സ്പെഷൽ സർവീസ് നീട്ടിയില്ല; എറണാകുളം – ബെംഗളൂരു വന്ദേഭാരത് ഓട്ടം നിലച്ചു
Mail This Article
പാലക്കാട് ∙ മികച്ച വരുമാനമുണ്ടായിട്ടും എറണാകുളം– ബെംഗളൂരു വന്ദേഭാരത് സ്പെഷൽ ട്രെയിൻ ഒാട്ടം നിലച്ചു. സ്പെഷൽ സർവീസ് നീട്ടി വിജ്ഞാപനം ഇറങ്ങാത്തതാണു കാരണം. ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന സമയം മാറ്റുന്ന കാര്യത്തിൽ തീരുമാനമായ ശേഷം പുനരാരംഭിക്കുമെന്നാണു റെയിൽവേ അധികൃതരിൽ നിന്നു ലഭിക്കുന്ന വിവരം. ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടുന്ന സമയം, കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ, രാവിലെ 5.30നു പകരം ആറരയാക്കാൻ ദക്ഷിണ റെയിൽവേ നിർദേശിച്ചിരുന്നു.
സൗത്ത് വെസ്റ്റ് റെയിൽവേ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. ആഴ്ചയിൽ മൂന്നു ദിവസത്തെ സർവീസായി ജൂലൈ 25നാണ് എറണാകുളം – ബെംഗളൂരു സ്പെഷൽ സർവീസ് ആരംഭിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവീസ് നീട്ടുമെന്നാണു റെയിൽവേ അറിയിച്ചത്. 8 മാസമായി ഒാടുന്ന മംഗളൂരു – ഗോവ വന്ദേഭാരതിൽ മൊത്തം 31 ശതമാനമാണു ബുക്കിങ്. അതേസമയം, എറണാകുളം – ബെംഗളൂരു സർവീസിന് 105%, ബെംഗളൂരു–എറണാകുളം സർവീസിന് 88% എന്നിങ്ങനെയാണു യാത്രക്കാരുടെ എണ്ണം. സർവീസ് തുടരാൻ തീരുമാനിച്ചില്ലെങ്കിൽ ഒാണക്കാലത്തു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു യാത്രാക്ലേശം രൂക്ഷമാകും.
31നും സെപ്റ്റംബർ ഒന്നിനും ട്രെയിൻ നിയന്ത്രണം
പാലക്കാട് ∙ അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം സിഗ്നൽ ബ്ലോക്കിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലരുവി, ജനശതാബ്ദി ഉൾപ്പെടെ ഒട്ടേറെ ട്രെയിനുകൾ 31നും സെപ്റ്റംബർ ഒന്നിനും ഭാഗികമായി റദ്ദാക്കി. നാളെ മുതൽ സെപ്റ്റംബർ ഒന്നു വരെ ചില ട്രെയിനുകൾ 2 മണിക്കൂർ വരെ വൈകും.
തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) 31നു ആലുവയിൽ യാത്ര അവസാനിപ്പിക്കും. സെപ്റ്റംബർ ഒന്നിനു പാലക്കാട് – എറണാകുളം മെമു (06797), എറണാകുളം – പാലക്കാട് മെമു (06798) ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കി.
സെപ്റ്റംബർ ഒന്നിന് ഭാഗികമായി റദ്ദാക്കിയവ:
തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി (12076), തിരുവനന്തപുരം – ഷൊർണൂർ വേണാട് (16302) എന്നിവ എറണാകുളം വരെ മാത്രം.
കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് (16308) ഷൊർണൂർ വരെ മാത്രം.
പാലക്കാട് – തൂത്തുക്കുടി പാലരുവി (16792) ആലുവയിൽ നിന്നാകും പുറപ്പെടുക.
കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി (12075), ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) എന്നിവ എറണാകുളത്തു നിന്നാകും പുറപ്പെടുക.
ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (16307) ഷൊർണൂരിൽ നിന്നു പുറപ്പെടും.
വൈകുന്ന ട്രെയിനുകൾ:
സിൽചർ – തിരുവനന്തപുരം (12508) 29ന് ഒരു മണിക്കൂർ.
പട്ന – എറണാകുളം (22644) 30നു ഒരു മണിക്കൂർ 40 മിനിറ്റ്.
ന്യൂഡൽഹി – തിരുവനന്തപുരം കേരള (12626) 30നു 30 മിനിറ്റ്.
ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി (16345) 31നു രണ്ടു മണിക്കൂർ 10 മിനിറ്റ്.
തിരുവനന്തപുരം – ലോകമാന്യ തിലക് നേത്രാവതി (16346) സെപ്റ്റംബർ ഒന്നിനു ഒരു മണിക്കൂർ 50 മിനിറ്റ്.
മംഗളൂരു– തിരുവനന്തപുരം ഏറനാട് (16605) സെപ്റ്റംബർ ഒന്നിനു 50 മിനിറ്റ്.
ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി (22644) സെപ്റ്റംബർ ഒന്നിനു 40 മിനിറ്റ്.
ഓണത്തിന് ബെംഗളൂരു,ചെന്നൈ സ്പെഷൽ
ഓണം സ്പെഷൽ സർവീസ് ട്രെയിനുകൾ ഇവ:
ചെന്നൈ – കൊച്ചുവേളി (06043) ഇന്നു മുതൽ സെപ്റ്റംബർ 25 വരെ എല്ലാ ബുധനാഴ്ചകളിലും അധിക സർവീസ്. വൈകിട്ട് 3.45നു ചെന്നൈയിൽ നിന്നു പുറപ്പെടും.
കൊച്ചുവേളി – ചെന്നൈ (06044) നാളെ മുതൽ സെപ്റ്റംബർ 26 വരെ എല്ലാ വ്യാഴാഴ്ചകളിലും അധിക സർവീസ് നടത്തും. വൈകിട്ട് 6.25നു കൊച്ചുവേളിയിൽ നിന്നു പുറപ്പെടും.
കൊച്ചുവേളി – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (06083) സെപ്റ്റംബർ 3 മുതൽ 24 വരെ എല്ലാ ചൊവ്വാഴ്ചകളിലും അധിക സർവീസ് നടത്തും. വൈകിട്ട് 6.05നു കൊച്ചുവേളിയിൽ നിന്നു പുറപ്പെടും.
എസ്എംവിടി ബെംഗളൂരു– കൊച്ചുവേളി എക്സ്പ്രസ് (06084) സെപ്റ്റംബർ 4 മുതൽ 25വരെ എല്ലാ ബുധനാഴ്ചകളിലും അധിക സർവീസ് നടത്തും. ഉച്ചയ്ക്കു 12.45നു ബെംഗളൂരുവിൽ നിന്നു പുറപ്പെടും.