അച്ഛൻ മരിച്ചു; ഫോൺ വാങ്ങാനെടുത്ത പണം ആവശ്യപ്പെട്ട് മകൾക്ക് ഭീഷണി
Mail This Article
പത്തനംതിട്ട ∙ മൊബൈൽഫോൺ വാങ്ങാൻ വായ്പയെടുത്തയാൾ മരിച്ചതിനെത്തുടർന്ന്, പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗുണ്ടാസംഘം വീട്ടിൽ കയറി മകളെ ഭീഷണിപ്പെടുത്തിയെന്നു പരാതി. കോന്നി അട്ടച്ചാക്കലിലാണു സംഭവം. മകൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. മരംവെട്ട് തൊഴിലാളിയായിരുന്ന സജു (52) ജൂൺ 18ന് കൂടലിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സജു സഞ്ചരിച്ചിരുന്ന ഓട്ടോയിൽ പിക്കപ് വാൻ ഇടിച്ചായിരുന്നു അപകടം. സംസ്കാരച്ചടങ്ങുകൾ പോലും നാട്ടുകാരുടെ സഹായത്തോടെയാണ് അന്നു നടത്തിയത്. സജുവിന്റെ മരണ ശേഷം ഫീസ് കൊടുക്കാൻ പണമില്ലാതെ മകളുടെ ഹോട്ടൽ മാനേജ്മെന്റ് പഠനവും മുടങ്ങി.
ഭാര്യ പ്രഭ വീട്ടു ജോലിക്കു പോയാണു കുടുംബം പുലർത്തുന്നത്. സജു കോന്നിയിലെ കടയിൽനിന്ന് സ്വകാര്യ വായ്പാ സ്ഥാപനത്തിന്റെ സാമ്പത്തിക സഹായത്തോടെ മൊബൈൽ ഫോൺ വാങ്ങിയിരുന്നു. ഇതിൽ 7,000 രൂപ കൂടി തിരിച്ചടയ്ക്കാനുണ്ടായിരുന്നു. സജുവിന്റെ മരണശേഷം തിരിച്ചടവ് മുടങ്ങിയതോടെ പണം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പിരിവുകാർ 3 തവണ വീട്ടിലെത്തി. ‘അച്ഛൻ മരിച്ചെന്നും പണമടയ്ക്കാൻ നിർവാഹമില്ലെന്നും’ അറിയിച്ചെങ്കിലും സജുവിന്റെ മകളെ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതി മാത്രം വീട്ടിലുള്ള സമയങ്ങളിലാണ് സംഘം വീട്ടിലെത്തിയതെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. കോന്നി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് അട്ടച്ചാക്കൽ.