‘ബോട്ട് ആടിയുലഞ്ഞു, യാത്രക്കാർ കടലിലേക്ക് ചാടി’: അപകടകാരണം അമിതവേഗം? വിഡിയോ
Mail This Article
മുംബൈ ∙ അമിതവേഗത്തിൽ നിയന്ത്രണംവിട്ടുവന്ന നാവികസേനാ സ്പീഡ് ബോട്ട് ഇടിച്ചതിനു പിന്നാലെ യാത്രാബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കടലിലേക്ക് എടുത്തുചാടിയതാണു മുംബൈ അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നു വിവരം. മുംബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലഫന്റാ ഗുഹകളിലേക്കു പോകുകയായിരുന്നു നീൽകമൽ എന്ന ബോട്ട്. ബോട്ടിൽ നൂറിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നാവികസേന സംഭവം കൃത്യമായി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. യാത്രാബോട്ടിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്പീഡ് ബോട്ട് യുടേണ്‍ ചെയ്ത് യാത്രാബോട്ടിനു നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യത്തിലുണ്ട്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം. യാത്രാബോട്ട് മുങ്ങി എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്താണു കാരണമെന്നു വ്യക്തമായിരുന്നില്ല. പിന്നീടാണു ബോട്ടുകൾ കൂട്ടിയിടിച്ചതാണെന്ന വിവരം വന്നത്. ഇക്കാര്യം നാവികസേന സ്ഥിരീകരിച്ചു.
നാവികസേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണു യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയത്. നാവികസേനാ ബോട്ടിന്റെ എൻജിന്‍ അടുത്തിടെ മാറ്റുകയും പുതിയതു സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പരിശോധന നടത്തുമ്പോള്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണു സൂചന. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേരുണ്ടായിരുന്നു. ടിക്കറ്റ് നല്‍കാത്തതിനാല്‍ യാത്രാബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തിൽ വ്യക്തതയില്ല. 13 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. രക്ഷിച്ചവരുടെ എണ്ണം 80 കഴിഞ്ഞു.
നടുക്കടലിലുണ്ടായ ദുരന്തത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടവര്‍ ഇപ്പോഴും ആഘാതത്തില്‍നിന്നു മുക്തരായിട്ടില്ല. മുംബൈയില്‍നിന്ന് 10 കി.മീ അകലെ കടലില്‍ ബോട്ടെത്തിയപ്പോഴാണു സംഭവം. ഉടന്‍ ബോട്ടിലേക്കു വെള്ളം കയറാന്‍ തുടങ്ങിയെന്നും ലൈഫ് ജാക്കറ്റ് ധരിക്കാന്‍ നിർദേശം കിട്ടിയെന്നും രക്ഷപ്പെട്ട യാത്രക്കാരൻ പറഞ്ഞു. ജാക്കറ്റ് ധരിക്കുമ്പോഴേക്കും ബോട്ട് ഏറക്കുറെ മുങ്ങി. രക്ഷാബോട്ട് എത്തുന്നതുവരെ 15 മിനിറ്റോളം കടലിൽ നീന്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.