ഹെൽമറ്റ് ഇല്ല, ലൈസൻസ് ഇല്ല, വാഹനത്തിന് ഒന്നുമില്ല; മകനെ ഡ്രൈവിങ് ടെസ്റ്റിന് കൊണ്ടുവന്നയാൾക്ക് വൻ പിഴ
Mail This Article
കാക്കനാട്∙ മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനു കൊണ്ടുവന്ന പിതാവിനു ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നു കണ്ടെത്തി മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തി. വെള്ളിയാഴ്ച രാവിലെ മകന്റെ ഡ്രൈവിങ് ടെസ്റ്റിന് ഒപ്പം വന്ന പിതാവ് പച്ചാളം സ്വദേശി വി.പി. ആന്റണിക്കു ലൈസൻസ് ഇല്ലാത്തതുൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് 9,500 രൂപ പിഴ ചുമത്തിയത്. പിതാവിന്റെ ബൈക്കിനു പിന്നിലിരുന്നു ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ മകൻ ഹെൽമറ്റ് ധരിച്ചിരുന്നില്ല.
അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.എസ്. ബിനു ഇതിന് പിഴ ചുമത്തി. ഇ–ചലാനിൽ രേഖപ്പെടുത്താൻ പിതാവിന്റെ ഡ്രൈവിങ് ലൈസൻസ് ചോദിച്ചപ്പോഴാണ് ഇല്ലെന്നു ബോധ്യമായത്. ബൈക്കിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസിന്റെയും പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെയും കാലാവധി കഴിഞ്ഞിരുന്നു.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാലു കുറ്റങ്ങൾക്കും കൂടിയാണു പിഴ ചുമത്തിയതെന്ന് ആർടിഒ ടി.എം. ജേഴ്സൺ പറഞ്ഞു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 5,000, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനു 2,000, ഇൻഷുറൻസ് ഇല്ലാത്തതിനു 2,000, പിന്നിലിരുന്നയാൾ ഹെൽമറ്റ് ധരിക്കാത്തതിന് 500 എന്നിങ്ങനെയാണു പിഴ. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെത്തുന്ന വാഹനങ്ങളുടെ രേഖകളും ഓടിക്കുന്നവരുടെ ലൈസൻസും പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്.