ADVERTISEMENT

പാലക്കാട് ∙ മഴക്കാലത്തും വേനൽക്കാലത്തും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കവചിത കണ്ടക്ടർ ലൈൻ പദ്ധതി വ്യാപിപ്പിക്കാൻ കെഎസ്ഇബി ഒരുങ്ങുന്നു. ജില്ലയിൽ പാലക്കാട്, ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിളുകൾക്കു കീഴിൽ വിവിധ സെക്‌ഷനുകളിൽ ഇത്തരം ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗതിയിലാണ്. മരക്കൊമ്പും തെങ്ങിൻപട്ടയും വീണു വൈദ്യുതി തടസ്സപ്പെടുന്നത് ഒഴിവാക്കാനും സുരക്ഷിതമായി വൈദ്യുതി വിതരണം ചെയ്യാനും കവചിത ലൈനുകൾ വഴി സാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എലപ്പുള്ളി ഊറപ്പാടത്ത് ഹൈ ടെൻ‌ഷൻ ലൈനിനു മുകളിലേക്കു തെങ്ങു വീണിട്ടും വൈദ്യുതി മുടങ്ങിയില്ല.

സ്ഥലം ഉടമസ്ഥനാണ് 2 ദിവസം കഴിഞ്ഞു വിവരം കെഎസ്ഇബിയിൽ അറിയിച്ചത്. ഈ സമയമത്രയും വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടായില്ല. തെങ്ങു വെട്ടി മാറ്റാൻ വേണ്ടി 20 മിനിറ്റു മാത്രമാണ് ലൈൻ ഓഫ് ചെയ്യേണ്ടി വന്നത്. കവചിത ലൈൻ ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി വിതരണം നടത്തുന്നത്. പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കണമെന്നും ശുപാർശയുണ്ട്. കനത്ത മഴയിലും കാറ്റിലും പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ മരം പൊട്ടി വീണും മറ്റും ദിവസങ്ങളോളം വൈദ്യുതി തടസ്സം പതിവാണ്.  

കവചം ഇല്ലാത്ത ഒരു മീറ്റർ വൈദ്യുതി കമ്പിക്കു 70 രൂപയാണു വില. ഇതു കവചിത കണ്ടക്ടർ ആക്കാൻ മീറ്ററിന് 50 രൂപയിൽ താഴെ മാത്രമേ അധികച്ചെലവു വരൂ. പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ലിമിറ്റഡുമായി ധാരണയുണ്ടാക്കിയാണ് കെഎസ്ഇബി പദ്ധതി നടപ്പാക്കുന്നത്. പുറത്തു നിന്നു കവചിത വൈദ്യുതി ലൈൻ വാങ്ങണമെങ്കിൽ മീറ്ററിനു 350 മുതൽ 450 രൂപവരെ വിലയുണ്ട്. കെഎസ്ഇബി ഇപ്പോൾ നടപ്പാക്കുന്ന കവചിത കേബി‍ൾ പദ്ധതിക്ക് ബെംഗളൂരു സെൻട്രൽ പവർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരവും ഉണ്ട്.

എച്ച്ടി, എൽടി ലൈനുകളിൽ കവചിത കണ്ടക്ടർ പദ്ധതി നടപ്പാക്കുന്നുണ്ട്. സാധാരണ ഒരു മരക്കൊമ്പോ മറ്റോ പൊട്ടി വീണാൽ ആ ഫീഡർ പരിധിയിലെ മുഴുവൻ വൈദ്യുതി വിതരണവും നിലയ്ക്കും. പിന്നീട് 3 ടെസ്റ്റ് ചാർജിനു ശേഷമേ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കൂ. തകരാർ ഗുരുതരമെങ്കിൽ അതു കണ്ടെത്തി പരിഹരിക്കാ‍ൻ വീണ്ടും സമയമെടുക്കും. സാധാരണ ഒരു ഫീഡർ പരിധിയിൽ ശരാശരി 100 ട്രാൻസ്ഫോർമറുകളും ഒരു ട്രാൻസ്ഫോമറിനു കീഴിൽ 100 മുതൽ 150 വരെ വൈദ്യുതി കണക്‌ഷനും ഉണ്ടാകും. തകരാർ പരിഹരിക്കുന്നതുവരെ ആയിരക്കണക്കിനു കണക്‌ഷനുകളിൽ വൈദ്യുതി ഉണ്ടാകില്ല. അതേ സമയം കവചിത വൈദ്യുതി ലൈൻ വഴി ഇത്തരം തടസ്സങ്ങൾ പൂർണമായും ഒഴിവാക്കാനാകും. കൂടുതൽ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.

English Summary:

KSEB Moves Forward with Shielded Power Lines to Enhance Safety and Reliability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com