ആരും ചോദിക്കാനില്ലാത്ത പെൺകുട്ടിയുടെ, ഇല്ലാതാകുമായിരുന്ന കേസ്; പക്ഷേ ചോദിക്കാൻ ആളുണ്ടായിരുന്നു...
Mail This Article
പത്തനംതിട്ട ∙തമിഴ്‌നാട് സ്വദേശിയായ അഞ്ചവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയെ കുടുക്കിയത് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ അന്വേഷണം. അന്നത്തെ എസ്എച്ച്ഒ ആയിരുന്ന ഇൻസ്പെക്ടർ ബിനീഷ് ലാൽ അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു. അന്നത്തെ ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ ഉടനടി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മലയാലപ്പുഴ എസ്എച്ച്ഒ മനോജ് കുമാർ, വിമൻ സെൽ ഇൻസ്‌പെക്ടർ ലീലാമ്മ, പത്തനംതിട്ട എസ്ഐമാരായിരുന്ന സഞ്ജു ജോസഫ്, എസ്.സവിരാജൻ, സന്തോഷ്, എഎസ്ഐമാരായ സന്തോഷ്, ആൻസി, സിപിഒ അരുൺ ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
‘ആരും ചോദിക്കാനില്ലാത്ത പെൺകുട്ടിയുടെ, എങ്ങുമെത്താതെ ഇല്ലാതായേക്കാവുന്ന ഒരു കേസായിരുന്നു ഇത്. എന്നാൽ ആ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി അന്നത്തെ ഡിവൈഎസ്പി പ്രദീപ് കുമാറടക്കം മുന്നിട്ടിറങ്ങുകയായിരുന്നു’ – കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. നവീൻ എം.ഈശോ പറയുന്നു.2021 ഏപ്രിൽ 5ന് ആണ് കേസിന് ആസ്പദമായ സംഭവം. ലഹരിക്കടിപ്പെട്ട പ്രതി പെൺകുട്ടിയെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കിയാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മയും രണ്ടാനച്ഛനായ അലക്സ് പാണ്ട്യനും തൊഴിൽതേടിയാണ് കുമ്പഴയിലെത്തിയത്. വാടകവീട്ടിൽ താമസമായ ശേഷം കുട്ടിയുടെ അമ്മ തന്റെ ആദ്യവിവാഹത്തിലെ രണ്ടു മക്കളിൽ മൂത്തകുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നു. കുട്ടിയുടെ അമ്മ അടുത്ത വീടുകളിൽ പണിക്കു പോകുമ്പോൾ മകളെ അലക്സിനെ ഏൽപിക്കും. കുട്ടി കൂടെയുള്ളത് അലക്സിന് ഇഷ്ടമായിരുന്നില്ല. കുട്ടിയുടെ പിതാവിനോടുള്ള വിരോധവും കൊലപാതകത്തിന് കാരണമായി. തമിഴ്നാട്ടിൽവച്ചും ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു.
പിഴത്തുകയുടെ പകുതി കുട്ടിയുടെ മാതാവിന്
കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് വധശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. ദേഹോപദ്രവം ഏൽപിച്ചതിന് വിവിധ വകുപ്പുകളിലായി 8 വർഷം കഠിനതടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും, പോക്സോ 4, 3 വകുപ്പു പ്രകാരമുള്ള കുറ്റകൃത്യത്തിന് 25 വർഷം കഠിന തടവും 75000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും അനുഭവിക്കണം. പോക്സോ നിയമത്തിലെ 6, 5(l), 5(m), 5(n), 5(p) എന്നീ വകുപ്പുകൾ അനുസരിച്ച് 20 കൊല്ലം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക കഠിന തടവും അനുഭവിക്കണം. ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ഒരു വർഷത്തെ കഠിനതടവും 50, 000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക കഠിന തടവും അനുഭവിക്കണം. വധശിക്ഷ ഒഴികെ വിധിന്യായത്തിൽ പറയുന്ന ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുകയുടെ പകുതി കുട്ടിയുടെ മാതാവിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ശിക്ഷയിലേക്ക് എത്തിച്ചത് കഠിനാധ്വാനവും അർപ്പണവും
പത്തനംതിട്ട ∙ തമിഴ്‌നാട് സ്വദേശിയായ 5 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ മാതൃകാപരമായ ശിക്ഷയിലേക്ക് എത്തിച്ചതിനു പിന്നിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. നവീൻ എം.ഈശോയുടെ കഠിനാധ്വാനവും അർപ്പണവും. കോവിഡ്കാലത്ത് നടന്ന ക്രൂരകൊലപാതകത്തിന് ഇരയായ പെൺകുട്ടിയുടെ മുഖം മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കുട്ടിക്ക് നീതി ലഭിക്കുന്നതുവരെ പോരാടണമെന്നുമുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയമാണ് ഇന്ന് ഫലംകണ്ടിരിക്കുന്നത്.38–ാമത്തെ വയസ്സിലാണ് നവീൻ എം.ഈശോ മലയാലപ്പുഴ വെടിവയ്പ് കേസിന്റെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയിൽ വരുന്നത്. 2002ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം . 2013ൽ ആണ് ഈ കേസിന്റെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാകുന്നത്. വാസുക്കുട്ടി കൊലപാതകം, മൈലപ്ര കൊലപാതകം, വകയാറിലെ കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ
പത്തനംതിട്ട ∙ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്നാട് വിരുതുനഗർ ശിവകാശി തളുക്കുപെട്ടി സ്വദേശി അലക്സ് പാണ്ഡ്യനെയാണ് (26) പത്തനംതിട്ട അഡിഷനൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി (1) ജഡ്ജി എസ്.ജയകുമാർ ജോൺ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷ കൂടാതെ വിവിധ വകുപ്പുകളിലായി 134 വർഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും വിധിച്ചു.
2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിൽ വച്ചായിരുന്നു ദാരുണമായ കൊലപാതകം. കുട്ടിയുടെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കത്തിവച്ച് മുറിവേൽപ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവമേൽപിക്കൽ, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
വധശിക്ഷ ഒഴികെ വിധിന്യായത്തിൽ പറയുന്ന ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുകയുടെ പകുതി കുട്ടിയുടെ മാതാവിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ നവീൻ എം.ഈശോ ഹാജരായി. പത്തനംതിട്ട ഡിവൈഎസ്പിയായിരുന്ന പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്നത്തെ എസ്എച്ച്ഒ കെ.വി.ബിൻഷ്‌ലാൽ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.