പുതുജീവൻ തേടി മംഗലംഡാം: രണ്ടിടത്ത് ഉരുൾപൊട്ടി, ആളപായമില്ലെങ്കിലും നാടിനെ തകർത്തെറിഞ്ഞു
Mail This Article
മംഗലം ഡാം ∙ രണ്ടു ദിവസം മുൻപുവരെ കടപ്പാറ മേമലയിൽ തേവർക്കുന്നേൽ ദാമോദരനും ഭാര്യ സുമതിക്കും സ്വന്തമായി വീടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ ആർത്തലച്ചെത്തിയ മലവെള്ളം വീടും സ്ഥലവും തകർത്തൊഴുക്കിക്കളഞ്ഞു. വീടിന്റെ സ്ഥാനത്ത് ഇപ്പോൾ വെറും മൺകൂന മാത്രം. വീടു നിന്ന 80 സെന്റ് സ്ഥലവും കാണാനില്ല. അതും മലവെള്ളം ഒഴുക്കിക്കളഞ്ഞു. 72 വയസ്സുള്ള ദാമോദരന്റെ നേത്രചികിത്സയ്ക്കായി അദ്ദേഹവും ഭാര്യയും 2 മാസം മുൻപാണു പൊൻകണ്ടത്തിനു സമീപം വാടകവീട്ടിലേക്കു താമസം മാറ്റിയത്. ഉരുൾപൊട്ടലിന് ഏതാനും ദിവസം മുൻപും കൃഷി നോക്കാൻ മേമലയിലെ വീട്ടിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ പരിസരത്തുള്ളവർ ഫോൺ വഴി അറിയിച്ചപ്പോഴാണു സ്വന്തം വീടും സ്ഥലവും ഉരുൾപൊട്ടലിൽ നഷ്ടമായ വിവരം ദാമോദരൻ അറിയുന്നത്. തുടർന്ന് അദ്ദേഹം ഒരിക്കൽക്കൂടി മേമലയിലെത്തിയെങ്കിലും വിഷമം താങ്ങാനാകാതെ ഉടൻ മടങ്ങി.
ചികിത്സ കഴിഞ്ഞെത്തുമ്പോൾ ഇനി ഇവർക്കു താമസിക്കാൻ പുതിയ വാടക വീടു തേടണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി മംഗലംഡാം മലയോര മേഖലയിലുണ്ടായതു കനത്ത ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ്. ഇതിന്റെ വ്യാപ്തി പുറത്തറിഞ്ഞതു കഴിഞ്ഞ ദിവസവും. ആളപായം ഒഴിവായതു തലനാരിഴ വ്യത്യാസത്തിൽ.നേർച്ചപ്പാറ ചെള്ളിക്കയം, അത്തിച്ചോട്, കടമാംകുന്ന്, കടപ്പാറ മേമല, കിഴക്കഞ്ചേരി പഞ്ചായത്തിൽപെട്ട വട്ടപ്പാറ, ഓടംതോട് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. വിആർടി, തളികക്കല്ല്, തിപ്പലി, പനംപൊറ്റ മേഖലകളിൽ മണ്ണിടിച്ചിലും ഉണ്ടായി.
2 കിലോമീറ്ററിൽ രണ്ടിടത്ത് ഉരുൾ പൊട്ടൽ
നേർച്ചപ്പാറ അത്തിച്ചോട്, ചെള്ളിക്കയം ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനി ഒഴിവായതു ഭാഗ്യം കൊണ്ടു മാത്രം. തിങ്കളാഴ്ച വൈകിട്ട് ചെള്ളിക്കയത്താണ് ആദ്യം ഉരുൾപൊട്ടിയത്. അവിടെ നിന്നു 2 കിലോമീറ്റർ താഴെ അത്തിച്ചോട്ടിൽ ചൊവ്വാഴ്ച പുലർച്ചെയാണു വ്യാപകമായി ഉരുൾ പൊട്ടിയത്. ഇവിടെ നിന്നു 2 കിലോമീറ്ററിലേറെ താഴ്ചയിലേക്കു കൂറ്റൻ പാറക്കഷണങ്ങളും മരങ്ങളും ഒഴുകിയെത്തി. കൂറ്റൻ കല്ലുകൾ മരങ്ങളിൽ തട്ടി നിന്നതു കാരണം താഴെ ജനവാസ മേഖലയിലേക്ക് എത്തിയില്ല. ഇതാണു വൻ ദുരന്തം ഒഴിവാക്കിയത്.
വെള്ളാട്ടിരി മലയുടെ അടിവാരത്താണ് ഉരുൾപൊട്ടൽ. പരിസരത്തെ വൈദ്യുതി ലൈനുകളും ഫെൻസിങ്ങും പൂർണമായും തകർന്നു. മേഖലയിൽ ഏക്കർകണക്കിനു റബർ, കവുങ്ങ്, കുരുമുളക്, വാഴ തുടങ്ങിയ കൃഷികളും നശിച്ചു. പലരുടെയും ഉപജീവനമാർഗം പൂർണമായും ഇല്ലാതായി. താഴെ ജനവാസമേഖലയിലേക്കുള്ള റോഡും പൂർണമായും ഒലിച്ചു പോയി. കല്ലുകൾ വന്നടിഞ്ഞു നടക്കാൻ പോലും പറ്റാത്ത വിധത്തിലാണ് റോഡ്.പൂതംകുഴി ഭാഗത്തു മണ്ണിടിച്ചിൽ തുടരുന്നു. ഇവിടെ നിന്നു വൻതോതിൽ കല്ലും മണ്ണും റോഡിലേക്കു കുത്തിയൊഴുകി. പാതയുടെ വശങ്ങളിൽ രണ്ടടിയോളം താഴ്ചയിൽ ചാൽ രൂപപ്പെട്ടിട്ടുണ്ട്. നാട്ടുകാരാണു റോഡിലെ കല്ലുകൾ മാറ്റിയത്. റോഡ് തകർച്ച ഉടൻ പരിഹരിച്ചില്ലെങ്കിൽ പാത കൂടുതൽ തകരും.
മംഗലംഡാം വീട്ടിൽക്കടവ് പുല്ലാട്ട് തോമസ് ചാക്കോയുടെ വീടിന്റെ ഒരു വശം ഇടിഞ്ഞു വീണു. നേർച്ചപ്പാറയിൽ നിന്നുൾപ്പെടെ പ്രളയജലം എത്തിയതോടെ വീഴ്ലിപ്പുഴ കരകവിഞ്ഞു പൂതങ്കോടും വ്യാപക കൃഷിനാശം സംഭവിച്ചു. വീഴ്‌ലിപ്പുഴയിലെ അശാസ്ത്രീയ തടയണയും വെള്ളം കയറാൻ കാരണമായെന്നു നാട്ടുകാർ പറഞ്ഞു. താഴെ ഹെക്ടർ കണക്കിനു നെൽക്കൃഷി രണ്ടാമതും നശിച്ചു. വെള്ളപ്പാച്ചിലിൽ നശിച്ച പാടങ്ങളിൽ വീണ്ടും കൃഷിയിറക്കിയതായിരുന്നു. ഇതാണു നശിച്ചത്. ഡപ്യൂട്ടി കലക്ടർ റെജി പി.ജോസഫ്, തഹസിൽദാർ ടി.ജയശ്രീ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദുരിതബാധിത മേഖലകൾ സന്ദർശിച്ചു.
ഉരുൾപൊട്ടലിൽവന്നടിഞ്ഞ കൂറ്റൻ കല്ലുകൾ ഭീഷണി
നേർച്ചപ്പാറയിൽ വെള്ളാട്ടിരിമലയുടെ അടിവാരത്തുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചെത്തിയ കൂറ്റൻ പാറകൾ സമീപത്തെ തോട്ടത്തിൽ അടിഞ്ഞുകിടക്കുകയാണ്. വീണ്ടും വെള്ളപ്പാച്ചിൽ ഉണ്ടായാൽ ഇതെല്ലാം താഴേക്കു ഒഴുകിപ്പതിക്കുമെന്ന ഭീതിയും ഉണ്ട്. പ്രദേശത്ത് വനംവകുപ്പു പരിശോധന നടത്തി. പഞ്ചായത്ത് അംഗങ്ങളായ പി.ജെ.മോളി, ബീനാ ഷാജി എന്നിവർ പരിസരത്തെ അപകടാവസ്ഥയും നാശനഷ്ടവും ബന്ധപ്പെട്ട വകുപ്പധികൃതരെ അറിയിച്ചിട്ടുണ്ട്. അത്തിച്ചോട്ടിൽ അടിഞ്ഞ കൂറ്റൻ പാറക്കഷണങ്ങൾ പൊട്ടിച്ചു മാറ്റുകയെന്നതും അതീവ ദുഷ്കരമാണ്.