ഷീ ഓട്ടോയ്ക്കു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വനിത ഡ്രൈവർക്ക് പരുക്ക്
Mail This Article
കോന്നി ∙ നിർത്തിയിട്ടിരുന്ന ഷീ ഓട്ടോയ്ക്കു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് ഓട്ടോറിക്ഷ വനിത ഡ്രൈവർക്ക് പരുക്ക്. ഓട്ടോ ഓടിച്ചിരുന്ന വകയാർ കൈതക്കര താന്നിക്കുഴി ഉല്ലാസ് ഭവനിൽ ഉല്ലാസിന്റെ ഭാര്യ ശാന്തിക്കാണ് (34) പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് ചിറ്റൂർമുക്കിനു സമീപത്താണ് സംഭവം. വീട്ടിൽ നിന്ന് ചിക്കൻ ബിരിയാണി തയാറാക്കി ഓട്ടോറിക്ഷയിൽ എത്തിച്ച് വിൽപന നടത്താനായാണ് ശാന്തി എത്തിയത്. വകയാർ ഭാഗത്തു നിന്ന് വന്ന് റോഡിന്റെ മറുഭാഗത്തേക്കു തിരിയാനായി ഇടതുവശത്ത് നിർത്തിയ സമയത്താണ് സംഭവം. പിന്നിൽ നിന്നെത്തിയ ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മുന്നിലേക്ക് തെറിച്ച് തൊട്ടു മുൻപിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ബസ് ചിറ്റൂർമുക്കിലേക്കു പോകുകയും ചെയ്തു. തുടർന്ന് ആളുകൾ ബഹളം വച്ചതിനെ തുടർന്നാണ് ബസ് നിർത്തിയത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ ഹാൻഡിലിനും സീറ്റിനും ഇടയിൽപെട്ട് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ അവസ്ഥയിലായിരുന്നു ശാന്തി. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ശാന്തിയെ പുറത്തെടുത്ത് സേനയുടെ വാഹനത്തിൽതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ശാന്തിയുടെ ഓട്ടോറിക്ഷ പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ബിരിയാണിയെല്ലാം നശിക്കുകയും ചെയ്തു. ഇളകൊള്ളൂർ കുഴിപ്പറമ്പിൽ പ്രസാദ് കുട്ടിയുടെ ഓട്ടോയാണ് തൊട്ടു മുന്നിലുണ്ടായിരുന്നത്. ഇതിൽ വന്ന വള്ളിക്കോട് കോട്ടയം സ്വദേശി ബിന്ദു ഇറച്ചി വാങ്ങാനായി പുറത്തിറങ്ങിയ സമയത്തായിരുന്നു സംഭവം. അതിനാൽ ഇവർക്ക് അപകടം സംഭവിച്ചില്ല. പൊലീസ് സ്ഥലത്തെത്തി സ്വകാര്യ ബസ് സ്റ്റേഷനിലേക്കു മാറ്റി. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.