ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആക്രമണം; അക്രമികൾ പത്മനാഭനൊപ്പം ഒറ്റപ്പാലത്തു ട്രെയിനിറങ്ങി
Mail This Article
ഒറ്റപ്പാലം∙ മായന്നൂർ പാലത്തിനു സമീപം ഭാരതപ്പുഴയിൽ തമിഴ്നാട് സ്വദേശിയായ വ്യാപാരിയെ ആക്രമിച്ച സംഘത്തിൽ 5 പേരെന്നു പൊലീസ്. പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടു. തമിഴ്നാട് കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിലെ പത്മനാഭനെ (41) വെട്ടിയും കുത്തിയും പരുക്കേൽപിച്ചെന്ന കേസിലാണു തമിഴ്നാട് കേന്ദ്രീകരിച്ച് ഒറ്റപ്പാലം പൊലീസിന്റെ അന്വേഷണം. ആക്രമണത്തിൽ 3 പേർക്കു നേരിട്ടു പങ്കാളിത്തമുണ്ടെന്നാണു നിലവിലെ കണ്ടെത്തൽ. മറ്റു 2 പേർ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൂടെയുണ്ടായിരുന്നെന്നും അന്വേഷണസംഘം കരുതുന്നു.
പത്മനാഭൻ ഒറ്റപ്പാലത്തേക്കു യാത്ര ചെയ്തിരുന്ന ട്രെയിനിൽ പാലക്കാട്ടു നിന്നാണ് അഞ്ചംഗ സംഘം കയറിയതെന്നു നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണെന്നു പൊലീസ് അറിയിച്ചു. പത്മനാഭനൊപ്പം ഇവരും ഒറ്റപ്പാലത്തു ട്രെയിനിറങ്ങി. വാണിയംകുളം ചന്തയിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായി പുഴയിൽ കുളിക്കാനിറങ്ങിയ പത്മനാഭനെ അക്രമിസംഘം പിന്തുടർന്ന ശേഷം ആക്രമിച്ചെന്നാണു പൊലീസ് കരുതുന്നത്. പ്രതികൾ തമിഴ്നാട്ടുകാരാണെന്നും ക്വട്ടേഷൻ ഇടപാടാണെന്നുമുള്ള സംശയവും ബലപ്പെടുകയാണ്. അക്രമിസംഘത്തിൽ ഉൾപ്പെട്ട യുവാക്കളെ പത്മനാഭനു മുൻപരിചയമില്ലെന്നു പൊലീസ് പറയുന്നു.
നാട്ടിൽ ഒട്ടേറെ സാമ്പത്തിക ഇടപാടുകളിൽ കണ്ണിയായ പത്മനാഭനെതിരായ വ്യക്തി വൈരാഗ്യമാണ് അക്രമത്തിലേക്കു നയിച്ചതെന്നാണു സംശയം. വ്യാഴാഴ്ചകളിൽ നടക്കാറുള്ള വാണിയംകുളം കന്നുകാലിച്ചന്തയിൽ സ്ഥിരമായി എത്താറുള്ള ഇയാൾക്കു കേരളത്തിൽ കാര്യമായ ശത്രുക്കളില്ലെന്നു നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചന്തയിലേക്കു കച്ചവടത്തിനു പോകാനായി രാവിലെ ഏഴരയോടെ ട്രെയിനിറങ്ങി ഭാരതപ്പുഴയിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. തലയിലും മുതുകിലും കഴുത്തിലുമായിരുന്നു പരുക്ക്.