അവിടെ ദേശീയപാത 66 നിർമാണം, ഇപ്പുറത്ത് വീടിന്റെ കോൺക്രീറ്റിങ്; രണ്ടും ചെയ്യുന്നത് ഒരേ കമ്പനി!
Mail This Article
വടകര ∙ ദേശീയപാത വിപുലീകരണ ജോലി ഏറ്റെടുത്ത കമ്പനി നഗരത്തിലും പരിസരത്തും സ്വകാര്യ കെട്ടിടങ്ങളുടെ കോൺക്രീറ്റ് നടത്തുന്നത് വിവാദമായി. പാതയുടെ പണിക്കു വേണ്ടി സ്ഥാപിച്ച് പ്ലാന്റിൽ നിന്ന് കോൺക്രീറ്റ് മിശ്രിതം ഉണ്ടാക്കിയ ശേഷം നിർമാണ സ്ഥലത്ത് എത്തിക്കുകയും വാർപ്പിനു വേണ്ടി ഒരുക്കിയ സ്ഥലത്ത് കുഴൽവഴി നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇതിനുള്ള അനുമതി കമ്പനിക്ക് ഇല്ലെന്ന് ആരോപിച്ചു പലയിടത്തും നാട്ടുകാർ പണി തടഞ്ഞിരുന്നു. അതിനുള്ള ലൈസൻസ് ഉണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്. എന്നാൽ, പാതയുടെ പണിക്കു കൊണ്ടു വന്ന സിമന്റും മറ്റും ഉന്നത നിലവാരത്തിലുള്ളതാണ്. അവ ഉപയോഗിച്ച് പുറമേ കോൺക്രീറ്റ് ചെയ്തു കൊടുക്കുമ്പോൾ പാതയുടെയും ഉയരപ്പാതയുടെയും നിർമാണത്തിനു നിലവാരം കുറഞ്ഞവ ഉപയോഗിക്കുമോ എന്ന ആശങ്ക നാട്ടുകാർ പങ്കുവയ്ക്കുന്നു.
നഗരത്തിലൂടെ പോകുന്ന പാതയുടെ വലിയൊരു ഭാഗം ഉയരപാതയാണ്. ഇതിന്റെ നിർമാണത്തിന് നിലവാരമുള്ള സാമഗ്രികൾ ഉറപ്പു വരുത്തേണ്ടതുണ്ട്. നിലവിൽ കമ്പനി നിർമിച്ച സർവീസ് റോഡും അനുബന്ധ ഓവുചാലും നടപ്പാതയുടെ സ്ലാബും പലയിടത്തും തകർന്നിരുന്നു.
ഭീഷണിയായി മണ്ണിടിച്ചിലും മരണക്കുഴികളും റിപ്പോർട്ട് തേടി ഗഡ്കരി, റിയാസ്
വടകര∙ ദേശീയപാത 66 നിർമാണത്തിനിടെ മുക്കാളി, മടപ്പള്ളി, വിയ്യൂർ മല ഉൾപ്പെടെ പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മണ്ണിടിച്ചിൽ കാരണം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാണെന്നും കർണാടകയിലെ അങ്കോള മാതൃകയിൽ അപകടങ്ങൾക്കു സാധ്യതയുണ്ടെന്നും കാണിച്ച് ഷാഫി പറമ്പിൽ എംപി നേരിട്ട് കണ്ട് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനും വെള്ളക്കെട്ടിന്റെ ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദേശീയ ഹൈവേ അതോറിറ്റി ചെയർമാന്റെ അധ്യക്ഷതയിൽ യോഗം വിളിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും സത്വര നടപടിയെടുക്കുന്നതിന് നിർദേശം നൽകുകയുമായിരുന്നു. മണ്ണിടിഞ്ഞു വീണ സ്ഥലങ്ങളിലെ ഫോട്ടോകളും വിഡിയോയും മന്ത്രിയെ കാണിച്ചു.
നേരത്തെ എംപിയും പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെയുള്ളവരും വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ചിരുന്നു. അതിന്റെ ഭാഗമായി പരിഹാര നടപടി ആരംഭിച്ചെങ്കിലും ശാശ്വത പരിഹാരം അനിവാര്യമാണെന്ന് എംപി ആവശ്യപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളുടെ മുകളിൽ താമസിക്കുന്നവരുടെ വീടുകളിൽ വിള്ളൽ വീണതും ജലസ്രോതസുകൾ തടസ്സപ്പെട്ടതും ഭൂമി വിണ്ടു കീറുന്നതും ഉൾപ്പെടെയുള്ളവ ചിത്രം സഹിതം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സുരക്ഷയെ കരുതി ഈ സ്ഥലങ്ങൾ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടതാണെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി.
ജസ്റ്റിൻ ചോദിക്കുന്നു: എവിടെ ജസ്റ്റിസ് ?
കോഴിക്കോട്∙ ഒമാനിലെ ജോലി ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിനു നാട്ടിലെത്തിയ പ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ഇന്നു വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് മലാപ്പറമ്പ് പാച്ചാക്കിൽ 'ശാലോം' ജസ്റ്റിൻ ശ്രീധരന്. 4 സെന്റ് ദേശീയപാത വികസനത്തിനു വിട്ടുകൊടുത്തിരുന്നു. പ്രവൃത്തി ആരംഭിച്ചതു മുതൽ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ അർധരാത്രി ഗേറ്റിനു മുന്നിൽ സർവീസ് റോഡ് നിർമാണത്തിനായി മണ്ണിട്ടു, വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ എടുത്തുമാറ്റാനുള്ള സാവകാശം പോലും നൽകിയില്ല. പിന്നീട് പരാതിയെ തുടർന്ന് മണ്ണ് മാറ്റി. അന്നു മുതൽ 2 വർഷമായി മകന്റെ 2 കാറുകളും റോഡരികിൽ നിർത്തിയിട്ടിരിക്കുകയാണ്. മഴ പെയ്യുമ്പോൾ വീടിന് അകത്തേക്കു വെള്ളം ഒലിച്ചെത്തും. പരാതിക്കൊടുവിൽ ദേശീയപാത അധികൃതർ പൈപ്പിട്ട് പരിഹരിച്ചു. സർവീസ് റോഡ് ഉയർത്തിയപ്പോൾ വീട്ടിലേക്കുള്ള വഴി ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല. ജസ്റ്റിൻ ശ്രീധരന് മാസത്തിലൊരിക്കൽ ആശുപത്രിയിൽ പോകാൻ പോലും പറ്റുന്നില്ല. സ്വന്തം ചെലവിൽ പടികൾ നിർമിച്ചാണ് വീട്ടിലേക്കുള്ള വഴിയൊരുക്കിയത്. ഇതേ സർവീസ് റോഡ് മണ്ണിട്ട് ഉയർത്തിയപ്പോൾ പ്രദേശത്തെ 5 കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് നിലവിൽ വഴിയൊരുക്കി നൽകിയിട്ടുണ്ട്.
ഉദ്യോഗസ്ഥരോടു വിശദീകരണം തേടി മുഹമ്മദ് റിയാസ്
കോഴിക്കോട്∙ മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കുഴിയോരക്കാഴ്ച’ വാർത്തയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അടിയന്തര ഇടപെടൽ. പൊളിഞ്ഞു കിടക്കുന്ന വിവിധ റോഡുകൾ സംബന്ധിച്ചു മന്ത്രി ഉദ്യോഗസ്ഥരോടു വിശദീകരണം തേടി. ജലജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കുന്നതു കാരണമുള്ള കാലതാമസവും മഴയുമാണ് മിക്ക റോഡുകളിലെയും കുഴികൾക്കു കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരണം നൽകി. പൈപ്പ് സ്ഥാപിക്കാനായി ജല അതോറിറ്റി കൃത്യസമയത്ത് പണി പൂർത്തിയാക്കാത്തതും തിരിച്ചടിയാണ്. അതേസമയം, അടിയന്തര അറ്റകുറ്റപ്പണി വേണ്ട റോഡുകളിൽ മഴ നിൽക്കുന്ന മുറയ്ക്ക് പണി തുടരുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കുഴി റോഡുകൾ എന്നു നന്നാക്കും എന്നതു സംബന്ധിച്ചു മന്ത്രിയുടെ ഓഫിസ് നൽകുന്ന ഉറപ്പ് ഇങ്ങനെയാണ്...
പുതിയങ്ങാടി– പുറക്കാട്ടിരി– അണ്ടിക്കോട്–അത്തോളി റോഡ് നിലവിൽ ഈ റോഡ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജല അതോറിറ്റിക്കു നൽകിയിരിക്കുകയാണ്. എന്നാൽ, കാലാവധിക്കു മുൻപ് അവർ റോഡ് തിരിച്ചേൽപിച്ചില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞ ഭാഗം ഗതാഗത യോഗ്യമാക്കണമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്കു നേരത്തെ നിർദേശം നൽകിയതാണ്. ജല അതോറിറ്റിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ കഴിഞ്ഞ് റോഡ് കേരള റോഡ് ഫണ്ട് ബോർഡിനു കൈമാറുന്ന മുറയ്ക്ക് ടാറിങ് തുടങ്ങും. ഈ റോഡിന്റെ സമ്പൂർണ പരിഷ്കരണത്തിന് കിഫ്ബിയിൽ നിന്ന് 82.36 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. റോഡ് നന്നാക്കുന്നതിന് 4.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2.6 കോടി രൂപ കൂടി ഉടൻ അനുവദിക്കും.
∙തോട്ടുമുക്കം– പുതിയനിടം റോഡ്
ഇടയിലുള്ള ഭാഗം തോട്ടുമുക്കം – വാലില്ലാപുഴ റോഡിന്റെ ഭാഗമാണ്. ഇവിടെ ജില്ലാ പഞ്ചായത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലും ജലജീവൻ മിഷൻ പദ്ധതിക്കായി അനുമതി നൽകിയതിനാലുമാണ് പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി നടത്താത്തത്. ഇതു കഴിയുന്നതോടെ റോഡ് നന്നാക്കും.
∙ഓമശ്ശേരി – തിരുവമ്പാടി റോഡ്
ഓമശ്ശേരി ഭാത്തുള്ള 600 മീറ്റർ വരെ ജലജീവൻ മിഷൻ പദ്ധതിക്കായി ജല അതോറിറ്റിക്കു കൈമാറിയിരിക്കുകയാണ്. പണി കഴിഞ്ഞു പൊതുമരാമത്തു വകുപ്പിനെ ഏൽപിച്ചിട്ടില്ല. ഇതിൽ കുറച്ചു ഭാഗം നബാർഡിന്റെ പ്രവൃത്തിക്കായി യുഎൽസിസിക്കു കൈമാറിയിട്ടുണ്ട്. ബാക്കി ഭാഗം പൊതുമരാമത്ത് വകുപ്പ് ഉപരിതല പ്രവൃത്തി നടത്തി.
∙ബാലുശ്ശേരി – കൂരാച്ചുണ്ട് റോഡ്
5 മുതൽ 11 കിലോമീറ്റർ വരെ പ്രവൃത്തി 99 ശതമാനവും പണി പൂർത്തിയാക്കി. ഊളേരി ഭാഗത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ കുഴി അടിയന്തരമായി അടയ്ക്കാൻ കരാറുകാരനോടു നിർദേശിച്ചു. പതിയിൽ ഭാഗത്തു രൂപപ്പെട്ട കുഴികൾ മഴ മാറിയാൽ അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
∙കല്ലോട് പാലേരി റോഡ്
7 കിലോമീറ്ററിൽ 4.5 കോടി രൂപയുടെ പ്രവൃത്തിക്കായി കരാറുകാരനു കൈമാറിയതാണ്. എന്നാൽ, ജലജീവൻ മിഷൻ പദ്ധതി കാരണം വൈകി. പിന്നീട് പണി പൂർത്തിയാക്കി ജല അതോറിറ്റി റോഡ് കൈമാറിയെങ്കിലും മഴ പെയ്തതോടെ പണി പൂർത്തിയാക്കാൻ സാധിച്ചില്ല. കനത്ത കുഴികൾ താൽക്കാലികമായി പരിഹരിക്കുന്നു. മഴ മാറുന്ന മുറയ്ക്ക് ബാക്കി പൂർത്തീകരിക്കും.
∙പൂതംപാറ–ചൂരണി–പക്രംതളം റോഡ്
പകുതി ദൂരം ഗതാഗത യോഗ്യമാണ്. ബാക്കിയുള്ള ഭാഗം പൂർണമായും ടാറിങ് പൊട്ടിപ്പൊളഞ്ഞ് മൺ റോഡ് രൂപത്തിലാണ്. ഇവിടെ പുനരുദ്ധാരണം നടത്താൻ 4 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ പണി തുടങ്ങും.
∙കുമ്മങ്കോട് വരിക്കോളി റോഡ്
നാദാപുരം മണ്ഡലത്തിലെ കുമ്മങ്കോട്–വരിക്കോളി റോഡ് നാദാപുരം പഞ്ചായത്തിനു കീഴിലുള്ളതാണ്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി കുമ്മങ്കോട് വരിക്കോളി റോഡ് അടക്കമുള്ളയുടെ നവീകരണത്തിനായി 3 കോടി രൂപയുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
∙തണ്ണീർപന്തൽ–മാളിക്കടവ് റോഡ്
1.4 കിലോമീറ്ററിൽ നിലവിൽ ജൽജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവൃത്തിയുടെ ടെൻഡർ പൂർത്തിയാക്കി. പൂർണമായി തകർന്ന റോഡിൽ താൽകാലിക അറ്റകുറ്റപ്പണി പ്രായോഗികമല്ല. തകർന്ന ഭാഗങ്ങൾ ബിറ്റുമിൻ ഉപയോഗിച്ച് ഉയർത്തി ശാസ്ത്രീയമായി അറ്റുകുറ്റപ്പണി നടത്താൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ റോഡ് തൽക്കാലം ഗതാഗത യോഗ്യമാകും. റോഡ് പൂർണമായി നന്നാക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി സമർപ്പിച്ചിട്ടുണ്ട്. ഈ പ്രവൃത്തി കൂടി ചെയ്യുന്നതോടെ പൂർണമായും ഗതാഗത യോഗ്യമാകും.
മന്ത്രിയുടെ മണ്ഡലത്തിൽ കുഴിയില്ലാ റോഡുകൾ
മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ബേപ്പൂർ മണ്ഡലത്തിൽ റോഡുകളിൽ കുഴിയില്ലാ യാത്ര. മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം ദേശീയപാത നിലവാരത്തിൽ നവീകരിച്ചു. ഫറോക്ക് നഗരത്തിലൂടെ കടന്നു പോകുന്ന ഓൾഡ് എൻഎച്ച് റോഡിലും കരുവൻതിരുത്തി റോഡിലും ഒറ്റപ്പെട്ട ഇടങ്ങളിൽ കുഴികളുണ്ടെങ്കിലും മറ്റു മിക്ക റോഡുകളിലും ഗതാഗത തടസ്സമില്ല. മന്ത്രിയുടെ മണ്ഡലമായതിനാൽ റോഡിൽ ഒരു കുഴി രൂപപ്പെട്ടാൽ ഉടൻ നാട്ടുകാർ അധികൃതരെ അറിയിക്കും. ഇതിന് ഉദ്യോഗസ്ഥ തലത്തിൽ അടിയന്തര ഇടപെടലും ഉണ്ടാകുന്നു. നവീകരിച്ച റോഡുകളിൽ ‘ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്’ എന്നു സൂചിപ്പിച്ച് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പേരും നമ്പറും എഴുതിയ ബോർഡ് സ്ഥാപിച്ചതും ഗുണകരമായി.