പലിശ കുറയാൻ കാത്തിരിക്കുന്നവർക്ക് നിരാശ; ബ്രിട്ടനിൽ പണപ്പെരുപ്പം വർധിക്കുന്നു
Mail This Article
ലണ്ടൻ∙ ബ്രിട്ടനിൽ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയരുന്നു. തുടർച്ചയായ രണ്ടാം മാസവും 2.5 ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും വലിയ നിരക്കായ 2.6 ശതമാനമാണ് നവംബറിൽ രേഖപ്പെടുത്തിയത്. ഇന്ധനവിലയിലും വസ്ത്രവിപണിയിലും ഉണ്ടായ മാറ്റങ്ങളാണ് പണപ്പെരുപ്പ നിരക്കിനെ കഴിഞ്ഞ മാസങ്ങളിൽ സ്വാധീനിച്ചത്.
രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് അവലോകനം ചെയ്യുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി നാളെ യോഗം ചേരാനിരിക്കെയാണ് കഴിഞ്ഞ മാസത്തെ പണപ്പെരുപ്പത്തിന്‍റെ പുതിയ കണക്ക് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് കുറയാനുള്ള സാധ്യത ഇല്ലാതായി. നിലവിൽ 4.75 ശതമാനമാണ് രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക്. ഇത് അതേപടി നിലനിർത്താനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത.
പണപ്പെരുപ്പ നിരക്ക് കുതിച്ചുയർന്ന് 11 ശതമാനത്തിലെത്തിയപ്പോഴാണ് അതിനൊപ്പം പലിശ നിരക്കും ഉയർന്നത്. 0.25 ശതമാനത്തിൽ നിന്നാണ് പലിശ നിരക്ക് പണപ്പെരുപ്പത്തിനൊപ്പം വളർന്ന് 5.50 ശതമാനം വരെയെത്തിയത്.
പിന്നീട് പണപ്പെരുപ്പ നിരക്ക് രണ്ടര ശതമാനത്തിലെത്തിയപ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മൂന്നു തവണയായി 0.25 ശതമാനം വീതം പലിശ നിരക്ക് കുറച്ച് 4.75 ൽ എത്തിച്ചു. നാളത്തെ യോഗത്തിൽ ഇനിയും കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ആശങ്കയായി പണപ്പെരുപ്പത്തിന്‍റെ പുതിയ കണക്ക് പുറത്തുവന്നത്.
വരുംമാസങ്ങളിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കിൽ കുറവു വരുത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് ബ്രിട്ടനിലെ ജനങ്ങളിൽ മഹാഭൂരിപക്ഷവും. എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോർഗേജ് പേയ്മെന്‍റിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പത്തിലെ വർധനയ്ക്ക് ഇപ്പോൾ ബ്രിട്ടനിൽ വലിയ പ്രാധാന്യമാണുള്ളത്.