മൂന്നാം വന്ദേഭാരത് ട്രെയിൻ സർവീസിന് ഉപയോഗിക്കാൻ വൈകുന്നു; എത്തിച്ച റേക്ക് വെറുതേ കിടക്കുന്നു
Mail This Article
പത്തനംതിട്ട ∙ കേരളത്തിനു ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ, സർവീസിന് ഉപയോഗിക്കാൻ വൈകുന്നു. എറണാകുളം–ബെംഗളൂരു റൂട്ടിലോടിക്കാൻ എത്തിച്ച റേക്കാണ് കൊല്ലത്ത് വെറുതേയിട്ടിരിക്കുന്നത്. എറണാകുളം–ബെംഗളൂരു വന്ദേഭാരത് ഓടിക്കാനായി തയാറാക്കിയ ടൈംടേബിളിൽ ബെംഗളൂരു–എറണാകുളം സർവീസ് രാത്രി 11.30ന് പുറപ്പെട്ട് രാവിലെ 8ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്.
എന്നാൽ വന്ദേഭാരത് ചെയർകാർ കോച്ചുകൾ രാത്രി സർവീസിന് ഓടിക്കുന്നതു സംബന്ധിച്ചു റെയിൽവേ ബോർഡ് വ്യക്തത വരുത്താതെ സർവീസ് നടത്താൻ കഴിയില്ലെന്നതാണു പുതിയ പ്രതിസന്ധി. എറണാകുളം–ബെംഗളൂരു, തിരുവനന്തപുരം–ചെന്നൈ, തിരുവനന്തപുരം–കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ സജീവ പരിഗണനയിലുണ്ടെന്നു മാത്രമാണ് അധികൃതർ പറയുന്നത്.
വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം എറണാകുളത്തു നിലവിൽ വന്നതോടെ എറണാകുളത്തു നിന്നു വന്ദേഭാരത് ആരംഭിക്കാൻ തടസ്സമില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിക്കുന്നതു വരെ വന്ദേഭാരത് സ്പെഷൽ ട്രെയിനായി ഓടിക്കാമെങ്കിലും ആ സാധ്യത ദക്ഷിണ റെയിൽവേ പരിഗണിച്ചിട്ടില്ല. തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിൽ കോച്ചുകൾ കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.