ഞിരിക്കാമല്ലോ. ചാണക്യപുരിയിലെ എംബസികൾക്കു നടുവിലൂടെ പാഞ്ഞ ഊബർ ഓട്ടോ ആറാം നമ്പർ കൗടില്യ മാർഗും കടന്ന് ഇടവഴിയിലേക്കു തിരിഞ്ഞ് തമിഴ്നാട് ഹൗസിനു മുന്നിലെത്തി.
ഓട്ടോയിൽ നിന്നിറങ്ങിയ ആളെക്കണ്ട് ഗേറ്റിലെ അതിശയിച്ചു നിൽക്കുന്ന സെക്യൂരിറ്റിയോട് അറിയാവുന്ന തമിഴിൽ മാവേലിയുടെ ചോദ്യം– ശാപ്പാട് കിടയ്ക്കുമാ ? ആംഗ്യം കൂടിയുണ്ടായിരുന്നതിനാൽ ഹിന്ദി മാത്രമറിയാവുന്ന ഡൽഹിക്കാരൻ ചിരിച്ചു മറുപടി നൽകി– ഹാം ജി, ആജാവോ. അകത്തേക്കു കടന്നിരുന്നു. വെയ്റ്ററും ഡൽഹിക്കാരാനാണ്. മെനുവിൽ തനിക്കു പറ്റിയത് താലി മാത്രമാണെന്ന് തിരിച്ചറിഞ്ഞ മാവേലി അതിൽ വിരൽതൊട്ട് ഓർഡർ നൽകി. വലിയ പാത്രത്തിനൊപ്പിച്ച് വട്ടത്തിൽ മുറിച്ചുവച്ച വാഴയിലയിൽ നിറഞ്ഞ് താലി വന്നു. വലിയ പപ്പടം, ചപ്പാത്തി, നീളൻ വെള്ളയരിച്ചോറ്, കുറുകിയ സാമ്പാർ, വാഴയ്ക്കാ പൊരിയൽ, കൂട്ടുകറി, പുളിരസമുള്ള വത്തക്കൊളമ്പ്, എരിവേറിയ കാരക്കൊളമ്പ്, രസം, അച്ചാർ, കട്ടത്തൈര്, മധുരത്തിന് റവ കേസരി.
ആദ്യംതന്നെ ചപ്പാത്തി രണ്ടും ചുരുട്ടിയൊതുക്കി വച്ചു. ശേഷം കറികൾ സഹിതം ചോറിലേക്കു കടന്നു. തളരുവോളമുണ്ടായിരുന്നു താലി. ഇനി വിശ്രമം. വൈകിട്ട് ക്ഷേത്രത്തിലൊന്നു പോകണം. പുഷ്പവിഹാർ ശ്രീധർമ ശാസ്താ ക്ഷേത്രത്തിലേക്കാണ് യാത്ര. കുളിയും ഇഞ്ചി ചതച്ചിട്ട അദ്‌രക്‌വാലി ചായയും കഴിഞ്ഞു പുറപ്പെട്ടു. ക്ഷേത്രത്തിനു മുന്നിൽ ചെന്നിറങ്ങിയതും കൺകുളിർന്നു. തനി കേരളീയ വാസ്തു രീതിയിലാണ് അമ്പലം. മുന്നിൽ ആൽത്തറ. ഗേറ്റ് കടന്നതും നാലമ്പലവും പ്രദക്ഷിണ വഴിയുമൊക്കെയായി നാട്ടിലെ പോലെ തന്നെ. ക്ഷേത്ര നടയിൽ മലയാളത്തനിമയോടെ സ്വീകരിക്കാൻ സെറ്റുസാരിയുടുത്തു നിൽക്കുന്ന ചെണ്ടക്കാരി, ഡൽഹിയിലെ പ്രജകളുടെ ഏർപ്പാടാണ്. പ്രദക്ഷിണ വഴിയിലേക്കു കാലെടുത്തു വച്ചതും ചെണ്ടയിലൊരു പെരുക്കം.
മാവേലിയുടെ സന്തോഷം ഇരട്ടിച്ചു. അപ്പോഴേക്കും തൊഴാൻ കാത്തുനിന്ന ഭക്തരും ഓടിയെത്തി. അൽപനേരത്തെ കുശലം. അതിനിടെ കേരളത്തിൽ നിന്നുള്ള വിദഗ്ധരെത്തി നിർമിച്ച ക്ഷേത്രത്തിന്റെ നിർമാണ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. പ്രഭാ സത്യകാസമേതനായ ശ്രീധർമശാസ്താവാണ് പ്രധാന പ്രതിഷ്ഠ. ഗണപതി, ദക്ഷിണാമൂർത്തി, അന്നപൂർണേശ്വരി, ഹനുമാൻ എന്നീ ഉപദേവതകൾ നാലമ്പലത്തിനകത്തും ശനിദേവൻ, നാഗദൈവങ്ങൾ എന്നീ ഉപദേവതകൾ പുറത്തും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രവും പരിസരവും കണ്ടുനടക്കുന്നതിനിടെ ഓഡിറ്റോറിയത്തിനരികിലായി മാവേലിക്ക് ചായയും പലഹാരവും റെഡി. മറ്റു ക്ഷേത്രം ജീവനക്കാരോടും തൊഴാൻ കാത്തുനിൽക്കുന്നവരോടും കുശലം പറഞ്ഞു പുറത്തേക്കിറങ്ങി ക്ഷേത്രമുറ്റത്തേക്കു കടന്നു. ചെണ്ടക്കാരിയേയും വിളിച്ചരികിൽ നിർത്തി. അനന്തരം ഡൽഹി ഓർമകളുടെ ഫ്രെയിമിലേക്കെടുത്ത് വയ്ക്കാൻ ഈ മനോഹര ചിത്രത്തിനായി പോസ് ചെയ്തു.