നല്ല വീതിയിൽ റോഡ്; പണ്ടേ മെലിഞ്ഞ് അപകടമൊരുക്കി ഇടയിലെ പാലം!
Mail This Article
മാരാമൺ ∙ ആറാട്ടുപുഴ റോഡിൽ മാരാമൺ മാർത്തോമ്മാ പള്ളിക്കു സമീപത്തെ ഇടുങ്ങിയ കോട്ടപ്പാലം വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു.40 വർഷത്തിലേറെ പഴക്കമുള്ളതാണു പാലം. റോഡിന്റെ വീതിയുടെ പകുതിപോലുമില്ല പാലത്തിന്റെ വീതി. പാലത്തിലേക്കുള്ള റോഡിന് ഒരുഭാഗത്തു വളവും മറുവശത്ത് ഇറക്കവുമാണ്. ഇക്കാരണത്താൽ അപകടഭീതിയിലാണ് ഇതുവഴി സഞ്ചരിക്കുന്നതെന്നു യാത്രക്കാർ പറയുന്നു.
കാറുകൾ ഉൾപ്പെടെയുള്ള ചെറുകിട വാഹനങ്ങൾക്കുപോലും ഒരേസമയം ഒരുദിശയിലേക്കു മാത്രമാണു പാലത്തിലൂടെ സഞ്ചരിക്കാൻ കഴിയുക. പാലത്തോടു ചേർന്ന് ഇടിതാങ്ങി സ്ഥാപിക്കാത്തതും അപകടക്കെണിയാണ്. സുരക്ഷയൊന്നും ഒരുക്കാതിരിക്കുന്നതിനാൽ 40 അടിയിലേറെ താഴ്ചയുള്ള തോട്ടിലേക്കു വാഹനങ്ങൾ പതിച്ചു വൻദുരന്തത്തിനു സാക്ഷ്യംവഹിക്കാം. ടാറിങ്ങിനോടു ചേർന്നുനിൽക്കുന്ന വൈദ്യുതിത്തൂണുകളും അപകടഭീതി സൃഷ്ടിക്കുന്നുണ്ട്.
ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ ഘടിപ്പിച്ചിരിക്കുന്ന തൂണുകളാണിത്.മാരാമൺ, ചെട്ടിമുക്ക്, ചിറയിറമ്പ്, കുറിയന്നൂർ, പുല്ലാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് എംസി റോഡിലെ കാരയ്ക്കാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്കു എളുപ്പമാർഗത്തിൽ എത്താവുന്ന പാതയാണിത്. പമ്പാനദിയിലെ ആഞ്ഞിലിമൂട്ടിൽകടവിൽ പുതിയ പാലം നിർമിച്ചതോടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്നുമുണ്ട്.
റോഡ് രണ്ടുവർഷം മുൻപ് ഉന്നത നിലവാരത്തിൽ നിർമിച്ചുവെങ്കിലും പാലം പഴയ സ്ഥിതിയിൽ നിലനിർത്തുകയായിരുന്നു. റോഡിന്റെ വികസനത്തിനായി 100 വർഷത്തിലേറെ പഴക്കമുള്ള സ്കൂൾ കെട്ടിടവും പൊളിച്ചു നൽകിയിരുന്നു. 7 കോടിയോളം രൂപ ചെലവഴിച്ചാണു റോഡ് നവീകരിച്ചത്. കോട്ടപ്പാലം വീതികൂട്ടി പുനർനിർമിക്കാൻ പദ്ധതിയിട്ടെങ്കിലും നടപ്പിലായില്ലെന്നാണു നാട്ടുകാരുടെ പരാതി. വാഹനത്തിരക്ക് ഏറെയുള്ള പാതയിൽ അപകടമുണ്ടാകുന്നതിനു മുൻപു പാലം വീതികൂട്ടി നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.