ഒരു നിമിഷം കണ്ണുകൾ മയക്കത്തിലേക്ക് പോയി;തണുത്ത് തുടങ്ങിയ ശരീരം സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്നത് കണ്ട അർജുൻ നടുങ്ങി
Mail This Article
മോഹനേട്ടന്റെ മൂന്നാം മരണവാർഷികമായിരുന്നു. അന്നെങ്കിലും, അതേ പറ്റി ഓർത്ത് സങ്കടപ്പെടാൻ പോലും അവൾക്ക് അന്ന് സമയം കിട്ടിയതേയില്ല. രാവിലെ മുതൽ തയ്യൽ മെഷീന്റെ മുൻപിലാണ്. ഒരു പാട് തുന്നാനുണ്ട്. നാളെ മോൾക്ക് സെമസ്റ്റർ ഫീസ് അടക്കേണ്ട അവസാന ദിവസമാണ്.
മോൾ ബിടെക്ക് ആദ്യ വർഷം ചേർന്നപ്പോഴാണ് ബസ് ഓടിക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ച് ചേട്ടൻ മരിക്കുന്നത്. ജീവിച്ചിരുന്നപ്പോൾ മോഹനേട്ടൻ അവരുടെ ഒരു കാര്യത്തിനും കുറവ് വരുത്തിയിരുന്നില്ല. പക്ഷേ ചേട്ടന്റെ മരണത്തോടെ അവസ്ഥ മാറി. മോളുടെ പഠിത്തം നിർത്താൻ പലരും പറഞ്ഞെങ്കിലും സുനന്ദ സമ്മതിച്ചില്ല. മോഹനനേട്ടന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അവളുടെ വിദ്യാഭ്യാസം.
അതുകൊണ്ട് തോറ്റ് കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു. ഇൻഷുറൻസ് കിട്ടിയ തുകയിൽ നിന്ന് ഒരു തയ്യൽ മെഷിൻ മേടിച്ചു. ബാക്കി മോളുടെ പഠിത്തതിനായി ബാങ്കിൽ ഇട്ടെങ്കിലും, പലപ്പോഴായി ഓരോ ആവശ്യങ്ങൾക്കായി എടുത്ത് തീർന്നു. ഫീസ് അടക്കാൻ ഈ തുന്നുന്നതിൽ നിന്ന് എന്തായാലും പറ്റുമെന്ന് തോന്നുന്നില്ല. ആരോടെങ്കിലും കടം മേടിക്കേണ്ടി വരും. ആരോട് ചോദിക്കാനാണ്. കടം മേടിച്ചാൽ തന്നെ എങ്ങനെ തിരിച്ച് കൊടുക്കാനാണ്.
ഇനിയും ഒരു വർഷം കൂടി പഠിത്തമുണ്ട്. ബാങ്കിൽ കിടന്ന കാശ് കൊണ്ട് ഇത് വരെ കാര്യങ്ങൾ നടത്തി. മുൻപോട്ട് എന്ത് ചെയ്യും? ഓർക്കുമ്പോൾ തന്നെ അവൾക്ക് ഭാന്ത്ര് പിടിക്കുന്നത് പോലെ തോന്നി. പുറം വല്ലാതെ വേദനിച്ചപ്പോഴാണ്, അവൾ തയ്യൽ നിർത്തി എഴുന്നേറ്റത്. ഇനി അത്താഴം കഴിഞ്ഞിട്ട് തുടരാം. മോൾ നേരത്തെ കിടന്നിരുന്നു. ഫീസ് നാളെ അടക്കാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത് വിഷമത്തിലാണ് അവൾ കിടന്നത്. സാമ്പത്തിക വിഷമങ്ങൾ അവളേയും വേദനിപ്പിക്കുന്നുണ്ടെങ്കിലും, സാഹചര്യം മനസ്സിലായത് കൊണ്ടാവും, ഒരിക്കലും ഒരു വിധ പരാതിയും മോള് പറഞ്ഞിട്ടില്ല. അത്താഴം കഴിഞ്ഞ്, നടുവ് നിവർത്താൻ അവൾ ഇത്തിരി നേരം കിടന്നു.
ഇനിയും കുറേ തയ്ക്കാനുണ്ട്. എത്ര പാതിരാത്രി ആയാലും, തീർത്തിട്ട് വേണം ഇന്ന് ഉറങ്ങാൻ. സുനന്ദ മനസ്സിൽ ഉറപ്പിച്ചു. ഫോണിൽ ചുമ്മാ ഫെയ്സ് ബുക്ക് നോക്കിയപ്പോഴാണ്, ഒരാളുടെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് കണ്ടത്. സുനന്ദ ആളുടെ പ്രൊഫൈൽ എടുത്ത് നോക്കി, നല്ല മുഖപരിചയം തോന്നുന്നുണ്ട്, പേര് അർജുൻ പുളിമലയെന്നാണ് കാണുന്നത്. പുളിമല ഇവിടന്ന് ഒരു പത്ത് കിലോമീറ്റർ അപ്പുറത്ത് ഉള്ള സ്ഥലമാണ്.
കൂടെ പഠിച്ച ആരെങ്കിലും ആകുമോ? അതോ മോഹനേട്ടന്റെ സുഹൃത്തുക്കൾ ആരെങ്കിലുമാണോ? അവൾ ഇത്തിരി ആശയക്കുഴപ്പത്തിലായി. എന്തായാലും മുഖപരിചയം ഉള്ള ആളല്ലേ, റിക്വസ്റ്റ് അവൾ അക്‌സെപ്റ്റ് ചെയ്തു.
എല്ലാം തയ്ച്ചു കഴിഞ്ഞ് കിടക്കാൻ തുടങ്ങുമ്പോഴാണ് അർജുന്റെ ഒരു മെസേജ് വന്നത്. 'ഹായ്, ചേച്ചി'. അവൾ വീണ്ടും അർജുന്റെ പ്രൊഫൈൽ എടുത്തു നോക്കി. ഏകദേശം അവളുടെ പ്രായം തന്നെ കാണും. അതുകൊണ്ട് ചേച്ചി എന്ന് വിളിക്കേണ്ട കാര്യമില്ലെങ്കിലും, ആ വിളി എന്തോ ഒരു അടുപ്പം അവൾക്ക് അവനോട് തോന്നിപ്പിച്ചു. അർജുന്റെ ഫോട്ടോസിൽ അവന്റെ മോളുടെ ഫോട്ടോസ് നിറയെ ഉണ്ടായിരുന്നു. സുനന്ദയുടെ മോളേക്കാൾ ഇളയത് ആണെന്ന് തോന്നുന്നു.
ആൾ ആരാണെന്ന് അറിയാനുള്ള ആകാംക്ഷ കാരണം, അവൾ തിരിച്ചും ഒരു ഹായ് അയച്ചു. 'സുഖമാണോ?' മറുപടി ഉടനെ വന്നു. 'അർജുൻ ആരാണ്, എന്നെ പരിചയമുണ്ടോ?, എവിടെയോ കണ്ട പോലെ'. സുഖാന്വേഷണം അവഗണിച്ച് കൊണ്ട് അവൾ ചോദിച്ചു. മറുപടി ഇത്തിരി സമയമെടുത്തു. 'എനിക്ക് മോഹനൻ ചേട്ടായിയെ നന്നായി അറിയാം, ഞങ്ങൾ ഒരേ റൂട്ടിൽ വണ്ടി ഓടിച്ചതാ, അങ്ങനെ പരിചയമുണ്ട്'. മോഹനേട്ടന്റെ പേര് കണ്ടപ്പോൾ എന്തോ അവൾക്ക് കണ്ണ് കലങ്ങി. ഇനി എന്ത് പറയാൻ എന്ന് ഓർത്തു അവൾ നിൽക്കുമ്പോൾ വീണ്ടും മെസേജ് വന്നു. 'ഇന്ന് മോഹനേട്ടന്റെ ആണ്ടല്ലേ?'. അതിനും സുനന്ദ മറുപടിയൊന്നും പറഞ്ഞില്ല.
മോഹനേട്ടൻ മരിച്ച ദിവസം ഒക്കെ ഓർത്തിരിപ്പുണ്ടെങ്കിൽ, അടുത്ത സുഹൃത്തായിരിക്കും എന്ന് അവൾക്ക് തോന്നി. മറുപടിയൊന്നും കാണാത്ത കൊണ്ടാവും വീണ്ടും അർജുനൻ മെസേജ് അയച്ചു. 'ഒരു മോള് ഇല്ലേ, ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്, ആള് എവിടെ?' 'ഇവിടെ വിഷമിച്ചു കിടപ്പുണ്ട്' പെട്ടെന്ന് സുനന്ദ പറഞ്ഞു പോയി. മെസേജ് ഡിലീറ്റ് ആക്കുന്നതിന് മുൻപേ അർജുൻ അത് കാണുകയും ചെയ്തു. പിന്നീട് ഉണ്ടായ സംഭാഷണത്തിൽ അവൾക്ക് ഇപ്പോഴത്തെ അവസ്ഥ മുഴുവൻ അർജുനോട് പറയേണ്ടി വന്നു. കുറേ നാളായി ആരോടും പറയാതെ മനസ്സിൽ സൂക്ഷിച്ച എല്ലാ വിഷമങ്ങളും അവൾ അവനോട് പറഞ്ഞു. കുറേ കരഞ്ഞു.
ഇന്ന് മാത്രം പരിചയപ്പെട്ട ഒരാളോട് ഇതെല്ലാം എന്തിന് പറയുന്നു എന്ന് ഇടയ്ക്ക് അവൾ ഓർത്തു, പക്ഷെ എല്ലാം തുറന്ന് പറഞ്ഞു കരയാൻ ഒരു കേൾവിക്കാരനാണ് തനിക്ക് ഇപ്പോൾ വേണ്ടത് എന്ന് അവൾക്ക് തോന്നി. അപരിചിതനായ, എന്നാൽ അവളെ അറിയാവുന്ന അർജുനോട് കരഞ്ഞു തന്റെ വിഷമങ്ങൾ പറയാൻ അവൾക്ക് അതുകൊണ്ട് തന്നെ ഒരു ചമ്മലും തോന്നിയില്ല.
പക്ഷേ എല്ലാം മൂളി കേട്ട് അർജുൻ ഒരു ആശ്വാസവാക്ക് പോലും പറയാതെ സംഭാഷണം അവസാനിപ്പിച്ചപ്പോൾ അവൾക്ക് ഇത്തിരി വിഷമം തോന്നി. അത് ഓർത്ത് എപ്പോഴോ പുലർക്കാലത്ത് അവൾ ഉറങ്ങി പോയി. രാവിലെ മോള് തട്ടി വിളിച്ചപ്പോഴാണ് സുനന്ദ എഴുന്നേൽക്കുന്നത്. കോളജിൽ പോകാനുള്ള യൂണിഫോമിൽ ആയിരുന്നു മോള്. 'എത്ര മണിയായി?' അവൾ മുടി വാരി കെട്ടിക്കൊണ്ട് വേവലാതിയോടെ ചോദിച്ചു.
'അമ്മേ, ഇന്ന് ഫീസ് അടക്കാൻ പറ്റുമോ?, ലാസ്റ്റ് ഡേ ആണ്' സുനന്ദയുടെ ചോദ്യത്തെ ഗൗനിക്കാതെ മോള് തിരിച്ച് ചോദിച്ചു. 'അടയ്ക്കാം മോളെ..' തനിക്ക് തന്നെ ആത്മവിശ്വാസമില്ലാത്ത പോലെ അവൾ പറഞ്ഞു.
അമ്മയെ നല്ല പോലെ അറിയാവുന്നത് കൊണ്ടും, അമ്മയുടെ കഷ്ടപ്പാടുകൾ കഴിഞ്ഞ കുറേ കാലങ്ങളായി കാണുന്നത് കൊണ്ടും മോൾ വേറെയൊന്നും കൂടുതൽ ചോദിക്കാതെ ഇറങ്ങാൻ തുടങ്ങി. വാതിൽ വരെ പോയിട്ട്, അവൾ തിരിഞ്ഞു നിന്നിട്ട് സുനന്ദയോട് ചോദിച്ചു, 'അമ്മ ഇന്നലെ കരഞ്ഞോ ?, ഫോണിൽ ആരായിരുന്നു?'
'നീ എന്തെങ്കിലും കഴിച്ചോ?' ജാള്യത മറക്കാൻ അവൾ ചോദിച്ചു. 'ഉപ്പുമാവ് ഉണ്ടാക്കി കഴിച്ചു, അമ്മയ്ക്ക് ഉള്ളത് അടുക്കളയിലുണ്ട്, ഞാൻ പോട്ടെ' കൂടുതൽ ഒന്നും ചോദിക്കാതെ അവള് പോയത് ഒരു ആശ്വാസമായി. സുനന്ദ വേഗം കുളി ഒക്കെ കഴിഞ്ഞു വെളിയിലേയ്ക്ക് ഇറങ്ങി. ഇന്നലെ തയ്യിച്ച തുണി കൊടുക്കണം, പിന്നെ ഫീസിനുള്ള ക്യാഷ് ഒന്നു രണ്ടു പേരോട് ചോദിച്ചിട്ടുണ്ട്. അവരെ എല്ലാം കാണണം. കിട്ടുമോ എന്ന് അറിയില്ല, കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും എന്ന് അവൾക്ക് ഒരു ഊഹവുമില്ലായിരുന്നു. വലിയ വരുമാനം ഇല്ലാത്ത അവൾക്ക് കുറച്ചു പൈസ കടം തരാൻ ആരുണ്ടന്ന് അവൾ തിരിച്ചും, മറിച്ചും ആലോചിച്ചു ബസ്സിൽ ഇരിക്കുമ്പോൾ, മോളുടെ കോൾ അവളുടെ മൊബൈലിൽ വന്നു.
ഫീസ് അടക്കാത്തത് കൊണ്ട് അവളെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടോ എന്ന ആകാംക്ഷയോടെയാണ് അവൾ ഫോൺ എടുത്തത്. 'അമ്മേ, ആരോ എന്റെ ഫീസ് അടച്ചെന്ന്, പ്യൂൺ ഇപ്പോൾ റെസിപ്റ്റ് കൊണ്ട് തന്നു.' അവൾ ശരിക്കും നിലവിളിക്കുകയായിരുന്നു.
'ആര്?, സുനന്ദയുടെ ശബ്ദം വിറച്ചു പോയി. 'അറിയില്ല അമ്മേ, എനിക്ക് അറിയില്ല, അതൊന്നും എന്നോട് പറഞ്ഞില്ല, പക്ഷെ ഈ സെമ്മിന്റെയും, അടുത്ത സെമ്മിന്റെയും കൂട്ടിയാണ് അടച്ചിരിക്കുന്നത്'. അവളുടെ ശബ്ദത്തിൽ അത്ഭുതവും, സന്തോഷവും, സങ്കടവും എല്ലാം വേർതിരിച്ചു അറിയാമായിരുന്നു. ഫോൺ കട്ട് ആയിട്ടും സുനന്ദക്ക് ആ വാർത്ത വിശ്വസിക്കാൻ ആവാതെ ബസിൽ ഇരിക്കുമ്പോൾ, ഖത്തറിലെ ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ, അടുത്ത ലോഡിനായി ട്രക്കിൽ കാത്ത് ഇരുന്ന അർജുന്റെ ഫോൺ അടിച്ചു.
നാട്ടിൽ നിന്ന് റെജിയാണ്, അർജുൻ ഫോൺ എടുത്തു. 'എടാ, നീ പറഞ്ഞത് പോലെ ഞാൻ ആ മോളുടെ കോളേജിൽ പോയി ഫീസ് അടച്ചിട്ടുണ്ട്, ആരാ, ഏതാ എന്നൊന്നും പറഞ്ഞില്ല, അടച്ചു..പോന്നു .., അവരും ചോദിച്ചില്ല, പക്ഷെ എനിക്ക് മനസിലാകാത്ത ഒരു കാര്യം, ആരാ ഈ മോള്, ഇത്ര വലിയ തുക പലിശക്ക് എടുത്ത് ഫീസ് അടക്കാൻ നിനക്ക് വട്ടായോ, നീ തന്നെ നാട് മുഴുവൻ കടവും, പലിശയുമായിട്ടാണ് ഖത്തറിലേക്ക് പോയത്, ജോലിക്ക് കയറിയിട്ടും കുറച്ചു നാളായിട്ടേയുള്ളു, ഇത്ര വലിയ തുക ഫീസ് അടക്കാൻ ആരാ അത്? നീയുമായിട്ട് എങ്ങനെയാ പരിചയം, ഇതൊക്കെ എന്ന് വീട്ടി തീരും.'?
ഒറ്റ ശ്വാസത്തിൽ റെജി ചോദിച്ചത് എല്ലാം ക്ഷമയോടെ കേട്ട അർജുൻ പറഞ്ഞു, 'അതൊക്കെ വീട്ടാമെടാ, ഇപ്പോൾ ജോലിയുണ്ടല്ലോ, നല്ല ആരോഗ്യവും ഉണ്ട്, എല്ലാം വീട്ടാം'. അവന്റെ സംശയങ്ങൾക്കുള്ള മറുപടി കൃത്യമായി പറയാതെ, ഫോൺ വെക്കുമ്പോൾ അർജുന്റെ മനസ്സിൽ ഒരു ആശുപത്രിയിലെ എമർജൻസി ഐ.സി.യു തെളിഞ്ഞു വന്നു. വന്നും, മറഞ്ഞും പോയി കൊണ്ടിരിക്കുന്ന ബോധത്തിന്റെ, ദേഹം മുഴുവനും ഒടിഞ്ഞ്, നുറുങ്ങിയ വേദനയിലും അവൻ ഒരു കാഴ്ച കണ്ടു. അവൻ ഓടിച്ച ലോറി ഇടിച്ചു മരിച്ച ഒരു മനുഷ്യന്റെ മുഖത്തേക്ക് രക്തം പുരണ്ട തുണി വലിച്ചു ഇടുകയായിരുന്നു നഴ്‌സ്. ചുറ്റും ഡോക്ടർമാരും. വെള്ള ഉടുപ്പ് ഇട്ട ആരൊക്കെയോ ഉണ്ടായിരുന്നു.
തണുത്ത് തുടങ്ങിയ ആ ശരീരം സ്‌ട്രെച്ചറിൽ ഉന്തി കൊണ്ട് പോകുമ്പോൾ, അവൻ ഒരു നോക്ക് കണ്ടു, ആരൊക്കെയോ കൂടി താങ്ങി പിടിച്ച് കൊണ്ട് പോകുന്ന അയാളുടെ ഭാര്യയും, പിന്നെ അവന്റെ മോളുടെ അത്രയും തന്നെ പ്രായമുള്ള ഒരു മോളും. അച്ഛായെന്ന് അലറി കരയുന്നുണ്ടായിരുന്നു ആ മോൾ. ഒരു നിമിഷം അവന്റെ കണ്ണുകൾ മയക്കത്തിലേക്ക് വീണപ്പോൾ, അനാഥരായി പോയത് ബസ് ഡ്രൈവർ മോഹനേട്ടന്റെ ഭാര്യയും മകളുമായിരുന്നു.