ADVERTISEMENT

മലമ്പുഴ ∙ അകമലവാരത്തു മലവെള്ളപ്പാച്ചിലിൽ മുതിരംകുന്ന് കല്ലമ്പുഴ പാലത്തിന്റെ കൈവരികൾ തകർന്നു. മലയോര മേഖലകളിലെ ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണു പാലത്തിന്റെ കൈവരികൾ തകർന്നത്. പുഴയിലെ ശക്തമായ ഒഴുക്കിൽ കടപുഴകി എത്തിയ മരത്തിന്റെ കൊമ്പുകൾ കൈവരികളിൽ തട്ടുകയായിരുന്നു. ഇന്നലെ ഉച്ച മുതൽ അകമലവാരത്തു ശക്തമായ മഴയുണ്ട്. രാത്രി ഏഴു വരെ നിർത്താതെ പെയ്തു.  ഒന്നാംപുഴ, മയിലാടിപ്പുഴ, കള്യാറപ്പുഴ എന്നിവിടങ്ങളിലും ശക്തമായ ഒഴുക്കുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നു കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു.

അതേസമയം അടിയന്തര സാഹചര്യമുണ്ടായാൽ മുൻകരുതൽ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. മലമ്പുഴ പഞ്ചായത്ത് അധ്യക്ഷ രാധിക മാധവന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും പ്രദേശത്തു രാത്രി വൈകിയും ക്യാംപ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനവാസ മേഖലയിൽ ഇതുവരെ പ്രശ്നങ്ങളില്ല. ‌ വ‌ലിയകാട് മായപ്പാറ തോടിനോടു ചേർന്നാണു കൂടുതൽ ആളുകൾ താമസിക്കുന്നത്. 37 കുടുംബങ്ങളാണു പുഴയോരത്തുള്ളത്. മായപ്പാറ തോടിൽ കാര്യമായ ഒഴുക്കുണ്ടായിട്ടില്ല. പക്ഷേ മഴ തുടരുന്നുണ്ട്. ഇവിടങ്ങളിലും ഉദ്യോഗസ്ഥർ രാത്രി വൈകിയും ക്യാംപ് ചെയ്യുന്നുണ്ട്. 

ഡാം: ഷട്ടറുകൾ കൂടുതൽ ഉയർത്തും
ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 5 സെന്റിമീറ്റർ കൂടി ഉയർത്തി. നേരത്തേ മൂന്നു ഷട്ടറുകളും 5 സെന്റിമീറ്റർ വീതം തുറന്നിരുന്നു. ഇതു 10 ആക്കി ഉയർത്തി. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൽ മുനീറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ രാത്രി വൈകിയും പ്രദേശത്തു ക്യാംപ് ചെയ്യുന്നുണ്ട്. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും. ഇന്നലെ രാത്രി 7 വരെ ഡാമിൽ 114.98 മീറ്റർ ജലനിരപ്പാണു രേഖപ്പെടുത്തിയത്. 115.06 ആണു പരമാവധി സംഭരണശേഷി.

കൽപാത്തി പുഴയിൽ ഒഴുക്ക് കൂടിയേക്കും
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെ തുടർന്നു മുക്കൈ, കൽപാത്തി പുഴകളിൽ ഒഴുക്ക് കൂടാൻ സാധ്യതയുണ്ടെന്നു ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുഴയുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. രാത്രി മുക്കൈ പുഴയിൽ ഒഴുക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുക്കൈ പാലത്തിൽ യാത്രക്കാർക്കായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും നിർദേശമുണ്ട്.

English Summary:

The Malampuzha region of Kerala, India, is experiencing heavy rainfall and flash floods. This has resulted in the collapse of the Muthiramkunnu-Kallampuzha bridge and rising water levels in several rivers. The Malampuzha dam has raised its shutters, potentially increasing the flow in the Kalpathy and Mukkai rivers. Authorities are monitoring the situation and advising residents to take precautions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com