'ശുചിമുറി പൈപ്പിനുള്ളിൽ മൊബൈൽ ഫോൺ മുതൽ ഷർട്ടും മുണ്ടും കാലിയായ മദ്യകുപ്പിയും വരെ കുത്തി തിരുകി'
Mail This Article
തിരുവല്ല ∙ മൊബൈൽ ഫോൺ മുതൽ ഷർട്ടും മുണ്ടും കാലിയായ മദ്യകുപ്പി വരെ. നഗരത്തിലെ ഏക പൊതുശൗചാലയമായ കെഎസ്ആർടിസ് ബസ് ടെർമിനലിലെ പൈപ്പുകളിൽ നിന്നു വാരി മാറ്റുന്ന സാധനങ്ങളാണിവ. ശുചിമുറി ഉപയോഗിക്കാൻ കയറുന്നവർ ക്ലോസറ്റിലും ഫ്ലഷ് ബോക്സിലും കുത്തിക്കയറ്റുന്ന സാധനങ്ങളാണിവ. ഇതോടെ ശൗചാലയം അടഞ്ഞ് മലിനജലം ബസ് പുറത്തേക്കിറങ്ങുന്ന വഴികളിൽ നിറയുകയാണ്. 6 ആൾനൂഴികളാണ് ഈ ഭാഗത്തുള്ളത്. പൂട്ടുകട്ടകൾ ഇളകി ആൾനൂഴി മൂടികളും ഇളകി കിടക്കുന്നതിനാൽ മലിനജലം പെട്ടെന്നാണ് വഴികളിൽ നിറയുന്നത്. പ്രദേശത്ത് ദുർഗന്ധം വ്യാപിക്കുകയും ചെയ്യും. പൊതുശൗചാലയം ഉപയോഗിക്കുന്നവരാണ് ഇവ അടയാനുള്ള വഴി ഉണ്ടാക്കുന്നതും. മദ്യകുപ്പികളുമായി കയറി അകത്തിരുന്ന മദ്യപിച്ചശേഷം കുപ്പി തള്ളുന്നത് സ്ഥിരം പരിപാടിയാണെന്ന് അധികൃതർ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും പാഡുകളും മിക്കവാറും ഇതിനുള്ളിൽ തള്ളുകയാണ് കയറുന്നവർ ചെയ്യുന്നത്.
മാലിന്യങ്ങൾ ഇടാൻ പ്രത്യേകം ബിൻ വച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരും ഉപയോഗിക്കാറില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ നടപടി സ്വീകരിക്കാനോ കഴിയാറില്ല.ടെർമിനലിന് പ്രത്യേകമായി ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് ഉണ്ട്. ഇവിടേക്കുള്ള പൈപ്പുകൾ പോകുന്നത് ബസ് പുറത്തേക്ക് പോകുന്ന വഴിയിൽ കൂടിയാണ്. പൈപ്പ് ലീക്കായാൽ ഈ ഭാഗത്തെല്ലാം ശുചിമുറി മാലിന്യം നിറയും. പുരുഷൻമാർക്കുള്ള 4 ശുചിമുറികളും 7യൂറിനലും സ്ത്രീകൾക്കുള്ള 8 ശുചിമുറിയും 5 വാഷ് ബേസിനുമാണ് ടെർമിനലിൽ ഉള്ളത്. പണം കൊടുത്ത് ഉപയോഗിക്കുന്ന ഇവ കരാർ നൽകുകയാണ് ചെയ്യുന്നത്. ഓരോ പ്രാവശ്യം പൈപ്പുകളിൽ തടസ്സമുണ്ടാകുമ്പോൾ 7000 മുതൽ 10000 രൂപ വരെ കരാറുകാരൻ നൽകേണ്ടിവരും. ഇതു പതിവായാൽ കരാർ നഷ്ടത്തിലായി ആരും എടുക്കാനില്ലാത്ത സ്ഥിതി വരും. അങ്ങിനെ വന്നാൽ നഗരത്തിലെ പണം കൊടുത്തുപയോഗിക്കാവുന്ന ഏക ശുചിമുറി പൂട്ടേണ്ടി വരും.
ഗതാഗതമന്ത്രിയുടെ ഓഫിസിൽ നിന്ന് വരെ അന്വേഷണം
സംഭവത്തിൽ ഗതാഗത മന്ത്രിയുടെ ഓഫിസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്ന സ്ഥിതി വരെയെത്തി.കെടിഡിഎഫ്സി അസിസ്റ്റന്റ് എൻജിനീയർ നൽകിയ റിപ്പോർട്ടിൽ 16 ന് ഡ്രെയിനേജ് ലൈനിൽ തടസ്സം നേരിട്ടതായും ബസുകൾ ടെർമിനലിന് പുറത്തേക്ക് പോകുന്ന വഴിയിലായതിനാൽ പകൽ സമയത്ത് ഇവിടെ ജോലി ചെയ്യാൻ സാധിക്കില്ലെന്നും രാത്രിയിൽ ആളെ നിർത്തി ഡ്രെയിനേജ് ലൈനിൽ തടസ്സമായി കിടന്ന പ്ലാസ്റ്റിക് കുപ്പി, പാഡ്, മൊബൈൽ ഫോൺ എന്നിവ നീക്കം ചെയ്തിരുന്നു.എന്നാൽ ഇന്നലെ രാവിലെ വീണ്ടും തടസ്സം നേരിട്ടതായും രാത്രിയിൽ ഇവ പരിഹരിക്കാൻ ആളെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. പൊതുജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രവർത്തിയാണ് ഇതിനു കാരണമെന്നും പറയുന്നു.