ഒഴുകാനിടമില്ല, തിരുവല്ല മുങ്ങി: കടകളിൽ വെള്ളം കയറി; എട്ടു വീടുകളിലും
Mail This Article
തിരുവല്ല∙ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴയിൽ തിരുവല്ല നഗരത്തിലെ പല കടകളിലും വെള്ളം കയറി.വൈഎംസിഎ ജംക്‌ഷനും സമീപം ഓടകൾ കവിഞ്ഞ് ഒഴുകി സമീപ കടകളിൽ വെള്ളം കയറി.കുരിശു കവലയ്ക്ക് സമീപവും ദീപ ജംക്‌ഷനിലും കടകളിൽ വെള്ളം കയറുകയും റോഡിൽ മണിക്കൂറുകളോളം വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്തു. നഗരത്തിലെ ഓവുചാലുകൾ എല്ലാം അടഞ്ഞ നിലയിലാണ്.
ശക്തമായ മഴയിൽ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നു. ഓടകൾ വൃത്തിയാക്കാൻ നടപടിയില്ല.പുഷ്പഗിരി റെയിൽവേ ഗേറ്റിനു സമീപം എട്ടു വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ടിൽ വീട്ടിൽ ഒറ്റപ്പെട്ടു പോയ കട്ടത്തറ പൊന്നമ്മയെ അഗ്നി രക്ഷാ സേന രക്ഷിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എൻ.ആർ. ശശികുമാർ ഉദ്യോഗസ്ഥരായ സണ്ണി, അശോക്, ജി.കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
സെമിത്തേരിയുടെ മതിൽക്കെട്ട് ഇടിഞ്ഞു
തിരുവല്ല ∙ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്ന് പള്ളി സെമിത്തേരിയുടെ മതിൽക്കെട്ട് ഇടിഞ്ഞ് റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് സമീപത്തേക്ക് വീണു. ആർക്കും പരുക്കില്ല.തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ സെമിത്തേരിയുടെ പിൻവശത്തെ 10 മീറ്ററോളം വരുന്ന മതിൽക്കെട്ടാണ് ഇടിഞ്ഞ് വീണത്.
ആ മതിൽ പാതി വീണു
തിരുവല്ല ∙ ഇന്നലെ ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിൽ കെഎസ്ആർടിസി ടെർമിനലിനു പുറകുവശത്തെ മതിൽ ഇടിഞ്ഞുവീണു. പകുതി ഭാഗം ഇടിഞ്ഞുവീണ മതിലിന്റെ ബാക്കി പകുതി എപ്പോഴും വീഴാവുന്ന സ്ഥിതിയിലാണ്. ഒപ്പം കെഎസ്ആർടിസി വളപ്പിൽ നിൽക്കുന്ന മാവും. മതിലും മാവും വീണാൽ പുറകിലുള്ള 3 വീടുകളുടെ മുകളിലേക്കാകും വീഴുക. 20 വർഷങ്ങൾക്കു മുൻപ് കെഎസ്ആർടിസി നിർമിച്ച മതിലാണിത്. മതിലിന്റെ വശത്തായി 20 അടിയോളം താഴ്ചയിലാണ് ചിറപ്പുരയിടത്തിൽ തങ്കമ്മ, രാജേഷ്, സരസ്വതി എന്നിവരുടെ വീട്. ഇതിൽ സരസ്വതിയുടെ വീട് ലൈഫ് ഭവന പദ്ധതിയിൽ നിർമാണം അവസാന ഘട്ടത്തിലാണ്.
മതിലിന്റെ ഒരു ഭാഗം വീണത് തങ്കമ്മയുടെ വീടിന്റെ പിൻവശത്താണ്. അടുക്കളവാതിലിനോടു ചേർന്ന് കല്ലും മണ്ണും കൂടിക്കിടക്കുകയാണ്. കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ ജീവനക്കാരനായ രാജേഷിന്റെ വീടിന്റെ പിറകിലുള്ള മതിലാണ് അപകടാവസ്ഥയിലുള്ളത്. ഇവിടെയാണ് വലിയ മാവും നിൽക്കുന്നത്. മാവും മതിലും വീണാൽ രാജേഷിന്റെ വീടിന്റെ പിന്നിലുള്ള കാർഷെഡിന്റെ മുകളിലേക്കാകും വീഴുക. കെഎസ്ആർടിസി ടെർമിനൽ നിർമിച്ച സമയത്ത് പാഴ് സാധനങ്ങൾ ഇട്ടത് ഈ ഭാഗത്താണെന്നു സമീപവാസികൾ പറഞ്ഞു. അന്നു തന്നെ മതിൽ വിണ്ടു കീറിയ നിലയിലാണ്. പല പ്രാവശ്യം അപകടാവസ്ഥയെക്കുറിച്ച് അധികൃതരോട് പരാതി അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
തിരുവല്ല കെഎസ്ആർടിസി ടെർമിനലിൽ ഒറ്റ മഴയിൽ വെള്ളക്കെട്ട്
തിരുവല്ല ∙ ഒരു മണിക്കൂർ മഴ പെയ്തപ്പോഴേക്കും വെള്ളത്തിൽ മുങ്ങി കെഎസ്ആർടിസി ടെർമിനൽ. എവിടെ ബസ് നിർത്തിയാലും യാത്രക്കാർക്ക് ഇറങ്ങാനും കയറാനും വെള്ളത്തിൽ കൂടി പോകേണ്ട സ്ഥിതിയാണ്. ഓയിലും കരിയും ഡീസലും ചെളിയും കലർന്ന് മലിനമായ വെള്ളത്തിൽ ചവിട്ടി നടന്നാൽ അസുഖം വരാനുള്ള സാധ്യതയുണ്ട്.
നഗരത്തിലെ ഉയർന്ന സ്ഥലത്താണ് കെഎസ്ആർടിസി ടെർമിനൽ സ്ഥിതി ചെയ്യുന്നതെങ്കിലും ബസ് ബേയുള്ള ഭാഗം താഴ്ന്നുകിടക്കുകയാണ്. മഴ പെയ്താൽ ഈ ഭാഗത്തു നിന്നു വെള്ളം ഒഴുകിപ്പോകുന്നതിനു വഴിയില്ല. വശങ്ങളിൽ ഓട പണിതിട്ടുണ്ടെങ്കിലും വെള്ളം ഇതുവഴി കാര്യമായി ഒഴുകാറില്ല. ബസ് ബേ ഭാഗത്ത് ഇട്ടിരിക്കുന്ന പൂട്ടുകട്ടകൾ മിക്കതും ഇളകിയ നിലയിലാണ്. ഇതുകാരണം വെള്ളം പല സ്ഥലത്തും കുഴി നിറഞ്ഞു കിടക്കുകയാണ്.