പേടിയില്ലാതെ ഒരു രാത്രിയെങ്കിലും... മകനെ ചേർത്തുപിടിച്ച് ഒരമ്മ
Mail This Article
മരുതറോഡ് ∙ മാനം ഇരുണ്ടുകയറിയാൽ പ്രസന്നയുടെയും മകൻ വിജയ്‌യുടെയും മനസ്സിലും ഇരുട്ടു കയറും. ശക്തമായ മഴയെ അതിജീവിക്കാൻ ഇവർ അന്തിയുറങ്ങുന്ന ഒറ്റമുറി വീടിനു താങ്ങു നൽകണേയെന്ന പ്രാർഥനയിലാകും പിന്നീടിവർ.മൂന്നു സെന്റിൽ പാതി തകർന്ന ഒറ്റമുറിക്കൂര. അതാണിവരുടെ വീട്. പൊട്ടിപ്പൊളിഞ്ഞ ഓടുകളും തല മുട്ടുന്ന മേൽക്കൂരയുമാണ് ആകെയുള്ളത്. പൊട്ടിയ ഓടിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിട്ടുണ്ട്. സിമന്റ് ഇട്ട തറ തകർന്ന നിലയിലാണ്. പൊളിഞ്ഞു വീഴാറായ ചുമരിൽ പലക വച്ചാണു താങ്ങുകൊടുത്തിട്ടുള്ളത്.മരുതറോഡ് തെക്കേത്തറ ആശാരിത്തറ മേലേവീട്ടിൽ പ്രസന്നയും മകനും 6 വർഷത്തോളമായി കഴിയുന്നത് ഈ വീട്ടിലാണ്. പ്രസന്ന കൂലിപ്പണിയെടുത്തു കിട്ടുന്ന ചെറിയ വരുമാനത്തിലാണ് ഇവർ വിശപ്പടക്കുന്നത്. കാലിനെ ബാധിച്ച വെരിക്കോസ് വെയിൻ കാരണം ഇപ്പോൾ ജോലിക്കു പോവാനും പറ്റാത്ത അവസ്ഥയായി. മകൻ വിജയ് പ്ലസ്ടു പഠനം പൂർത്തിയാക്കിയെങ്കിലും തുടർപഠനം മുടങ്ങി.
മകന് 6 മാസം പ്രായമുള്ളപ്പോൾ ഭർത്താവു ശെൽവരാജ് വാഹനാപകടത്തിൽ മരിച്ചതോടെയാണു പ്രസന്നയുടെ ദുരിത ജീവിതം തുടങ്ങുന്നത്. കുടുംബസ്വത്ത് ഭാഗിച്ചപ്പോൾ കിട്ടിയതാണ് ഈ ഭൂമി. പ്രസന്നയുടെ അമ്മ ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും മരിച്ചു. ഒട്ടേറെ തവണ ശ്രമിച്ചെങ്കിലും ആവശ്യമായ രേഖകളുടെ അഭാവത്തിൽ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിക്കാൻ കഴിഞ്ഞില്ല.ചുറ്റും കാടുമൂടിക്കിടക്കുന്ന ഒറ്റമുറിവീട്ടിൽ ഇഴജന്തുക്കളുടെ ശല്യവും പതിവാണ്. ഒരു മാസം മുൻപു വിജയ്ക്കു രാത്രി കിടന്നുറങ്ങുമ്പോൾ പാമ്പുകടിയേറ്റു. പ്രസന്നയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയതോടെയാണു ജീവൻ രക്ഷിക്കാനായത്.
മഴ തുടങ്ങിയതോടെ ചുമരിൽ ഷോക്കുണ്ട്. ഇവരുടെ ദുരിതമറിഞ്ഞു നാട്ടുകാരും സംഘടനകളും സഹായവുമായെത്തുന്നുണ്ടെങ്കിലും അടച്ചുറപ്പുള്ളൊരു വീടാണ് ഇവരുടെ സ്വപ്നം. ഭീതിയില്ലാതെ ഒരു രാത്രിയെങ്കിലും കഴിയണമെന്നു മാത്രമാണ് ഇവരുടെ ആഗ്രഹം. അതിനു സുമനസ്സുകളുടെ കരുണയുണ്ടാകുമെന്ന പ്രതീക്ഷയിൽ പൊളിഞ്ഞു വീഴാറായ വീട്ടിൽ മകനെയും ചേർത്തുപിടിച്ച് ഈ അമ്മ കാത്തിരിക്കുകയാണ്. ഫോൺ: 8547881671.