ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക, അനുരാഗ് ഠാക്കൂർ സുപ്രിയ സുളെ
Mail This Article
ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ യാഥാർഥ്യമാക്കാനുള്ള ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) ലോക്സഭയിൽനിന്നുള്ള 21 പേരുടെ പട്ടികയിൽ പ്രിയങ്ക ഗാന്ധി, സുപ്രിയ സുളെ, അനുരാഗ് ഠാക്കൂർ, പുരുഷോത്തം രൂപാല തുടങ്ങിയവർ അംഗങ്ങൾ. 31 അംഗ സമിതിയിൽ രാജ്യസഭയിൽനിന്നു 10 പേർ കൂടിയുണ്ടാകും. ഇവരുടെ പട്ടിക പുറത്തുവന്നിട്ടില്ല.
ലോക്സഭയിൽനിന്നുള്ള 21 പേരിൽ 14 പേർ ഭരണപക്ഷത്തുനിന്നും 7 പേർ പ്രതിപക്ഷത്തുനിന്നുമാണ്. ബിജെപിക്ക് 10 അംഗങ്ങളുള്ളപ്പോൾ കോൺഗ്രസിന് 3 പേരാണുള്ളത്. ബിജെപി അംഗം പി.പി.ചൗധരി സമിതി അധ്യക്ഷനായേക്കും.രാജ്യസഭയിൽനിന്നു രൺദീപ് സുർജേവാല (കോൺഗ്രസ്), സാകേത് ഗോഖലെ (തൃണമൂൽ കോൺഗ്രസ്) തുടങ്ങിയവരും അംഗങ്ങളായേക്കും.
ലോക്സഭയിൽനിന്നുള്ള അംഗങ്ങൾ
∙ ഭരണപക്ഷം: പി.പി.ചൗധരി, സി.എം.രമേഷ്, ബാൻസുരി സ്വരാജ്, പുരുഷോത്തം രൂപാല, അനുരാഗ് ഠാക്കൂർ, വിഷ്ണുദയാൽ റാം, ഭർതൃഹരി മെഹ്താബ്, സംബിത് പത്ര, അനിൽ ബലൂനി, വിഷ്ണു ദത്ത് ശർമ (ബിജെപി), ജി.എം.ഹരീഷ് ബാലയോഗി (ടിഡിപി), ശ്രീകാന്ത് ഷിൻഡെ (ശിവസേന), ചന്ദൻ ചൗഹാൻ (ആർഎൽഡി), ബാലാഷോരി വല്ലഭാനേനി (ജനസേന പാർട്ടി).
∙ പ്രതിപക്ഷം: പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്ദേവ് ഭഗത് (കോൺഗ്രസ്), ധർമേന്ദ്ര യാദവ് (എസ്പി), കല്യാൺ ബാനർജി (തൃണമൂൽ കോൺഗ്രസ്), ടി.എം.സെൽവഗണപതി (ഡിഎംകെ), സുപ്രിയ സുളെ (എൻസിപി ശരദ് പവാർ),
സഭയിൽ ഹാജരായില്ല: 20 പേരോട് ബിജെപി വിശദീകരണം തേടും
‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്ലുകളുടെ വോട്ടിങ് നടന്നപ്പോൾ സഭയിൽ ഹാജരാകാതിരുന്ന കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയവരോടു ബിജെപി വിശദീകരണം തേടിയേക്കും. ജഗദംബിക പാൽ, ശന്തനു ഠാക്കൂർ അടക്കം 20 ബിജെപി അംഗങ്ങൾ ഹാജരായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ സി.ആർ.പാട്ടീൽ, ഭഗീരഥ് ചൗധരി എന്നിവർ രാജസ്ഥാനിൽ ഔദ്യോഗിക ചടങ്ങിനു പോയതായിരുന്നു. 263 പേരാണു ബിൽ അവതരണത്തെ അനുകൂലിച്ചത്. എൻഡിഎയുടെ അംഗബലം 293 ആണ്. 198 പേർ എതിർത്തു.