ആനപ്പുറത്ത് പാപ്പാൻ കുടുങ്ങിയത് 11 മണിക്കൂർ; രക്ഷപ്പെടുത്തിയത് മയക്കുമരുന്ന് കുത്തിവച്ച ശേഷം
Mail This Article
കുളനട (പത്തനംതിട്ട) ∙ ഇടഞ്ഞ ആനയുടെ പുറത്ത് കുടുങ്ങിയ പാപ്പാനെ 11 മണിക്കൂറുകൾക്കു ശേഷം താഴെ ഇറക്കി. പാണിൽ കല്ലുവരമ്പ് ഭാഗത്താണ് ഇന്നലെ രാവിലെ 11ന് ഹരിപ്പാട് സ്വദേശി രതീഷിന്റെ അപ്പുവെന്ന ആന ഇടഞ്ഞത്. ഒന്നാം പാപ്പാൻ ചേർത്തല സ്വദേശി കുഞ്ഞുമോനാണ് ആനയെ ആനപ്പുറത്ത് കുടുങ്ങിപ്പോയത്.മറ്റു പാപ്പാന്മാരുടെ സഹായത്തോടെ ആനയെ ബന്ധിച്ചെങ്കിലും കുഞ്ഞുമോനെ താഴെയിറക്കാനായില്ല. ഒടുവിൽ കൊല്ലത്തുനിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി മരുന്ന് കുത്തിവച്ച് ആനയെ മയക്കിയശേഷം രാത്രി 10 മണിയോടെ പാപ്പാനെ താഴെയിറക്കുകയായിരുന്നു.
പാപ്പാൻ കുഞ്ഞുമോൻ പാണിൽ ഭാഗത്തെ വാടകവീട്ടിലാണ് താമസം. ഇതുകാരണം ആനയെ സ്ഥിരമായി കല്ലുവരമ്പിലാണ് തളച്ചിരുന്നത്.ഇന്നലെ രാവിലെ ചങ്ങല അഴിച്ചപ്പോൾ ആന ഇടയുകയായിരുന്നു. നായയുടെ കുര കേട്ടതാണ് ആന ഇടയാൻ കാരണമെന്ന് പറയുന്നു.സമീപത്തുള്ള റബർ തോട്ടത്തിൽ കയറിയ ആന റബർ മരങ്ങൾ മറിച്ചു. ആനയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പാപ്പാൻ കുഞ്ഞുമോൻ ആനപ്പുറത്ത് കുടുങ്ങിയത്.