ADVERTISEMENT

ശബരിമല ∙ എല്ലാ ദുഃഖങ്ങളും തീർത്തു തരണമെന്ന പ്രാർഥനയുമായി ശബരിമലയിലെത്തുന്ന തീർഥാടകരെ കാത്തിരിക്കുന്നത് ദുരിതം തന്നെ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അലംഭാവം ഉണ്ടാകാതിരുന്നാലേ പരാതിരഹിത തീർഥാടനം സാധ്യമാകു. 

മതിയായ രീതിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നതാണു സന്നിധാനം, പമ്പ, നിലയ്ക്കൽ, ശരണവഴികൾ, ഇടത്താവളങ്ങൾ എന്നിവിടങ്ങളിലെ കാഴ്ചകൾ നൽകുന്ന സൂചന. തുടങ്ങിയ പണികൾ ഒന്നും പൂർത്തിയായിട്ടില്ല. വലിയ നേട്ടമായി മന്ത്രിമാർ പറഞ്ഞ പല ജോലികളും തുടങ്ങാനും കഴിഞ്ഞിട്ടില്ല.

കാണിക്ക, അപ്പം, അരവണ, മുറിവാടക തുടങ്ങിയവയിലൂടെ ദേവസ്വം ബോർഡിനു കഴിഞ്ഞ വർഷം 350 കോടി രൂപ ലഭിച്ചപ്പോൾ  തീർഥാടക വാഹനങ്ങളുടെ പ്രവേശന നികുതി,  ഇന്ധന നികുതി തുടങ്ങിയ ഇനത്തിൽ മൂന്നിരട്ടിയിലേറെ വരുമാനം സംസ്ഥാനത്തിനും ലഭിച്ചു. എന്നാൽ അതിഥികളായി എത്തുന്ന തീർഥാടകരെ വരവേൽക്കാൻ നമ്മൾ എന്തുചെയ്തെന്ന ചോദ്യം ബാക്കി. 

തണലുണ്ടാകുമോ പമ്പയിൽ 
സന്നിധാനത്തു തിരക്കു കൂടുമ്പോൾ പമ്പാ മണൽപുറത്താണു തീർഥാടകരെ തടഞ്ഞു നിർത്തുന്നത്. അതിന് ആകെയുണ്ടായിരുന്നത് 3 ചെറിയ ഷെഡ് മാത്രമായിരുന്നു. കഴിഞ്ഞ വർഷം മണിക്കൂറുകളോളം പൊരിവെയിലത്തു നിൽക്കേണ്ടിവന്ന തീർഥാടകരിൽ പലരും തളർന്നു വീണു. ഇതിനു പരിഹാരമായി  4 ചെറിയ ഷെഡ് നിർമിക്കാൻ പദ്ധതിയിട്ടു. പണി പൂർത്തിയാക്കിയതായി മന്ത്രി പ്രഖ്യാപിച്ച ശേഷമാണ് പണി തുടങ്ങിയത്.

2 ഷെഡിന്റെ പണി പുരോഗമിക്കുന്നു. ഇരുമ്പുതൂൺ നാട്ടി അതിനു മുകളിൽ മേൽക്കൂര ഉണ്ടാക്കുന്ന പണിയാണ് നടക്കുന്നത്. രണ്ട് എണ്ണത്തിന്റെ അടിത്തറയുടെ കുഴി എടുത്തിട്ടേയുള്ളു. പമ്പയിൽ എത്തുന്ന തീർഥാടകർക്കു വിശ്രമിക്കാൻ മണൽപുറത്ത് നേരത്തെ രാമമൂർത്തി മണ്ഡപം ഉണ്ടായിരുന്നു. 2018ലെ മഹാപ്രളയത്തിൽ ഇത് ഒലിച്ചുപോയി.അതിനു പകരം 20,000 ചതുരശ്ര അടി വിസ്തൃതിയുള്ള ജർമൻ പന്തൽ നിർമിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 23 ലക്ഷം രൂപയാണ് ചെലവ്. പണി തുടങ്ങിയിട്ടില്ല.

പണികളേറെ ബാക്കി
സന്നിധാനത്ത് ഏതാനും ദേവസ്വം കെട്ടിടങ്ങളുടെ പെയ്ന്റിങ് ജോലികളും അരവണ തയാറാക്കുന്നതും അല്ലാതെ  വലിയ ഒരുക്കങ്ങൾ കാണാനില്ല. സന്നിധാനം ശബരി ഗെസ്റ്റ്ഹൗസ് (1.51 കോടി), പമ്പ ഗെസ്റ്റ് ഹൗസ് (ഒരു കോടി), സ്റ്റാഫ് ക്വാർട്ടേഴ്സ് (74 ലക്ഷം) എന്നിവ നവീകരിച്ചതായി ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും പ്രഖ്യാപനം നടത്തിയെങ്കിലും തീർഥാടകർക്കും ജീവനക്കാർക്കും താമസിക്കാവുന്ന രീതിയിലായിട്ടില്ല. 30 ശതമാനം ജോലികൾ  തീരാനുണ്ട്. 

ശബരിമല സന്നിധാനത്ത് തിരക്കു കൂടുമ്പോൾ പമ്പയിൽ തടഞ്ഞു നിർത്തുന്ന തീർഥാടകർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ മണപ്പുറത്ത് ഷെഡ് നിർമിക്കുന്നു. ഇതിന്റെ പണി പൂർത്തിയായതായി ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയതാണ്.
ശബരിമല സന്നിധാനത്ത് തിരക്കു കൂടുമ്പോൾ പമ്പയിൽ തടഞ്ഞു നിർത്തുന്ന തീർഥാടകർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ മണപ്പുറത്ത് ഷെഡ് നിർമിക്കുന്നു. ഇതിന്റെ പണി പൂർത്തിയായതായി ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയതാണ്.

വേഗം വേണം, ജോലികൾക്ക്
പതിനെട്ടാംപടിയുടെ ഹൈ‍ഡ്രോളിക് മേൽക്കൂരയ്ക്ക് ഉള്ളിലേക്ക് മഴത്തുള്ളിൽ വീഴാതിരിക്കാൻ അലങ്കാരമായി പിച്ചളയിൽ നിർമിച്ച തൂവാനം പിടിപ്പിക്കുന്ന പണി നടക്കുന്നുണ്ട്. എന്നാൽ ഹൈ‍ഡ്രോളിക് മേൽക്കൂരയുടെ രണ്ട് തൂണ് പതിനെട്ടാംപടിയിൽ നിൽക്കുന്ന പൊലീസുകാർക്ക് തടസ്സം ഉണ്ടാക്കുന്നതായുള്ള പരാതിക്കു പരിഹാരമായി പുതിയ ക്രമീകരണത്തിന്റെ പണി നടക്കുന്നതേയുള്ളു.

മാസം 8നു ട്രയൽ റൺ ഉണ്ടാകുമെന്നാണു കരുതുന്നത്. ശ്രീകോവിലിനു മുൻപിൽ ഭക്തർ ദർശനത്തിനായി നിൽക്കുന്ന ഭാഗത്തെ ദാരുശിൽപങ്ങൾ മിനുക്കിയെടുത്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസ് പണികൾക്കായി പൊളിച്ചിട്ടിരിക്കുന്നു, തീർന്നിട്ടില്ല.

English Summary:

Despite record revenue from the Sabarimala pilgrimage, devotees face hardships due to incomplete infrastructure projects and a lack of basic amenities. This article highlights the plight of pilgrims and questions the utilization of funds by the Devaswom Board and Kerala government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com