‘നവീൻബാബുവിനെ കെട്ടിത്തൂക്കിയെന്നാണു കുടുംബം വാദിക്കുന്നത്; ദിവ്യ കുറ്റം ചെയ്തിട്ടില്ല, മികച്ച അന്വേഷണം’
Mail This Article
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജിയിലൂടെ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ കുറ്റം ചെയ്തിട്ടില്ല എന്നാണു നവീന്റെ കുടുംബം പറയുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കൊന്ന് കെട്ടിത്തൂക്കിയെന്നാണു ഹർജിക്കാരിയുടെ വാദം. അതിനർഥം, ദിവ്യയ്ക്കെതിരായ ആരോപണം നിലനിൽക്കില്ലെന്നാണ്. നിലവിൽ മികച്ച അന്വേഷണമാണു പൊലീസ് നടത്തുന്നത്. നവീൻബാബു കൈക്കൂലി വാങ്ങിയോ എന്നതിൽ സത്യം ഞങ്ങൾക്കറിയില്ലെന്നും ജയരാജൻ പറഞ്ഞു.
യാത്രയയപ്പ് യോഗത്തിൽ അന്നത്തെ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്തു താമസസ്ഥലത്തേക്കു മടങ്ങിയ നവീൻബാബു ജീവനൊടുക്കുകയായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ഭാര്യയും മക്കളും, നവീൻ ബാബു എത്താത്തതിനെ തുടർന്നു കണ്ണൂരിൽ നടത്തിയ അന്വേഷണത്തിലാണു ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീനു കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു ദിവ്യയുടെ പരസ്യവിചാരണ. ഉദ്യോഗസ്ഥർ മാത്രമുള്ള ചടങ്ങിലേക്കു ക്ഷണിക്കാതെ എത്തിയായിരുന്നു പ്രസംഗം. ശ്രീകണ്ഠപുരത്തിനു സമീപം ചെങ്ങളായിയിൽ പെട്രോൾപമ്പിനു നിരാക്ഷേപ പത്രം (എൻഒസി) നൽകുന്നതു മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നും 2 ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നുമാണു ദിവ്യ പറഞ്ഞത്.
ദിവ്യയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു. റിമാൻഡിലായ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്നു ദിവ്യയെ നീക്കുകയും ചെയ്തു. നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കുടുംബം കോടതിയെ സമീപിച്ചിരിക്കുകയാണ്.