ADVERTISEMENT

വാളകം  ∙ അധ്യാപികയുടെ സ്വർണമാല പൊട്ടിച്ചു കടന്ന മോഷ്ടാക്കളിൽ ഒരാളെ രണ്ടര കിലേമീറ്ററോളം കാറിൽ പിന്തുടർന്നു കെഎസ്ആർടിസി ഡ്രൈവർ സാഹസികമായി പിടികൂടി. ഒപ്പമുണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു. പിടികൂടിയ മോഷ്ടാവിൽ നിന്നു 2 പവന്റെ സ്വർണ മാലയും കണ്ടെത്തി. റാന്നി ഡിപ്പോയിലെ ഡ്രൈവർ ഉതിമൂട് വലിയകലുങ്ക് പുളിക്കൽ വീട്ടിൽ പി.ഡി.സന്തോഷ് കുമാറാണ് (52) ബൈക്കിൽ കടന്നുകളഞ്ഞ മോഷ്ടാവിനെ പിന്തുടർന്നു പിടികൂടിയത്.

പിടികൂടുന്നതിനിടെ മോഷ്ടാവ് ഹെൽമറ്റ് ഉപയോഗിച്ചു സന്തോഷിനെ അടിക്കുകയും ചെയ്തു. കൊല്ലം കൂട്ടിക്കട കളീലിൽ വീട്ടിൽ ജാസിർ സിദ്ദിഖാണു (37) പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കു വാളകത്താണു സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. അബുദാബിയിലേക്കു പോകുന്നതിനു ഭാര്യയെ തിരുവനന്തപുരം വിമാനത്താവളത്തിൽ ആക്കിയ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ വാളകം എംഎൽഎ ജംക്‌ഷനു സമീപം വച്ചാണ് മോഷ്ടാക്കൾ അധ്യാപികയുടെ മാല പൊട്ടിച്ചു കടക്കുന്നതു സന്തോഷ് കണ്ടത്. ബൈക്കിൽ കടന്ന മോഷ്ടാക്കളെ സന്തോഷ് കാറിൽ പിന്തുടർന്നു.

കാറിൽ ഒപ്പം രണ്ടു മക്കളും സുഹൃത്തും ഉണ്ടായിരുന്നു.എംസി റോഡ് വഴി കൊട്ടാരക്കര ഭാഗത്തേക്കു പാഞ്ഞ മോഷ്ടാക്കൾ പനവേലി ഭാഗത്തെത്തിയപ്പോൾ പെട്ടെന്നു തിരിഞ്ഞു വീണ്ടും വാളകത്തേക്കു പോയി. സന്തോഷും ഇവർക്കു പിന്നാലെ പാഞ്ഞു. വാളകത്തു നിന്ന് ഉമ്മന്നൂർ ഭാഗത്തേക്കു പോകുന്ന റോഡിലേക്കു മോഷ്ടാക്കൾ കയറിയതോടെ കാർ മോഷ്ടാക്കളുടെ അടുത്തെത്തി. രണ്ടു കിലോമീറ്ററോളം ബൈക്കിനു പിന്നാലെ പാഞ്ഞു.

 പെരുമ്പ ഭാഗത്തെ വളവിൽ വച്ചു ബൈക്കിനു കുറുകെ കാർ കയറ്റി നിർത്തി. ഇതോടെ മോഷ്ടാക്കൾ രണ്ടു പേരും റോഡിലേക്കു വീണു. ബൈക്ക് ഓടിച്ചിരുന്ന ആൾ വീണ്ടും ബൈക്കിൽ കയറി വേഗത്തിൽ ഓടിച്ചു പോയി. രണ്ടാമത്തെയാളെ കാറിൽ നിന്നു ചാടി ഇറങ്ങിയ സന്തോഷ് പിടികൂടാൻ ശ്രമിച്ചു. ഈ സമയത്താണ് മോഷ്ടാവ് ഹെൽമെറ്റ് കൊണ്ട് ആക്രമിച്ചത്. ഇടതു കയ്യിൽ അടിയേറ്റു.

പിടിവലിയിൽ സന്തോഷിന്റെ ഷർട്ടും കീറി. പിടിയിലാകും എന്നു ഉറപ്പായതോടെ കൈവശം ഉണ്ടായിരുന്ന സ്വർണമാല മോഷ്ടാവ് റോഡിന്റെ വശത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു. ഇതു സന്തോഷ് കാണുകയും മോഷ്ടാവിനെ കീഴ്പ്പെടുത്തിയ ശേഷം മാല കണ്ടെത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും മോഷ്ടാവിനെ പിടികൂടുന്നതിനു സഹായിച്ചു. വിവരം അറിഞ്ഞെത്തിയ വാളകം എയ്ഡ്പോസ്റ്റ് പൊലീസ് മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്തു. ബൈക്കിൽ നിന്നുള്ള വീഴ്ചയിൽ മോഷ്ടാവിന്റെ കൈയ്ക്കും മുറിവേറ്റു. 

വാളകത്തെ സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപിക പനി ആയതിനാൽ അവധി എടുത്തു വീട്ടിലേക്കു മടങ്ങുന്നതിനു ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നടക്കുമ്പോഴായിരുന്നു കവർച്ച. പിടിവലിയിൽ മാലയുടെ ഒരു ഭാഗം അധ്യാപികയുടെ കയ്യിൽ കിട്ടി. കിളിമാനൂർ ഭാഗത്തു നിന്നാണ് മോഷ്ടാക്കൾ വാളകത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും ഇയാൾ ഉടൻ പിടിയിലാകുമെന്നും പറഞ്ഞു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. റാന്നി – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവറാണ് സന്തോഷ് കുമാർ.

English Summary:

KSRTC Driver Turns Real-Life Hero, Chases Down Chain Snatcher in Valakom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com