ADVERTISEMENT

പാലക്കാട് ∙ രൂപതയെ അഭിമാനകരമായ ഉയരങ്ങളിലേക്കെത്തിച്ച മാർ ജേക്കബ് മനത്തോടത്തിനു പിൻഗാമിയായി പുതിയ ഇടയൻ ഇന്നു സ്ഥാനമേൽക്കും. സിറോ മലബാർ സഭ പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണം ഇന്നു ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തൃശൂർ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും.

സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സന്ദേശം നൽകും.വിവിധ സഭകളിൽ നിന്നുള്ള മുപ്പതോളം മെത്രാൻമാരും ഒട്ടേറെ വൈദികരും സന്യസ്തരും വിശ്വാസികളും ജനപ്രതിനിധികളും ചടങ്ങിൽപങ്കെടുക്കും. രാവിലെ 9ന് അതിഥികളെ സ്വീകരിക്കും. തുടർന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ മെത്രാനായി നിയമിച്ചുള്ള സിറോ മലബാർ സഭാധ്യക്ഷന്റെ നിയമനപത്രിക വായിക്കും. വിരമിക്കുന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിനുള്ള യാത്രയയപ്പും ഇതോടൊപ്പം നടക്കും. മാർ ജോസഫ് ഇരിമ്പനാണു പാലക്കാട് രൂപതയുടെ ആദ്യ ബിഷപ്.

പൊതുയോഗത്തിൽ സ്പീക്കർ മുഖ്യാതിഥി

11.30 ന് നടക്കുന്ന പൊതുയോഗം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയാകും. മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ജസ്റ്റിസ് കുര്യൻ ജോസഫ്, വി.കെ.ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, നഗരസഭാധ്യക്ഷ പ്രിയ അജയൻ, സുൽത്താൻപേട്ട ബിഷപ് ഡോ. പീറ്റർ അബിർ അന്തോണിസാമി, കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ, സിഎസ്ഐ മലബാർ മഹായിടവക ബിഷപ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ ഉൾപ്പെടെയുള്ളവർ പ്രസംഗിക്കും. മാർ ജേക്കബ് മനത്തോടത്തും മാർ പീറ്റർ കൊച്ചുപുരയ്ക്കലും മറുപടി പ്രസംഗം നടത്തും.

സ്ഥാനമേൽപിക്കൽശുശ്രൂഷ

മെത്രാൻപട്ടം സ്വീകരിക്കുന്ന വ്യക്തി ഒരു രൂപതയുടെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനു മുൻപാണ് സ്ഥാനമേൽപിക്കൽ ശുശ്രൂഷാകർമം നടത്തുക. എല്ലാ കത്തീഡ്രൽ പള്ളികളിലും രൂപതാധ്യക്ഷനു വേണ്ടി പ്രത്യേകം വേർതിരിച്ച ഇരിപ്പിടം ഉണ്ടായിരിക്കും. ഈ ഇരിപ്പിടത്തിലേക്കു നിയുക്ത രൂപതാധ്യക്ഷനെ ആനയിക്കുന്ന കർമം സ്ഥാനാരോഹണ ശുശ്രൂഷയിലെ പ്രധാനപ്പെട്ട ഒന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com