പാലക്കാടിന്റെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; ഇരുമ്പകച്ചോല കോസ്‌വേയിൽ മലവെള്ളപ്പാച്ചിൽ
Mail This Article
കാഞ്ഞിരപ്പുഴ ∙ മലയോര മേഖലയിൽ ഇന്നലെ വൈകിട്ടും ശക്തമായ മഴ. രണ്ടാം ദിനവും ഇരുമ്പകച്ചോല കോസ്‌വേയിൽ മലവെള്ളപ്പാച്ചിൽ. ഇന്നലെ രാത്രി ഏഴിനാണു പെട്ടെന്നു വെള്ളം പൊങ്ങിയത്. ബൈക്കുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്നലെ വൈകിട്ട് ആറോടെയാണു മഴ ആരംഭിച്ചത്. വനമേഖലയിൽ മഴ ശക്തമായിരുന്നു. ഇതോടെ പുഴയിൽ പെട്ടെന്നു വെള്ളം പൊങ്ങുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. കോസ്‌വേയിൽ വെള്ളം കയറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. രാത്രി വൈകിയും മഴ തുടരുകയാണ്. കോസ്‌വേയിലെ മഴവെള്ളപ്പാച്ചിലിനും ശമനമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസവും ശക്തമായ മഴയിൽ കോസ്‌വേ മുങ്ങിയിരുന്നു.
തുടർന്നു രാത്രിയോടെ മഴ കുറയുകയും പകൽ ഗതാഗതം തുടരുകയും ചെയ്തിരുന്നു. മഴ കനക്കുന്നതിൽ പ്രദേശവാസികളിലും ആശങ്കയുണ്ട്. പാലക്കയം മേഖലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മഴ തുടരുകയും നീരൊഴുക്കു വർധിക്കുകയും ചെയ്തതോടെ കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ മൂന്നും 30 സെന്റീമീറ്റർ വീതം ഉയർത്തി. ഇന്നലെ രാവിലെയാണു ജലക്രമീകരണത്തിന്റെ ഭാഗമായി 30 സെന്റീമീറ്ററാക്കിയത്.