പതിനെട്ടാംപടി കയറ്റാൻ പൊലീസിന് ഇരിപ്പിടം: പരീക്ഷണം വിജയം
Mail This Article
ശബരിമല ∙ പൊലീസുകാർക്ക് പതിനെട്ടാംപടിയുടെ വശത്തെ കൈവരിയുടെ ഭാഗത്ത് ഇരുന്നുകൊണ്ട് തീർഥാടകരെ പടി കയറ്റിക്കുന്നതിനുള്ള ക്രമീകരണമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധന തൃപ്തികരമായി പൂർത്തിയാക്കി. നേരത്തെ പതിനെട്ടാംപടിയുടെ വശത്തു നിന്നുകൊണ്ടാണ് പൊലീസുകാർ തീർഥാടകരെ പടി കയറാൻ സഹായിച്ചിരുന്നത്. ഭിത്തിയോടു ചേർന്ന ഭാഗത്ത് ഇരുന്ന് തീർഥാടകരെ കയറ്റിവിടാൻ, ഇരുമ്പിൽ നിർമിച്ച താൽക്കാലിക സംവിധാനമാണ് ഒരുക്കിയത്. ആവശ്യമില്ലാത്തപ്പോൾ എടുത്തുമാറ്റാവുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പതിനെട്ടാംപടിയിലെ ഹൈഡ്രോളിക് മേൽക്കൂര താങ്ങിനിർത്താൻ ആറാമത്തെ പടിയുടെ സമീപത്ത് ഇരുവശത്തുമായി നിർമിച്ച കൽത്തൂണുകൾ പൊലീസുകാർക്കു നിൽക്കാൻ തടസ്സം ഉണ്ടാക്കുന്നു എന്ന പരാതിയെ തുടർന്നാണു ശിൽപി ചെങ്ങന്നൂർ സ്വദേശി മഹേഷ് പണിക്കരുടെ നേതൃത്വത്തിൽ പുതിയ ക്രമീകരണം ഒരുക്കിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, ദേവസ്വം മരാമത്ത് അസി. എൻജിനീയർ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി പരിശോധന നടന്നത്.