തറക്കല്ലിടാൻ വൃത്തിയാക്കിയിട്ട പറമ്പിൽ മൃതദേഹം കുഴിച്ചു മൂടി; നടുക്കത്തിൽ മനുവും കൃപയും
Mail This Article
അമ്പലപ്പുഴ ∙ ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ബോട്ടിലെ തൊഴിലാളിയായ ജയചന്ദ്രൻ വിജയലക്ഷ്മിക്കു മീനും പണവും കടം കൊടുക്കാറുമുണ്ടായിരുന്നു. പുറക്കാട് തീരദേശത്തു താമസിച്ചിരുന്ന ജയചന്ദ്രനു പുനർഗേഹം പദ്ധതിയിൽ ലഭിച്ച 10 ലക്ഷം രൂപ കൊണ്ടാണു കരൂർ കിഴക്ക് 3 സെന്റ് വാങ്ങി ഇരുനില വീടു വച്ചത്.
വിവാഹം കഴിഞ്ഞു 12 വർഷത്തിനു ശേഷമാണ് ആൺകുഞ്ഞ് പിറന്നത്. തന്റെ സുഹൃത്തെന്ന നിലയിൽ വിജയലക്ഷ്മിയുടെ വീട്ടിൽ ഭാര്യയെയും മകനെയും ഇയാൾ കൊണ്ടുപോയിട്ടുണ്ട്. ഈ ബന്ധത്തിൽനിന്നു ജയചന്ദ്രനെ പിന്തിരിപ്പിക്കണമെന്നു വിജയലക്ഷ്മിയുടെ ബന്ധുവെന്നു പരിചയപ്പെടുത്തിയ ഒരാൾ ആവശ്യപ്പെട്ടിരുന്നതായി ജയചന്ദ്രന്റെ ഭാര്യ പറയുന്നു.
വീടു വച്ചശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നു. ഭാര്യ മറ്റു വീടുകളിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു.ആരുമായും ജയചന്ദ്രനു വലിയ അടുപ്പമില്ലായിരുന്നു. കടലിൽ പോയാൽ ദിവസങ്ങൾക്കു ശേഷമാണു വീട്ടിലെത്തിയിരുന്നത്. മിക്കപ്പോഴും ആളൊഴിഞ്ഞു കിടന്നിരുന്നതിനാൽ അയൽക്കാർ ഈ വീട്ടിലേക്കു ശ്രദ്ധിക്കാറില്ലായിരുന്നു. മതിലിന് അപ്പുറത്ത് അതിക്രൂരമായ കൊലപാതകം നടന്നതറിഞ്ഞതിന്റെ ഞെട്ടലിലാണ് അയൽക്കാർ.
മൃതദേഹം കുഴിച്ചിട്ടത് അറിയാതെ തറക്കല്ലിടൽ
അമ്പലപ്പുഴ ∙ വീടിനു തറക്കല്ലിടാൻ പുറക്കാട് അഴീക്കകത്ത് തോപ്പിൽ മനുവും കൃപയും വൃത്തിയാക്കിയിട്ട പറമ്പിലാണ് അതിനു തലേന്നു ജയചന്ദ്രൻ മൃതദേഹം കുഴിച്ചു മൂടിയത്. ഇതറിയാതെ പിറ്റേന്ന് ഇവർ വീടിനു കല്ലിട്ടു. 8 വർഷം മുൻപാണു മനു ഇവിടെ 5 സെന്റ് വാങ്ങിയത്. സാമ്പത്തിക പ്രയാസം കാരണം വീടുപണി തുടങ്ങാൻ വൈകി.
ഒരു സന്നദ്ധ സംഘടന വീടുവച്ചു നൽകാമെന്ന് ഏറ്റതോടെയാണു കല്ലിടാൻ തീരുമാനിച്ചത്. മനുവും മത്സ്യത്തൊഴിലാളിയാണ്.സ്ത്രീയെ കൊലപ്പെടുത്തി തങ്ങളുടെ പറമ്പിൽ കുഴിച്ചിട്ടെന്ന വിവരമറിഞ്ഞ നടുക്കത്തിൽ കൃപ ബന്ധുവിനോടൊപ്പം സ്ഥലത്തെത്തിയിരുന്നു. ജഡം പൊലീസ് നീക്കുന്നതു വരെ വിശ്വസിക്കാനാകാതെ അവർ കാത്തുനിന്നു.