മലമ്പുഴ ഡാം നിറഞ്ഞു വീടുകളിൽ വെള്ളംകയറി; 6 കുടുംബങ്ങൾ ദുരിതത്തിൽ
Mail This Article
മലമ്പുഴ ∙ ഡാമിൽ വെള്ളം നിറഞ്ഞതോടെ അകമലവാരം പൂക്കുണ്ടിൽ ആറ് ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വീടുകളിൽ വെള്ളംകയറി. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തോടു ചേർന്നുള്ള ഭാഗത്തെ കുടുംബങ്ങളാണു ദുരിതമനുഭവിക്കുന്നത്. ഓലമേഞ്ഞതും ഷെഡ് വലിച്ചു കെട്ടിയതുമായ വീടുകളിലാണു വർഷങ്ങളായി ഇവരുടെ താമസം. പ്രദേശത്തു പെയ്ത കനത്ത മഴയിൽ വീടിന്റെ മേൽക്കൂരകൾ പൂർണമായും തകർന്നു. നാട്ടുകാരാണു കഴിഞ്ഞദിവസം ഇതു ശരിയാക്കി നൽകിയത്.ഇതിനിടെ ഡാമിൽ നിന്നുള്ള വെള്ളം കൂടി എത്തിയതോടെ ദുരിതത്തിന്റെ ആഴം കൂടി.
കെ.രാജൻ, എം.മണി, വി.ശാരദ, എസ്.സുദേവൻ, വി.വിശ്വനാഥൻ, കെ.ഷിബു എന്നിവരുടെ വീടുകളിലാണു വെള്ളംകയറിയത്. രാത്രിയായാൽ സമീപത്തെ കടത്തിണ്ണകളിലാണ് ഇവർ ഉറങ്ങുക. രണ്ട്, മൂന്ന്, അഞ്ച്, ഒൻപത് വയസ്സുള്ള പെൺകുട്ടികൾ ഉൾപ്പെടെ ഈ വീടുകളിലാണു താമസം. രോഗികളും പ്രായമായവരും ഉൾപ്പെടെ താമസിക്കുന്നുണ്ട്.നടപടി ആവശ്യപ്പെട്ടു മലമ്പുഴ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു. നടപടി ആവശ്യപ്പെട്ട് കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയതായി മുൻ പഞ്ചായത്ത് അംഗവും ബിജെപി മലമ്പുഴ പഞ്ചായത്ത് സെക്രട്ടറിയുമായ തോമസ് ആന്റണി അറിയിച്ചു.
‘കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം’
ആദിവാസി കുടുംബങ്ങളെ ഇവിടെ നിന്നു മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർക്കും കലക്ടർക്കും ഉൾപ്പെടെ പരാതി നൽകിയതായും സെക്രട്ടറി കെ.എം.സജീവൻ, കെ.രാജാമണി, വി.രമേഷ്, കെ.പ്രേംജേഷ് എന്നിവർ അറിയിച്ചു.