ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലെ ഗ്രാമീണ മേഖലകളിൽ ജനിച്ചു പഠിച്ചു വളർന്ന എട്ടു സ്ത്രീകൾ. വിവാഹത്തോടെ ഡൽഹിയിലേക്ക് പറിച്ചുനടപ്പെടുന്നു, കുടുംബവും കുട്ടികളുമായി ലോകം ചുരുങ്ങുന്നതിനിടെ അവരിലൊരാൾക്കൊരു ഒരുൾവിളി‌! ചെണ്ട പഠിച്ചാലോ? സമാനചിന്താഗതിയുള്ള എട്ടുപേരും ഒന്നിക്കുന്നു. സർവവിധ പിന്തുണയുമായി കുടുംബം പിന്നിൽ അണിനിരന്നെങ്കിലും നാൽപ്പതിനോനടുത്ത സ്ത്രീകൾ ചെണ്ട കൊട്ടാനോ എന്നു ചോദിച്ച്‌ നെറ്റിചുളിച്ചു നിരുത്സാഹക്കൂട്ടം പിന്നാലെക്കൂടി. അത്തരം പിന്തിരിപ്പുകാർക്കു മുന്നിലൂടെ പുഷ്പം പോലെ കൊട്ടിക്കയറി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുന്നിൽ വരെ വാദ്യമേളം‌ അവതരിപ്പിച്ച മലയാളി സ്ത്രീശക്തിയുടെ കഥയാണിത്.

മുൻവിധികൾ തിരുത്തിയെഴുതി കഴിഞ്ഞ 6 വർഷത്തിലേറെയായി ഡൽഹി എൻസിആറിലും രാജസ്ഥാൻ ഉൾപ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിലും ജൈത്രയാത്ര നടത്തുകയാണ് രാജ്യതലസ്ഥാന മേഖലയിലെ ഏക വനിതാ വാദ്യസംഘമായ ഷാലിമാർ ഗാർഡനിലെ ‘സോപാനം’. കണ്ണൂർ സ്വദേശികളായ പുഷ്പ ബാബു, ഷീജ നാണു, കോട്ടയം സ്വദേശികളായ കസ്തൂർബ ബാബു, മിനി സുരേന്ദ്രൻ, ജയ പ്രകാശ്, എറണാകുളം സ്വദേശി സുഷമാ വേണുഗോപാൽ, മൂവാറ്റുപുഴ സ്വദേശി ലതാ വിജയൻ, വയനാട് സ്വദേശി ദീപ രാംകുമാർ എന്നിവരാണ് സംഘാംഗങ്ങൾ. എല്ലാവരും ദിൽഷാദ് ഗാർഡനിലെ താമസക്കാർ.

ഡൽഹിയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ കലാപരിപാടികളിൽ വർഷങ്ങളായി സജീവം. കഥകളി, ശാസ്ത്രീയനൃത്തം, ഡബ്ബിങ്, നാടൻ പാട്ട്, തിരുവാതിര തുടങ്ങിയവയില്ലെല്ലാം മിടുക്കികൾ. 2019–ൽ ഇത്തരം ഒത്തുകൂടലിനിടെയാണ് ചെണ്ട പഠിച്ചാലോയെന്ന ആശയം ഉദിക്കുന്നത്. ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിലെ ചെറുതാഴം കുഞ്ഞിരാമൻ മാരാരെ കണ്ടു ആഗ്രഹം അറിയിച്ചു. സ്ത്രീമുന്നേറ്റത്തിനു പച്ചക്കൊടി വീശി കുഞ്ഞിരാമൻ മാരാർ കൂടി രംഗത്തെത്തിയതോടെ മേളം കൊഴുത്തു.പഞ്ചാരിമേളത്തിൽ തുടങ്ങിയ പഠനം ശിങ്കാരിമേളവും കടന്നു തായമ്പകയിലെത്തി.

ഇക്കാലത്തിനിടെ ഡൽഹിയിലും എൻസിആറിലും കേരള ഹൗസിലുമൊക്കെയായി നൂറോളം പരിപാടികളുടെ ഭാഗമായി. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലും ആവേശോജ്വലമായ പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ മേയിൽ വാദ്യസംഘം ഔദ്യോഗികമായി റജിസ്റ്റർ ചെയ്തു.പഠിതാക്കൾ ഉത്സാഹികളാണെന്നും ഗുരു കുഞ്ഞിരാമൻ മാരാർ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ കുഞ്ഞിരാമൻ മാരാരുടെ മകൻ അഭിഷേക് മാരാരാണ് സംഘത്തിന്റെ ഗുരു. പകൽ സമയത്തെ തിരക്കുകൾ ഒതുക്കി മുടങ്ങാതെ എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 7.30നാണ് ക്ലാസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com