നീന്താൻ പഠിച്ചോ? ചുറ്റും ആളുണ്ട് സഹായിക്കാൻ
Mail This Article
പാലക്കാട് ∙ നീന്തൽ അറിയാത്തതിനാൽ ഒട്ടേറെ പേരുടെ ജീവനാണു പുഴയിലും കുളത്തിലും നഷ്ടമാകുന്നത്. കുട്ടികളാണു മരിക്കുന്നവരിൽ ഭൂരിഭാഗവും. നീന്താൻ പഠിപ്പിക്കുക മാത്രമാണ് ഏക പ്രതിവിധി. നേരത്തെ നീന്തൽ അറിയുന്ന കുട്ടികൾക്കു പ്ലസ്‌വൺ പ്രവേശനത്തിനു ഗ്രേസ് മാർക്ക് നൽകിയിരുന്നു. എന്നാൽ അതിൽ പലരും ‘വെള്ളം ചേർക്കാൻ’ തുടങ്ങിയതോടെ ഗ്രേസ് മാർക്ക് നിലച്ചു. അതോടെ നീന്തൽ പഠനവും നിലച്ചു. നീന്തലിന്റെ പ്രാധാന്യം മനസ്സിലായതോടെ പലയിടത്തും തദ്ദേശസ്ഥാപനങ്ങൾ വിവിധ സംഘടനകളുടെ സഹായത്തോടെ നീന്തൽ പഠിപ്പിക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും രംഗത്തുണ്ട്. ഒട്ടേറെ കുളങ്ങളാൽ സമൃദ്ധമാണു പാലക്കാട്. അവഗണിക്കപ്പെട്ടു കിടക്കുന്ന കുളങ്ങൾ നവീകരിച്ച് നീന്തൽ പരിശീലനത്തിനായി ഉയോഗിക്കാവുന്നതാണ്. ഈ അവധിക്കാലത്ത് വീട്ടിലെ കുട്ടികളെ നീന്തൽ പഠിപ്പിക്കാമെന്ന ‘ടാസ്ക്’ ഏറ്റെടുക്കാം രക്ഷിതാക്കൾക്ക്. മുതിർന്നവർക്കും നീന്തൽ പഠിക്കാം.
നീന്തൽ പഠിക്കാൻ സൗകര്യം
പൊലീസ് ക്യാംപ്
മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിൽ 25 മുതൽ മേയ് 14 വരെ നീന്തൽ പരിശീലന ക്യാംപ് നടക്കും. ക്യാംപിലെ ആധുനിക സൗകര്യങ്ങളുള്ള സ്വിമ്മിങ് പൂളിലാണു പരിശീലനം. പ്രശസ്ത നീന്തൽ താരങ്ങളാണു പരിശീലനം നൽകുക. വനിതകൾക്കു പ്രത്യേക സമയവും കോച്ചും ഉണ്ടാകും. ഫോൺ: 9497937070
പറളി ഹൈസ്കൂൾ
പറളി ഹയർ സെക്കൻഡറി സ്കൂളിൽ നീന്തൽ പരിശീലനം തുടങ്ങി. 25 മീറ്റർ ട്രാക്കിൽ വിവിധ പ്രദേശത്തു നിന്നായി 60 വിദ്യാർഥികളാണ് ഇപ്പോൾ പരിശീലനം നേടുന്നത്. രാവിലെ 7 മുതൽ 8 വരെയും വൈകിട്ട് 4 മുതൽ 5 വരെയും രണ്ട് ഷിഫ്റ്റുകളായാണു പരിശീലനം. നീന്തൽ മത്സരത്തിൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മെഡൽ നേടാൻ പ്രാപ്തരാക്കുകയാണു ലക്ഷ്യമെന്നു പരിശീലകനും കായികാധ്യാപകനുമായ പി.ജി. മനോജ് പറഞ്ഞു. ഫോൺ: 9447624052
നെന്മാറയിൽ
∙ നെന്മാറ കോതകുളത്തിൽ കേരള പൊലീസ് പെൻഷനേഴ്സ് അക്വാറ്റിക് ക്ലബ് സൗജന്യ നീന്തൽ പരിശീലനം നൽകിവരുന്നു. ഫോൺ: 9446086983.
∙ നെന്മാറ നെല്ലിക്കുളങ്ങര അമ്പലക്കുളത്തിൽ ജനമൈത്രി പൊലീസും എസ്എൻ അക്വാറ്റിക് ക്ലബ്ബും സൗജന്യ നീന്തൽ പരിശീലനം നൽകിവരുന്നു. ഫോൺ. 9400643717
കാക്കയൂർ
കാക്കയൂരിൽ പ്രിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ 36 വർഷമായി നീന്തൽ പരിശീലനം നൽകുന്നുണ്ട്. ഒട്ടേറെ നീന്തൽതാരങ്ങളാണ് ഇവിടെ നിന്നു വളർന്നത്. ദേശീയതാരമായ സി.സുരേഷാണ് 22 വർഷമായി പരിശീലനം നൽകുന്നത്. വിവരങ്ങൾക്ക്: 9496289338
പല്ലശ്ശനയിൽ പരിശീലനം
പല്ലശ്ശന ഒക്കണാംകോട് കുളത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനം നൽകുന്നുണ്ട്. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവരുടെ മേൽനോട്ടത്തിലാണു പരിശീലനം. പ്രാദേശികമായും അല്ലാതെയുമുള്ളവർ ഇവിടെ പരിശീലനം നേടുന്നുണ്ട്.
സേവനവുമായി കായികാധ്യാപകൻ
നീന്തൽ പഠിക്കാൻ താൽപര്യമുള്ളവർക്കു സൗജന്യമായി പരിശീലനം നൽകി കായികാധ്യാപകൻ. ചിറ്റൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനും പെരുവെമ്പ് സ്വദേശിയുമായ പി.വേലുക്കുട്ടിയാണു തന്നെ തേടിയെത്തുന്ന കുട്ടികൾക്കു സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുതിരക്കുളത്തിലാണു പരിശീലനം. ആഴം കുറഞ്ഞതും തെളിഞ്ഞ വെള്ളമുള്ളതുമായ കുളമാണെങ്കിലും കുട്ടികളുടെ സുരക്ഷയ്ക്കാവശ്യമായ ഉപകരണങ്ങളോടു കൂടിയാണ് പരിശീലനം. കഴിഞ്ഞ 2 വർഷത്തിലേറെയായി ഒട്ടേറെ കുട്ടികൾക്ക് വേലുക്കുട്ടി പരിശീലനം നൽകിയിട്ടുണ്ട്. വേനലവധിയായതിനാൽ ഇപ്പോഴും പത്തിലധികം കുട്ടികൾ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ നീന്തൽ പഠിക്കുന്നു. അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 8 വർഷം മുൻപാണ് കായികാധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. 94957 52092.
നീന്തൽ പഠിപ്പിക്കാൻ എംഎൽഎമാരും
നീന്തലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജില്ലയിലെ എംഎൽഎമാർ നീന്തൽ പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ സൗകര്യങ്ങളും സ്വകാര്യസ്ഥാപനങ്ങളുടെ സൗകര്യങ്ങളും ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
എം.ബി.രാജേഷിന്റെ എൻലൈറ്റ് പദ്ധതി
വീട്ടിൽ കുളമുണ്ടായിട്ടും നീന്തൽ പഠിക്കാത്തതിന്റെ വിഷമം തിരിച്ചറിഞ്ഞാണ് തന്റെ നിയോജകമണ്ഡലമായ തൃത്താലയിൽ കുട്ടികൾക്കു നീന്തൽ പരിശീലനം നൽകാൻ മുന്നിട്ടിറങ്ങിയതെന്നു മന്ത്രി എം.ബി.രാജേഷ് പറയുന്നു. എൻലൈറ്റ്- സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണു നീന്തൽ പരിശീലനവും ഉൾപ്പെടുത്തിയത്. വേനലവധിക്കാലത്ത് യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ നടത്തിയ നീന്തൽ പരിശീലനം ആവേശകരമായി. പട്ടിത്തറ പഞ്ചായത്തിലെ പറക്കുളം സിഎസ് സ്പോർട്സ് ഹബ്ബിലെ നീന്തൽക്കുളത്തിലാണു പരിശീലനം. രണ്ടാം ബാച്ച് 25ന് ആരംഭിക്കുകയാണ്. വരും വർഷങ്ങളിൽ കൂടുതൽ പഞ്ചായത്തുകളിലേക്കു പദ്ധതി വ്യാപിപ്പിക്കും.
തൊഴിൽ നേടാനും സുമോദിന്റെ നീന്തൽ സഹായം
കുട്ടികൾക്കുള്ള നീന്തൽ പരിശീലനം മാത്രമല്ല വിവിധ സർക്കാർ ജോലികൾക്കു നിർബന്ധമായ നീന്തൽ പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനവും തരൂർ എംഎൽഎ പി.പി.സുമോദിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. മണ്ഡലത്തിൽ നടത്തിവരുന്ന സ്വിം തരൂർ പദ്ധതിയുടെ ഭാഗമായാണിത്. കഴിഞ്ഞ വർഷങ്ങളിൽ വടക്കഞ്ചേരി മദർ തെരേസ സ്കൂളിൽ നീന്തൽപരിശീലനം നൽകിയിരുന്നു. ഇത്തവണ കൂടുതൽ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നു. വിവരങ്ങൾക്ക്: 9846712880 (വി.എസ്.സ്മിനേഷ്കുമാർ, കോ–ഓർഡിനേറ്റർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ)
മാനത്തോളം പദ്ധതിയുമായി പ്രേംകുമാർ
ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ ‘മാനത്തോളം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏതാനും സ്കൂളുകളിൽ നീന്തൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് കെ.പ്രേംകുമാർ എംഎൽഎ അറിയിച്ചു.
ചിറ്റൂർ–തത്തമംഗലം നഗരസഭ
ഇരുന്നൂറിലധികം കുട്ടികൾക്കാണു സൗജന്യമായി നീന്തൽ പരിശീലനം നൽകിയത്. 30 പേരടങ്ങുന്ന 7 ബാച്ചുകളായാണു പരിശീലനം ഒരുക്കിയത്. സ്കൂൾ പ്രവൃത്തി ദിവസങ്ങളിലാണു ലങ്കേശ്വരം കുളത്തിൽ പരിശീലനം നൽകിയിരുന്നത്. വേനലവധി ആയതിനാൽ പരിശീലനം നിർത്തിവച്ചെങ്കിലും മുൻപ് പരിശീലനം നേടിയ കുട്ടികൾ കുറച്ചുകൂടി പഠിക്കണമെന്നാവശ്യപ്പെട്ടതോടെ പരിശീലനം തുടരുന്നുണ്ട്. ഇതോടൊപ്പം സൗജന്യ പരിശീലനവും നൽകുന്നുണ്ട്. 9645741079.