പടിഞ്ഞാറങ്ങാടിയിൽ സബ്സ്റ്റേഷൻ വരും
Mail This Article
കുമരനല്ലൂർ ∙ പടിഞ്ഞാറങ്ങാടി സബ്സ്റ്റേഷന് മന്ത്രിസഭയുടെ അംഗീകാരം. സ്ഥിരമായി വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന പടിഞ്ഞാറങ്ങടിയിൽ സബ് സ്റ്റേഷൻ വേണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, മന്ത്രി എം.ബി.രാജേഷ്, കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥർ, കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് തീരുമാനമായത്.പടിഞ്ഞാറങ്ങാടി മാവറയിൽ രണ്ടേക്കർ സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്നും വാങ്ങിയാണ് 110 കെവി സബ്സ്റ്റേഷൻ പണിയുക. ഇൗ സ്ഥലത്തേക്ക് വഴി ഒരുക്കാൻ സമീപപ്രദേശത്തെ ഭൂവുടമകളുമായി കപ്പൂർ പഞ്ചായത്ത് അധികൃതർ ധാരണയിൽ എത്തിയിട്ടുണ്ട്.രണ്ട് ടവറുകൾ കടന്നു പോകുന്ന പ്രദേശമായതിനാൽ സബ് സ്റ്റേഷനിലേക്ക് പുതിയ ടവറുകൾ സ്ഥാപിച്ച് ലൈൻ വലിക്കേണ്ട അധികബാധ്യത ബോർഡിന് ഒഴിവായിക്കിട്ടും എന്ന മെച്ചവും ഈ പ്രദേശത്തിനുണ്ട്.
22 കോടി രൂപയാണ് ഏകദേശ നിർമാണ ചെലവ്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റ് ഓഫിസ് ജോലികളും ഒരു മാസത്തിനകം പൂർത്തിയാക്കി മേയ് മാസത്തിൽ സബ് സ്റ്റേഷന് തറക്കല്ലിടാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.സബ് സ്റ്റേഷൻ യാഥാർഥ്യമാവുന്നതോടെ പറക്കുളത്തെ വ്യവസായ മേഖലയ്ക്കും വട്ടകുന്ന് മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾക്കും ഏറെ ഗുണകരമാകും. കൂറ്റനാട്, തൃത്താല, ചാലിശ്ശേരി, എടപ്പാൾ സബ് സ്റ്റേഷനുകളിലെ അവസാനഭാഗത്താണ് പടിഞ്ഞാറങ്ങാടി കുമ്പിടി സെക്‌ഷൻ ഓഫിസ് പരിധിയിലെ ഉപഭോക്താക്കൾ. രണ്ട് സെക്‌ഷനിലും കൂടി 30000 ഉപഭോക്താക്കളുണ്ട്.വിവിധ ഫീഡറുകൾ വഴി എത്തുന്ന വൈദ്യുതി ഏതെങ്കിലും ഫീഡറിൽ തകരാർ വന്നാൽ ബാക്ഫീഡ് ചെയ്യാൻ പോലും പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഓവർലോഡ് വന്ന് കണക്‌ഷൻ അടിക്കടി വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തിനും പുതിയ സബ് സ്റ്റേഷന്റെ വരവോടെ പരിഹാരമാകും.